ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയില്‍ ഇടിവ് ഉണ്ടായിട്ടും ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഈ വര്‍ഷം ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ 31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ കാലയളവില്‍ 7.29 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് ഇന്ത്യ നടത്തിയത്.
അതേസമയം, 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ മൊത്തം കയറ്റുമതി നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ കാണിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 5.57 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ചൈനയിലേക്ക് നടന്നത്. അതേസമയം, ഈ വര്‍ഷം ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 29.99 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 107.14 ബില്ല്യണ്‍ ഡോളറുണ്ടായിരുന്ന കയറ്റുമതി ഈ വര്‍ഷം 75.01 ആയി കുറഞ്ഞു.
2007-08-നുശേഷം ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നത് 2020-21 ഏപ്രില്‍-ജൂലൈ മാസങ്ങളിലാണ്.
Read Also: Dream11 IPL 2020: ഡ്രീം11-ലും ചൈനീസ് ബന്ധം ഒഴിയുന്നില്ല, കൂടെ ധന നഷ്ടവും
ഈ മുന്നേറ്റം കാരണം, ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ ചൈനയിലേക്കുള്ള പങ്കും വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.2 ശതമാനമായിരുന്നത് 9.71 ശതമാനമായി വര്‍ദ്ധിച്ചു.
എല്ലാ വര്‍ഷവും ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ചെറിയ തോതില്‍ വര്‍ദ്ധിക്കുന്നുവെങ്കിലും ഈ വര്‍ഷം കുത്തനെ വര്‍ദ്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ചൈനയ്ക്കായിരുന്നു. 16.94 ശതമാനമുള്ള യുഎസും 9.21 ശതമാനമുള്ള യുഎഇയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
എന്നാല്‍, 2020 ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ കയറ്റുമതിയില്‍ കുത്തനെയുള്ള വളര്‍ച്ച ഉണ്ടായതിന് പ്രത്യേക കാരണമൊന്നും കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ, നേരത്തെ ലഭിച്ച ഓര്‍ഡറുകള്‍ കോവിഡ്-19 ലോക്ക്ഡൗണിനുശേഷം കയറ്റുമതി ചെയ്തത് ആകാം.
മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ 2020 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ തടസ്സപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യയില്‍ രോഗം വ്യാപിച്ചു തുടങ്ങിയത് മാര്‍ച്ച് 24-ന് ആരംഭിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നാണ്.
ഈ വര്‍ഷം ജനുവരിയിലും ചൈനയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേമാസത്തേക്കാള്‍ 23.15 ശതമാനം വര്‍ദ്ധനവുണ്ടായി. അതേസമയം, തുടര്‍ന്നുള്ള മൂന്ന് മാസങ്ങളില്‍ കയറ്റുമതി കുറഞ്ഞു. ഇതിന് പിന്നാലെയാണ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുതിച്ചു കയറ്റം ഉണ്ടായത്.
Read in English: Despite slump, exports to China jump 31% to $7.29 billion in April-July