/indian-express-malayalam/media/media_files/99fnMhKo3LFRmihnpeXb.jpg)
ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകർ വഴി അന്വേഷണ സംഘത്തെ അറിയിച്ചുവെന്നായിരുന്നു പ്രജ്വൽ രേവണ്ണ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചത്
ബെഗളൂരു: കർണാടകയിൽ ലൈംഗികാതിക്രമക്കേസിൽ പ്രതിസ്ഥാനത്തുള്ള ജെഡിഎസ് എംപി പ്രജ്വല് രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നയതന്ത്ര പൊലീസ് ചാനലുകൾ ഉപയോഗിച്ച് പ്രജ്വലിനെ നാട്ടിലെത്തിക്കുന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. അതേ സമയം ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അഭിഭാഷകർ വഴി അന്വേഷണ സംഘത്തെ അറിയിച്ചുവെന്നായിരുന്നു പ്രജ്വൽ രേവണ്ണ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചത്.
ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരാകാൻ ഏഴു ദിവസത്തെ സമയം ആവശ്യപ്പെട്ടതായുള്ള പ്രജ്വലിന്റെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചത്. പീഢനത്തിന് ഇരയായ സ്ത്രീകളിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും എസ്ഐടി ഇന്നലെ നോട്ടീസ് നൽകിയിരുന്നു. 24 മണിക്കൂറിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.
ഏപ്രിൽ 28 ന് നിരവധി ഇരകൾ തനിക്കെതിരെ പരാതിയുമായി എത്തിയതിനെ തുടർന്ന് പ്രജ്വൽ രാജ്യം വിട്ടെന്ന് സിദ്ധരാമയ്യ കത്തിൽ പറഞ്ഞു. “ആസന്നമായ പോലീസ് കേസും അറസ്റ്റും മനസ്സിലാക്കി, കുറ്റാരോപിതനായ പാർലമെന്റ് അംഗവും ലോക്സഭയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ. , രാജ്യം വിട്ട് ഏപ്രിൽ 27 ന് വിദേശത്തേക്ക് പോയി. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് അദ്ദേഹം വിദേശ യാത്ര ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് അറിയുന്നത്, ”കത്തിൽ പറയുന്നു.
രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടുന്നതിന് അദ്ദേഹത്തെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത് അത്യന്താപേക്ഷിതമാണ്, സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനും ഇന്ത്യാ ഗവൺമെന്റിന്റെ നയതന്ത്ര, പോലീസ് ചാനലുകളെയും അന്താരാഷ്ട്ര പോലീസ് ഏജൻസികളെയും ഉപയോഗിച്ച് പ്രജ്വലിനെ രാജ്യത്ത് എത്തിക്കാനുള്ള മറ്റ് നടപടികൾ കൈക്കൊള്ളാനും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.
കത്തയച്ചതിന് പിന്നാലെ പ്രജ്വലിനെ രാജ്യം വിടാൻ കേന്ദ്രസർക്കാർ സഹായിച്ചെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “വിദേശത്തേക്ക് പറക്കാൻ, ആരാണ് പാസ്‌പോർട്ട് നൽകുന്നത്? ആരാണ് വിസ നൽകുന്നത്? കേന്ദ്രത്തിന്റെ അറിവില്ലാതെയാണോ അദ്ദേഹം പോയത്... ബിജെപി സ്ത്രീപക്ഷത്താണ് നിൽക്കുന്നതെങ്കിൽ ഇതെല്ലാം അറിഞ്ഞിട്ടും എന്തിനാണ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയതെന്നും സിദ്ധരാമയ്യ ചോദിച്ചു.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയുടെ മകനുമാണ് പ്രജ്വൽ രേവണ്ണ. വീഡിയോ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രജ്വൽ രേവണ്ണയെ പാർട്ടി സസ്‌പെൻഡ് ചെയ്തതുവെന്നും എസ്ഐടി അന്വേഷണം പൂർത്തിയാകുന്നതുവരെയാകും സസ്പെൻഷന്റെ കാലാവധിയെന്നും മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ എച്ച് ഡി കുമാരസ്വാമി ഇന്നലെ വ്യക്തമാക്കിയിരുന്നു. ലൈംഗികാതിക്രമ കേസിൽ പ്രജ്വലിന്റെ പങ്ക് തെളിയിക്കപ്പെട്ടാൽ അയാൾ പിന്നീട് പാർട്ടിയിൽ ഉണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ജെഡിഎസ് പീഡനത്തിന് ഇരയായ സ്ത്രീകൾക്കൊപ്പമാണെന്നും കുമാരസ്വാമി പറഞ്ഞു.
അതേ സമയം വിഷയം കേസിലേക്കെത്തുന്നത് മുന്നിൽക്കണ്ട് പ്രജ്വൽ രാജ്യം വിട്ട് ജർമ്മനിയിലേക്ക് പോയെന്നാണ് സൂചന. മറ്റ് ഇരകളുടെ അനുഭവം വിവരിക്കുന്ന ഓൺലൈൻ ക്ലിപ്പുകൾ കണ്ടതിന് ശേഷമാണ് രേവണ്ണയുടെയും മകൻ പ്രജ്വലിന്റേയും പേരിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരിയായ സ്ത്രീ ഹോളനരസിപുര പൊലീസിനോട് പറഞ്ഞു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് പരാതിയിൽ അവർ ആരോപിക്കുന്നു.
Read More
- ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
- ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
- മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
- 'കൈയ്യടിക്കാനും പാത്രം കൊട്ടാനുമൊക്കെ പറയും' ; ഇനി മോദി കരയുമെന്നും രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.