/indian-express-malayalam/media/media_files/2025/02/11/rMCUQyUndKLNlS83axXe.jpg)
ചിത്രം: എക്സ്
ബിജാപൂർ: ഛത്തീസ്ഗഡിൽ നടന്ന സുയുക്ത മാവോയിസ്റ്റ് ഓപ്പറേഷൻ പൂർത്തിയാക്കാൻ സുരക്ഷാ സേന മറികടന്നത് നിരവധി പ്രതിസന്ധികൾ. കാൽനടയായി 48 മണിക്കൂറുകൊണ്ട് 60 കിലോമീറ്ററിലധികം ദൂരം താണ്ടിയാണ് ഉൾവനത്തിൽ കുന്നിനു മുകളിലായി നിലയുറപ്പിച്ച മാവോയിസ്റ്റ് സംഘത്തെ സുരക്ഷാ സേന വളഞ്ഞത്.
45 ഓളം മാവോയിസ്റ്റുകളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വെടിവയ്പ്പിൽ 11 സ്ത്രീകൾ ഉൾപ്പെടെ 31 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഞായറാഴ്ച ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടകളിൽ ഒന്നായിരുന്നു ഇത്.
നിരവധി മാവോയിസ്റ്റ് ഓപ്പറേഷനുകളിൽ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന്, ബിജാപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ് ഹെഡ് കോൺസ്റ്റബിൾ നരേഷ് ദ്രുവ്, സെപെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കോൺസ്റ്റബിൾ ബാസിത് റാവ്‌തെ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉൾവനത്തിൽ മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ഡിആർജി, എസ്ടിഎഫ്, ബസ്തർ ഫൈറ്റേഴ്‌സ് തുടങ്ങി സംസ്ഥാനതല സേനകളിൽ നിന്നുള്ള അംഗങ്ങൾ സുയുക്തമായി ഓപ്പറേഷനു പങ്കെടുത്തു.
പ്രദേശത്ത് ഫോർവേഡ് ബേസ് ക്യാമ്പുകൾ ഇല്ലാതിരുന്നതാണ് സുരക്ഷാ സേന നേരിട്ട പ്രധാന വെല്ലുവിളിയെന്ന്, ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി പറഞ്ഞു. 'ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് ഏകദേശം 30-35 കിലോമീറ്റർ ദൂരെയാണ് പൊലീസ് ക്യാമ്പുള്ളത്. അതുകൊണ്ടു തന്നെ ബേസ് ക്യാമ്പുകൾ ഇല്ലാതിരുന്നത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു.
അത്യാധുനീക തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും ഉൾപ്പെടെ വലിയ ആയുധ ശേഖരംതന്നെ പ്രദേശത്തുനിന്ന് സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ 47 റൈഫിൾ, മൂന്ന് മാഗസിൻ, 56 വെടിയുണ്ടകൾ, രണ്ട് എസ്എൽആർ റൈഫിൾ, ഒരു ഇൻസാസ് റൈഫിൾ, കൈത്തോക്കുകൾ, ബോർ റൈഫിളുകൾ, ആറ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ (ബിജിഎൽ), 14 ഷെല്ലുകൾ, നാല് മസിൽ ലോഡിംഗ് റൈഫിളുകൾ, ഒമ്പത് ഐഇഡികൾ തുടങ്ങിയവ സൈന്യം കണ്ടെടുത്തു.
കൊല്ലപ്പെട്ട 31 മാവോയിസ്റ്റുകളിൽ അഞ്ച് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉദ്ദോഗസ്ഥൻ അറിയിച്ചു. നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ, മാവോയിസ്റ്റ് ഗ്രൂപ്പ് വെസ്റ്റ് ബസ്തർ ഡിവിഷൻ സെക്രട്ടറി ഹംഗ കർമ്മയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
- സ്റ്റീൽ,അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താന് യുഎസ്
- വീണ്ടും കൂപ്പു കുത്തി രൂപ; ഡോളറിന് എതിരെ 45 പൈസയുടെ ഇടിവ്
- ആരാകും ഡൽഹി മുഖ്യമന്ത്രി?; ബിജെപി സസ്പെന്സ് തുടരുന്നു
- മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലേക്കോ...?
- മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.