ന്യൂഡൽഹി: അതിർത്തി മേഖലകളിലെ തൽസ്ഥിതി മാറ്റുന്നതിനായുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളുടെ ഭാഗമാണ് കഴിഞ്ഞ നാല് മാസത്തോളമായി കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിലുണ്ടായ സാഹചര്യങ്ങളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്‌നം പരിഹരിക്കാനുള്ള മുന്നോട്ടുള്ള വഴി ചർച്ചകളാണെന്നും മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
“കഴിഞ്ഞ നാല് മാസമായി (കിഴക്കൻ ലഡാക്കിൽ) ഞങ്ങൾ കണ്ട സാഹചര്യം, ചൈനയിൽ നിന്നുള്ള, സ്ഥിതിഗതികളിൽ ഏകപക്ഷീയമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ നേരിട്ടുള്ള ഫലമാണ്. അതിർത്തി പ്രദേശങ്ങളിൽ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പക്ഷവുമായി ആത്മാർത്ഥമായി ഇടപെടാൻ ഞങ്ങൾ ചൈനയോട് ശക്തമായി അഭ്യർത്ഥിക്കുന്നു,” അദ്ദേഹം ഒരു ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read More: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: നാലാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല
ഓഗസ്റ്റ് 29, 30 തീയതികളിൽ കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപമുള്ള മേഖലയിൽ ചൈനീസ് സൈന്യം നടത്തിയ “പ്രകോപനപരമായ സൈനിക നീക്കങ്ങൾ” തടഞ്ഞതായി ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു.
സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിനായി ചർച്ച നടക്കാനിരിക്കേയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) “പ്രകോപനപരമായ പ്രവർത്തന” ത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീവാസ്തവ പറഞ്ഞു.
ചൈനീസ് ശ്രമങ്ങളെത്തുടർന്ന്, ഇന്ത്യൻ സൈന്യം പാങ്കോംഗ്മേഖലയിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ സാന്നിധ്യം ശക്തമാക്കി.
Read More: ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കുതിച്ചുകയറ്റം
സെപ്റ്റംബർ 10 ന് നടക്കുന്ന ഷാങ്ങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ മോസ്കോയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയായി ശ്രീവാസ്തവ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൈനയും ഇന്ത്യയും ഉൾപ്പെടുന്ന എട്ട് രാജ്യങ്ങളുടെ പ്രാദേശിക സഖ്യമാണ് ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ).
ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ, ചൈനീസ് ബ്രിഗേഡ് കമാൻഡർമാരുടെ യോഗങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്നിരുന്നു. പ്രശ്നങ്ങൾ രേഖപ്പെടുത്തിയ പാങ്കോംഗ് ത്സോയിലും റെസാങ് ലയ്ക്ക് സമീപമുള്ള റെചിൻ ലയിലും ഇന്ത്യൻ സൈനികർ നിയന്ത്രണം നേടിയിട്ടുണ്ട്.