ന്യൂഡല്‍ഹി: ചിലരുടെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള കൊളീജിയം സംവിധാനം പാളം തെറ്റിക്കരുതെന്ന് സുപ്രീം കോടതി. ഏറ്റവും സുതാര്യമായ സ്ഥാപനങ്ങളിലൊന്നാണു സുപ്രീം കോടതിയെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യറിയിലെ ഭിന്നതകള്‍ക്കും ഭരണഘടനാ കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്ന സമ്പ്രദായത്തെച്ചൊല്ലി ജുഡീഷ്യറിയും സര്‍ക്കാരുമായുള്ള തര്ക്കത്തിനുമിടയിലാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. കൊളീജിയം സംവിധാനത്തെക്കുറിച്ച്, അതില്‍ ഒരിക്കല്‍ അംഗങ്ങളായിരുന്ന മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പറഞ്ഞതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.
”അവര്‍ (മുന്‍ ജഡ്ജിമാര്‍) കൊളീജിയത്തിന്റെ ഭാഗമായിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് (കൊളജീയത്തിന്റെ) അഭിപ്രായം പറയുക എന്നത് ഇപ്പോളൊരു ഫാഷനായി മാറിയിരിക്കുന്നു. അവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ഞങ്ങള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല,” ജസ്റ്റിസുമാരായ എം ആര് ഷായും സി ടി രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ചില ജഡ്ജിമാരെ പരമോന്നത കോടതിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനമെടുത്ത 2018 ഡിസംബര്‍ 12 ലെ സുപ്രീം കോടതി കൊളീജിയം യോഗത്തിന്റെ അജണ്ട ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
യോഗത്തിലെ തീരുമാനങ്ങള്‍ സുപ്രീം കോടതിയുടെ വെബ്സൈറ്റിെല് അപലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ടതായിരുന്നുവെന്നു 2018 ല്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ഭാഗമായ മുന്‍ ജഡ്ജി ജസ്റ്റിസ് എം ബി ലോകൂര്‍ പറഞ്ഞതായി അഞ്ജലി ഭരദ്വാജിനു വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി.
2018 ഡിസംബര്‍ 12ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസുമാരായ എം ബി ലോകൂര്‍, എ കെ സിക്രി, എസ് എ ബോബ്ഡെ, എന്‍ വി രമണ (എല്ലാവരും വിരമിച്ചു) എന്നിവരടങ്ങുന്ന കൊളീജിയം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമനവും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും സ്ഥലംമാറ്റത്തിനുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ചും ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. എന്നാല്‍ ആ പ്രമേയങ്ങള്‍ സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ല.
2019 ജനുവരി 10 ന്, ജസ്റ്റിസ് ലോകൂര്‍ വിരമിച്ചതിനെത്തുടര്‍ന്നുള്ള പുതിയ കൊളീജിയം, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുടെ സ്ഥാനക്കയറ്റം കേന്ദ്രത്തിനോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനമെടുത്തു. മുമ്പ് നിര്‍ദേശിച്ച 2018 ഡിസംബര്‍ 12-ലെ ശിപാര്‍ശകള്‍ പുതിയതായി പരിശോധിക്കാന്‍ തീരുമാനിച്ചതിനാല്‍ അന്തിമരൂപം നല്‍കാനായില്ല. ജനുവരി 10 ന് ചേര്‍ന്ന യോഗത്തില്‍, ലഭ്യമായ അധിക വസ്തുതകളുടെ വെളിച്ചത്തില്‍ മുന്‍ നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ കൊളീജിയം തീരുമാനിച്ചു.
2018 ഡിസംബര്‍ 12-ലെ കൊളീജിയം യോഗവുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക രേഖകള്‍ മാത്രമാണു ഹര്‍ജിക്കാരി ആവശ്യപ്പെടുന്നതെന്ന് ഉദ്ദിഷ്ട സംഭവങ്ങളുടെ ക്രമം വിവരിച്ച ഭൂഷണ് ബെഞ്ചിനോട് പറഞ്ഞു. ‘കൊളീജിയത്തിന്റെ തീരുമാനം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നതാണ് ഇവിടുത്തെ ചോദ്യം. 2019 ജനുവരി 10 ന് നടന്ന യോഗത്തില്‍ 2018 ഡിസംബര്‍ 12 ന് എടുത്ത തീരുമാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2018 ലെ യോഗത്തിലെ തീരുമാനങ്ങള്‍ ‘വാക്കാല്‍’ ആയിരുന്നുവെന്നും രേഖാമൂലമുള്ളതായിരുന്നില്ലെന്നും ഇെതിനോട് പ്രതികരിച്ച് ബെഞ്ച് പറഞ്ഞു. എന്നാല്‍ അത് രേഖാമൂലമുള്ള തീരുമാനമല്ല, വാക്കാലുള്ളതാണെന്ന് എവിടെയാണ് പറഞ്ഞതെന്നു ഭൂഷണ് ചോദിച്ചു.
മുഖ്യ വിവരാവകാശ കമ്മിഷണര്‍മാരുടെയും ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍മാരുടെയും ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച മറ്റൊരു കേസില്‍, നിയമന പ്രക്രിയയില്‍ ആവശ്യമായ സുതാര്യതയെക്കുറിച്ച് ഈ കോടതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
”ഒരു പ്രത്യേക കൊളീജിയം യോഗത്തില്‍ എന്ത് തീരുമാനങ്ങളാണ് എടുത്തതെന്ന് അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അര്‍ഹതയില്ലേ?’ 2018 ഡിസംബര്‍ 12ലെ തീരുമാനം രേഖാമൂലമുള്ളതല്ലെന്ന് സുപ്രീം കോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറയട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിവരാവകാശ നിയമത്തില്‍നിന്ന് മുക്തമാണോയെന്നു ചോദിച്ച അദ്ദേഹം, വിവരാവകാശ നിയമം മൗലികാവകാശമാണെന്ന് ഊന്നിപ്പറഞ്ഞു. ഹര്‍ജി വിധി പറയാനായി മാറ്റി.