/indian-express-malayalam/media/media_files/uploads/2020/09/Rajnath-Singh-India-china-border-issue.jpg)
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ചർച്ചകളിലൂടെ സമാവയത്തിലെത്താൻ ചൈനയുടെ ശ്രമം. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി ചർച്ചയ്ക്ക് തയാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രി അറിയിച്ചു. പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിനായി ഇരുവരും മോസ്കോയിലുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച രാജ്നാഥ് സിങ്ങിനെ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെൻഗെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
ചൈനീസ് ക്ഷണത്തോട് ഇന്ത്യ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയവൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ സാനിധ്യം ശക്തമാക്കിയിട്ടുണ്ട്. മോസ്കോയിലെ ഇന്ത്യ, ചൈന എംബസികൾ ഇന്ന് തന്നെ ചർച്ചയ്ക്കുള്ള സമയം നിശ്ചയിക്കും.
എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്‌നം പരിഹരിക്കാനുള്ള മുന്നോട്ടുള്ള വഴി ചർച്ചകളാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. അതിർത്തി മേഖലകളിലെ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളുടെ ഭാഗമാണ് നാല് മാസത്തോളമായി കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിലുണ്ടായ സാഹചര്യങ്ങളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
“നാല് മാസമായി (കിഴക്കൻ ലഡാക്കിൽ) ഞങ്ങൾ കണ്ട സാഹചര്യം, ചൈനയിൽ നിന്നുള്ള, സ്ഥിതിഗതികളിൽ ഏകപക്ഷീയമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ നേരിട്ടുള്ള ഫലമാണ്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പക്ഷവുമായി ആത്മാർത്ഥമായി ഇടപെടാൻ ഞങ്ങൾ ചൈനയോട് ശക്തമായി അഭ്യർത്ഥിക്കുന്നു,” മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഓഗസ്റ്റ് 29, 30 തീയതികളിൽ കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപമുള്ള മേഖലയിൽ ചൈനീസ് സൈന്യം നടത്തിയ “പ്രകോപനപരമായ സൈനിക നീക്കങ്ങൾ” തടഞ്ഞതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി ചർച്ച നടക്കാനിരിക്കെ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) “പ്രകോപനപരമായ പ്രവർത്തന” ത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് ശ്രമങ്ങളെത്തുടർന്ന്, ഇന്ത്യൻ സൈന്യം പാങ്കോങ് മേഖലയിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ സാന്നിധ്യം ശക്തമാക്കി.
Also Read: ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കുതിച്ചുകയറ്റം
ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ, ചൈനീസ് ബ്രിഗേഡ് കമാൻഡർമാരുടെ യോഗങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്നിരുന്നു. പ്രശ്നങ്ങൾ രേഖപ്പെടുത്തിയ പാങ്കോങ് ത്സോയിലും റെസാങ് ലയ്ക്ക് സമീപമുള്ള റെചിൻ ലെയിലും ഇന്ത്യൻ സൈനികർ നിയന്ത്രണം നേടിയിട്ടുണ്ട്.
സ്ഥിതി വിലയിരുത്താന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ എം.എം. നരവാനെ വ്യാഴാഴ്ച ലേയിലെത്തി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയയും കിഴക്കന്‍ എയര്‍കമാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ സൈനിക സംവിധാനം വിലയിരുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.