/indian-express-malayalam/media/media_files/uploads/2020/03/coronavirus-india-21-day-lockdown-essential-services-home-delivery-356199.jpg)
ന്യൂഡൽഹി: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം. മുനിസിപ്പാലിറ്റി പരിധിക്കുള്ളിലും പുറത്തും തിരഞ്ഞെടുത്ത കടകൾക്ക് പ്രവർത്തിക്കുന്നതിന് അനുമതി നൽകി കേന്ദ്രം വെള്ളിയാഴ്ച അർധരാത്രി ഉത്തരവിറക്കി. ഹോട്ട്സ്‌പോട്ടുകൾക്കും കോവിഡ് ബാധിത പ്രദേശങ്ങൾക്കും ഇത് ബാധകമല്ല. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും.
ഏപ്രിൽ 15ലെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. റെസിഡൻഷ്യൽ ഏരിയയിലുള്ള കടകൾക്കും ഗ്രാമപ്രദേശങ്ങളിലുള്ള മാർക്കറ്റ് കോംപ്ലക്സുകൾക്കും തുറന്ന് പ്രവർത്തിക്കാം. അതേസമയം, ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, മദ്യശാലകൾ എന്നിവ അടഞ്ഞ് തന്നെ കിടക്കും. അവശ്യ സാധനങ്ങളല്ലാത്തവയും ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ ഉത്തരവ്.
Also Read: കോവിഡ്-19: ആഗോള തലത്തിൽ രോഗ ബാധിതർ 28 ലക്ഷം, അമേരിക്കയിൽ മാത്രം മരണസംഖ്യ അരലക്ഷം കടന്നു
കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് വിലയിരുത്താൻ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്. അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നാല് സംഘമെത്തി സാഹചര്യം വിലയിരുത്തും.
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും വലിയ വർധനവാണ് ഇന്നലെ ഉണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം. 1752 കോവിഡ് കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 23,452 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് കണ്ടെത്തിയത്. 723 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 4,813 പേർക്ക് രോഗം ഭേദമായി.
Also Read: കോവിഡ്-19: പിപിഇ കിറ്റിന്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് ഡോക്ടർമാർ; അന്വേഷണത്തിന് നിർദേശം
ആഗോള തലത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തുടരുകയാണ്. ഇതുവരെ ലോകത്ത് 28 ലക്ഷത്തിലധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൃത്യമായി പറഞ്ഞാൽ 2801065 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ 195218 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 775986 പേർക്ക് രോഗം ഭേദമായതായും കണക്കുകൾ വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.