/indian-express-malayalam/media/media_files/uploads/2019/10/chandrachud.jpg)
ന്യൂഡൽഹി: വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നതു ജനാധിപത്യവിരുദ്ധമാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി.വെെ.ചന്ദ്രചൂഢ്. "വിയോജിക്കുന്നവരെ രാജ്യദ്രോഹികളും ജനാധിപത്യ വിരുദ്ധരും ആക്കുന്നത് ജനാധിപത്യത്തിന്റെ ഹൃദയത്തിലേൽക്കുന്ന ആഘാതമാണ്" ചന്ദ്രചൂഢ് പറഞ്ഞു. ഗുജറാത്ത് ഹെെക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read Also: ശശി തരൂരിന്റെ മാനനഷ്‌ടക്കേസ്: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് നേരിട്ടു ഹാജരാകണമെന്ന് കോടതി
"എതിർ സ്വരങ്ങളും വിയോജിപ്പുകളും ജനാധിപത്യത്തിന്റെ 'സുരക്ഷാ വാൽവുകളാണ്'. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ വികസനത്തിനും സാമൂഹ്യ ഏകോപനത്തിനുമുള്ള ഉപകരണമാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നിയന്ത്രിക്കാനല്ല തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ചെയ്യേണ്ടത്. മറിച്ച് അത്തരം അഭിപ്രായ വ്യത്യാസങ്ങളെയും വിയോജിപ്പുകളെയും സ്വാഗതം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിയമാനുസൃതവും സമാധാനപരവുമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയല്ല ഭരണകൂടം ചെയ്യേണ്ടത്" ചന്ദ്രചൂഢ് പറഞ്ഞു.
Read Also: നോ കിസ്..നോ കിസ്; രസകരമായ ട്രെയ്‌ലറുമായി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’
എതിർപ്പുകൾ ഉന്നയിക്കാനും ചോദ്യം ചെയ്യാനുമുള്ള ഇടങ്ങൾ ഇല്ലാതാക്കുന്നത് വികസനരാഷ്ട്രീയത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനം ഇല്ലാതാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിയോജിപ്പുകളെ അടിച്ചമർത്തുകയോ നിശബ്ദമാക്കുകയോ ചെയ്യുന്നത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള വലിയ വെല്ലുവിളിയാണ്. വിയോജിപ്പിനെ സംരക്ഷിക്കുക എന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുമ്പോഴാണ് സുപ്രീം കോടതി ജഡ്‌ജിയുടെ പരാമർശം. രാജ്യത്തിന്റെ പലയിടത്തായി പ്രതിഷേധിക്കുന്നവരെ ചില ബിജെപി നേതാക്കൾ രാജ്യദ്രോഹികളായി ചിത്രീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ അടക്കം പ്രതിഷേധിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.