/indian-express-malayalam/media/media_files/2025/08/21/cji1-2025-08-21-09-53-40.jpg)
ചീഫ് ജസ്‌റ്റിസ് ബിആർ ഗവായി
ന്യൂഡൽഹി: ഗവർണർമാരുടെ ഇഷ്‍ടത്തിനനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് പ്രവർത്തിക്കേണ്ടി വരുമോ എന്ന നിർണായക ചോദ്യം കേന്ദ്രത്തോട് ചോദിച്ച് സുപ്രീം കോടതി. ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർമാർക്ക് അവയെ അസാധുവാക്കാൻ കഴിയുമോ എന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഏറെക്കാലമായി പല സംസ്ഥാനങ്ങളിലും ഗവർണർ-സർക്കാർ പോര് തുടർക്കഥയാവുന്നതിന് ഇടയിലാണ് സുപ്രീം കോടതിയുടെ ചോദ്യം.
Also Read:ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ
ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം അംഗീകാരത്തിനായി സമർപ്പിച്ച ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകാതിരുന്നാൽ അവ അസാധുവാകുമെന്ന കേന്ദ്രത്തിന്റെ വാദം ചീഫ് ജസ്‌റ്റിസ് ബിആർ ഗവായി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിഭാഷകൻ കനു അഗർവാളുമാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.
'തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെക്കാൾ വലിയ അധികാരം ഗവർണർമാർക്ക് നൽകിയിരിക്കുകയാണോ? ഈ രീതിയിൽ ഗവർണർമാർ ബില്ലുകൾ തടഞ്ഞാൽ, ഭൂരിപക്ഷമുള്ള സർക്കാരുകൾ ഗവർണറുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടി വരും' ചീഫ് ജസ്‌റ്റിസ് ഗവായി മേത്തയുടെ 200-ാം അനുച്ഛേദത്തിന്റെ വ്യാഖ്യാനത്തെ ചോദ്യം ചെയ്‌തു. ബില്ലുകൾക്ക് അനുമതി നൽകാതിരിക്കാനുള്ള ഗവർണറുടെ അധികാരം അപൂർവ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് മേത്ത മറുപടി നൽകി.
Also Read:പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം
രാജ്യത്തിന്റെ ജനാധിപത്യപരമായ ഇച്ഛയെ ഇല്ലാതാക്കുന്നതോ, മൗലികാവകാശങ്ങൾ ലംഘിക്കുന്നതോ, നിലവിലുള്ള കേന്ദ്ര നിയമത്തിന് വിരുദ്ധമായതോ ആയ സാഹചര്യങ്ങളിൽ മാത്രമാണ് ഈ അധികാരം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു വ്യാഖ്യാനം ഭരണഘടനാ നിർമ്മാതാക്കളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
'ഗവർണർമാരും പ്രവിശ്യാ സർക്കാരുകളും തമ്മിൽ ഐക്യം ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. ഗവർണർമാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കുമെന്നും പറഞ്ഞിരുന്നു. ഗവർണറും സംസ്ഥാനവും തമ്മിൽ ഐക്യം ഉണ്ടാകുമെന്ന് അവർ പറഞ്ഞ കാഴ്‌ചപ്പാട് നമ്മൾ പാലിച്ചിട്ടുണ്ടോ?' എന്നും ജസ്‌റ്റിസ് ഗവായ് ചോദിച്ചു.
Also Read:ലിപുലേഖ ചുരം വഴിയുള്ള വ്യാപരത്തിലെ നേപ്പാളിന്റെ എതിർപ്പ് തള്ളി ഇന്ത്യ
തമിഴ്‌നാട്, കേരളം, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് വാദം കേൾക്കൽ. ഗവർണർമാർ ദീർഘകാലം ബില്ലുകൾ അംഗീകരിക്കാതെ മനപൂർവം വൈകിക്കുന്നതായാണ് ആരോപണം.
Read More: ജയിലിലായ മന്ത്രിമാരെ പുറത്താക്കാനുള്ള ബില്ലിനെച്ചൊല്ലി ലോക്‌സഭയിൽ കൈയ്യാങ്കളി; ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.