/indian-express-malayalam/media/media_files/gkcZajaJrIhcgfTNrdmC.jpg)
ചിത്രം: കോമൾ
ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൻ്റെ അനാട്ടമി ഡിപ്പാർട്ട്മെൻ്റിനു പുറത്ത്, ഒരു ഭിത്തിയിൽ ഗവേഷണ പഠനങ്ങൾക്കായി ശരീരം ദാനം ചെയ്ത വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നതു കാണാം. മുൻ ഒളിമ്പ്യനായ അജ്മീർ സിംഗും, 1986 ലെ പാൻആം വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടപ്പോൾ യാത്രക്കാരെ രക്ഷിക്കുകയും അവസാനം വെടിയേറ്റ് മരണത്തിനു കീഴടങ്ങുകയും ചെയ്ത് എയർഹോസ്റ്റസ് നീരജാ ഭാനോട്ടിൻ്റെ അമ്മ രമാ ഭനോട്ടും അതിൽ ഉൾപ്പെടുന്നു. ഗവേഷണങ്ങൾക്കായി ഉപയോഗിച്ച്, മികച്ച പരിശീലനം നേടി കൂടുതൽ ജീവനുകൾ രക്ഷിക്കുന്നതിനു വേണ്ടി ശവസംസ്കാര ചടങ്ങുകൾ പോലും ഉപേക്ഷിച്ച് മെഡിസിൻ പഠിതാക്കൾക്കായി തങ്ങളുടെ മൃതദേഹം വിട്ടു നൽകിയവരോടുള്ള ആദര സൂചകമായിട്ട് 'മെമ്മറി ലെയിൻ' എന്നാണ് ഡോക്ടേഴ്സ് അതിനെ വിളിക്കുന്നത്.
ഇത് കണ്ട് തൻ്റെ 77-ാം ജന്മദിനത്തിൽ അക്കാദമിക് പ്രൊഫസറായ ദിന നാഥ് ജൗഹറും, അദ്ദേഹത്തിൻ്റെ ഭാര്യയും, സഹോദരനും, സുഹൃത്തും ഗവേഷണത്തിനായി തങ്ങളുടെ ശരീരം വിട്ടു നൽകാൻ തീരുമാനിച്ചു. "എനിക്കു സ്വയം നൽകാൻ കഴിയുന്ന, സമൂഹത്തിന് തിരികെ നൽകാൻ സാധിക്കുന്ന ഏറ്റവും മികച്ച് സമ്മാനമാണിത്," എന്ന് അദ്ദേഹം പറയുന്നു.
പിജിഐഎംഇആർ അവയവദാനത്തെ സംബന്ധിച്ച് നടത്തിയ ബോധവൽക്കരണ ക്യാംപെയിനിലൂടെ ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുല എന്നിവിടങ്ങളിൽ നിന്നുള്ള 4,700 പേർ ഗവേഷണത്തിനായി തങ്ങളുടെ ശരീരം വിട്ടുനൽകുന്നതിന് സമ്മതം അറിയിച്ചു. ഇത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഗവേഷണ പഠനങ്ങൾക്കായുള്ള മൃതദേഹങ്ങളുടെ ലഭ്യത കുറവ് പരിഹരിക്കാൻ ഏറെ ഉപകരിക്കും. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് കുടുംബങ്ങളാണ് ദഹിപ്പിക്കുന്നതിനു പകരം മൃതദേഹം പഠനത്തിനായി ദാനം ചെയ്തത്. അംതേശ്വർ സന്ധുവും ആയിഷ സന്ധുവും തങ്ങളുടെ പിതാവും 72 കാരനായ മേജർ ആദേശ് പാൽ സിംഗ് സന്ധുവിൻ്റെ ശരീരവും, 82 കാരനായ ഭഗവന്ത് വിർക്കിൻ്റെ ശരീരം അദ്ദേഹത്തിൻ്റെ മക്കളും കൈമാറി.
മെഡിക്കൽ കോളേജുകൾക്ക് എന്തിനാണ് ശവശരീരം?
പാർട്ടിയിലെ മുതിർന്ന നേതാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി ഡൽഹിയിലെ ഓൾ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) ദാനം ചെയ്തതു മുതൽ മൃതദേഹ ദാനം ശ്രദ്ധാകേന്ദമായിരിക്കുന്നു. ശസ്ത്രക്രിയ, ശരീരഘടനാപരമായ പരിശീലനം എന്നിവയ്ക്ക് മൃതദേഹങ്ങൾ അവശ്യമാണ്. ഇവയുടെ ലഭ്യത കുറവു മൂലം സിന്തറ്റിക്ക് കൊണ്ടുള്ള ഡമ്മികളിലാണ് മെഡിക്കൽ വിദ്യാർത്ഥികൾ പരിശീലനം നടത്തുന്നത്. ഡല്‍ഹിയിലെ എയിംസിൽ പോലും മുൻ ഡോക്ടർമാരാണ് ശരീരദാനത്തിന് തയ്യാറാവുന്നത്. വളരെ കുറച്ച് കുടുംബങ്ങളാണ് രോഗികളുടെ ശരീരം ദാനം ചെയ്യുന്നതിന് സമ്മതം അറിയിക്കാറുള്ളത്.
മൃതദേഹങ്ങളുടെ ആവശ്യം മുൻകാലങ്ങളിലേതിനേക്കാൾ ഇപ്പോൾ ഏറി വരുകയാണ്. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ വികസിച്ചു കൊണ്ടിരിക്കുകയാണ്. അവ രോഗിയിൽ ഉപയോഗിക്കുന്നതിനു മുമ്പ് പരീക്ഷിച്ചു നോക്കേണ്ടതുണ്ട്. മനുഷ്യ ശരീര ഘടനയോട് ഏറ്റവും അടുത്ത് നിൽക്കുന്നത് മൃതദേഹങ്ങളാണ്. അത് സർജന് അല്ലെങ്കിൽ ഡോക്ടർക്ക് യഥാർത്ഥ അനുഭവമാണ് നൽകുന്നതെന്ന് എയിംസിലെ ജഡ് പ്രകാശ് നാരായൺ ട്രോമ സെൻ്റർ ചീഫായ പ്രൊഫ. കാമ്രാൻ ഫാറൂഖ് പറയുന്നു.
ദാനം ചെയ്ത മൃതദേഹങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്ന ഒരു ദേശീയ രജിസ്ട്രിയുമില്ല. ചണ്ഡീഗഢിലെയും, ഡൽഹിലേയും മെഡിക്കൽ കോളേജുകളിൽ ഇന്ത്യൻ എക്സ്പ്രസ് ഇതു സംബന്ധിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇങ്ങനെയാണ്:
ചണ്ഡീഗഢിലെ പിജിഐഎംഇആറിലേക്ക് പ്രതിവർഷം 25 മുതൽ 30 വരെ മൃതദേഹങ്ങൾ ഇങ്ങനെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 70 മൃതദേഹങ്ങൾ സ്ഥാപനത്തിന് ലഭിച്ചതായി എയിംസിലെ അനാട്ടമി വിഭാഗം പ്രൊഫസർ ഡോ.റിമ ദാദ പറഞ്ഞു. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡല്‍ഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിനും അതിൻ്റെ അനുബന്ധ സ്ഥാപനമായ വർധമാൻ മഹാവീർ മെഡിക്കൽ കോളേജിനും (വിഎംസിസി) അഞ്ച് വർഷത്തിനുള്ളിൽ 24 ദാതാക്കളുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
ഡല്‍ഹിയിലെ തന്നെ റാം മനോഹർ ലോഹിയ (ആർഎംഎൽ) ആശുപത്രിക്കും അതുമായി ബന്ധപ്പെട്ട അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനും (എബിവിഐഎംഎസ്) 2019-ൽ എംബിബിഎസ് കോഴ്‌സ് ആരംഭിച്ചതുമുതൽ 18 ശവശരീരങ്ങൾ ലഭിച്ചു. 18-ൽ 10 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ അല്ലെങ്കിൽ ആർഎംഎൽ ആശുപത്രിയിലേയ്ക്ക് എത്തിച്ചേരുന്നതിനു മുമ്പായി വഴിയിൽ വെച്ച് മരിച്ചതോ ആയ രോഗികളുടേതാണ്.
ബോധവൽക്കരണ ക്യാംപെയിനുകൾ എങ്ങനെ ഫലപ്രദമാകുന്നു
സാധാരണക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് പിജിഐഎംഇആറിൻ്റെ ക്യാംപെയിൻ വിജയകരമാകുന്നതിൻ്റെ പിന്നിൽ. പല വ്യക്തികളും തങ്ങളുടെ ശരീരം ഇങ്ങനെ ദാനം ചെയ്യാൻ സമ്മതം അറിയിച്ചാലും പിന്നീട് അവരുടെ കുടുംബവും ബന്ധുക്കളും ഇതു സംബന്ധിച്ച് ഒന്നും അറിയിച്ചിട്ടില്ലെന്നോ പറഞ്ഞിട്ടില്ലെന്നോ അവകാശപ്പെടാറുണ്ട്. മറ്റു ചിലർക്ക് ഇതിൻ്റെ പ്രക്രിയകൾ വളരെ അസ്വസ്ഥാജനകമായിരിക്കും. അതിനാൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടാൻ ഏറെ സമയമെടുക്കും.
മരണപ്പെട്ട് മൂന്ന് മുതൽ അഞ്ച് മണിക്കൂറിനുള്ളിൽ മൃതദേഹം അനാട്ടമി വിഭാഗത്തിന് കൈമാറേണ്ടതാണ്. ആ കാലതാമസം ഒഴിവാക്കാനാണ് ജീവിച്ചിരിക്കുമ്പോൾ ഒരു വിൽപത്രം തയ്യാറാക്കാനും കുടുംബാംഗങ്ങളിൽ അതു സംബന്ധിച്ച് അവബോധമുണ്ടാക്കാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ഞങ്ങളുടെ മെഡിക്കൽ കോളേജോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട പഠന സ്ഥാപനങ്ങളോ അകലയാണെങ്കിൽ മൃതദേഹം മോർച്ചറിയിലോ ഐസ് സ്ലാബുകളിലോ സൂക്ഷിക്കാൻ അവരോട് ആവശ്യപ്പെടാറുണ്ട് എന്ന് പിജിഐഎംആറിലെ അനാട്ടമി വിഭാഗം കൺസൾട്ടൻ്റ് പറയുന്നു.
മൃതദേഹങ്ങളുടെ ലഭ്യതക്കുറവിന് കാരണമെന്താണ്?
സാംക്രമിക വൈറൽ രോഗങ്ങളല്ലാതെ വിട്ടുമാറാത്ത മറ്റ് രോഗങ്ങൾ, പ്രായം, മറ്റ് ആഘാതങ്ങൾ എന്നിവയാൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മാത്രമേ ആശുപത്രികൾ സ്വീകരിക്കുകയുള്ളൂ. അതിനാൽ കൊറോണ സമയങ്ങളിൽ മൃതദേഹ ദാനത്തിൽ കുറവ് കണ്ടിരുന്നു. "അണുബാധ സാധ്യതകൾ കണക്കിലെടുത്ത് 2020ലും 2021ലും മൃതദേഹ ദാനങ്ങൾ സംഭവിച്ചിട്ടില്ല." എന്ന് എബിവിഐഎംഎസിലെ അനാട്ടമി പ്രൊഫസർ ഡോ. ബിദ്യ റാണി പറയുന്നു.
നഴ്‌സുമാരും ഡോക്ടർമാരും അവരുടെയും കുടുംബാംഗങ്ങളുടെയും ശരീരം ദാനം ചെയ്യുന്നതിന് സമ്മതം അറിയിക്കാറുണ്ടെങ്കിലും രോഗികളുടെയും അവരുടെ കുടുംബാംഗങ്ങൾക്കിടയിലും ഇത് സംബന്ധിച്ച് കൂടുതൽ അവബോധം ആവശ്യമാണ്.
"ചിലർക്കെങ്കിലും താൽപ്പര്യം ഉണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ അടുത്തിടെ തൻ്റെ ശരീരം ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിരുന്നു. കൂടുതൽ ആളുകൾ പതുക്കെ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു" ഡോ. ബിന്ദ്യ പറഞ്ഞു.
അവയവയദാനത്തെ കുറച്ച് നിരന്തരമായി നടത്തപ്പെടുന്ന ക്യാംപെയ്നുകളാണ് ആളുകൾക്കിടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ മാറ്റാന്‍ സഹായിച്ചതെന്ന് വിഎംഎംസിയിലെയും സഫ്ദർജംഗ് ആശുപത്രിയിലെയും അനാട്ടമി മേധാവി ഡോ വന്ദന മേത്ത പറയുന്നു. ദാതാക്കളിൽ ചിലർ സമൂഹത്തിലെ മധ്യവർഗക്കാരും സമ്പന്നരുമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ മെഡിക്കൽ കോളേജുകളുടെ ആവശ്യകത കണക്കിലെടുത്താൽ ഈ എണ്ണം പോലും വളരെ കുറവാണ്.
മൃതദേഹങ്ങൾ മുതിർന്ന ഡോക്ടർമാരെ എങ്ങനെ സഹായിക്കുന്നു?
മെഡിക്കൽ വിദ്യാർത്ഥികളും റസിഡൻ്റ് ഡോക്ടർമാരും മാത്രമല്ല, എംസിഎച്ച് ബിരുദം ചെയ്യുന്ന ഡോക്ടർമാരും ശാസ്ത്രജ്ഞരും മൃതദേഹങ്ങൾ ഉപയോഗിക്കുന്നു. അവയവങ്ങൾ പുറത്തെടുക്കുന്നതിനും അവ തിരികെ വെയ്ക്കുവാനും റെസിഡൻ്റ് ഡോക്ടർമാരെ പഠിപ്പിക്കുന്നതിന് ഇവ ഉപയോഗിക്കാറുണ്ട്. ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ്ക്ക് നിർണായകമായ പരിശീലനമാണിതെന്ന് എയിംസിലെ കാർഡിയോ തൊറാസിക് വാസ്കുലർ സർജറി വിഭാഗം പ്രൊഫസർ വിജയ് ദേവഗൗരു പറയുന്നു.
"ബൈപാസ് സർജറിയിൽ മാമ്മറി ആർട്ടറിയിൽ ചെയ്യുന്നതു പോലെ വളരെ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ നടത്തുന്നതിന് വിദ്യർത്ഥികളെ ഞങ്ങൾ പഠിപ്പിക്കുന്നുണ്ട്. വളരെ നിർണായകമായ ഒരു നടപടിക്രമമാണിത്. അതിനാൽ നേരിട്ട് ചെയ്യുന്നതിനു മുമ്പ് ശരിയായ പരിശീലനം ആവശ്യമാണ്" അദ്ദേഹം പറയുന്നു.
"ആഴത്തിലുള്ള ശസ്ത്രക്രിയകൾ പരിശീലിക്കുന്നതിന് മൃതദേഹങ്ങൾ അനിവാര്യമാണ്. പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ കാൻസർ ഇതര വളർച്ചയായ പിറ്റ്യൂട്ടറി അഡിനോമയിൽ ഓപ്പറേഷൻ ചെയ്യുന്നതെങ്ങനെയെന്ന് മൃതദേഹത്തിൻ്റെ സഹായത്തോടെ ഞങ്ങൾ വിദ്യർത്ഥികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ യഥാർത്ഥ ശസ്ത്രക്രിയക്ക് ഇടയിൽ ഉണ്ടാകാവുന്ന ഏത് സങ്കീണതയും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറാവുന്നു. ട്യൂമർ സർജറികൾ നടത്തുമ്പോൾ ധമനികൾക്കും സിരകൾക്കും ഉണ്ടാകാൻ സാധ്യതയുള്ള കേടുപാടുകൾ എങ്ങനെ ഒഴിവാക്കാം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു" സഫ്ദർജംഗ് ആശുപത്രിയിലെയും വിഎംഎംസി കോളേജിലെയും ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. കെ. ബി. ശങ്കർ പറയുന്നു.
മിനിമലി ഇൻവേസിവ്, കീഹോൾ സർജറികൾ ഉൾപ്പെടെയുള്ള പുതിയ ശസ്ത്രക്രിയകൾ പഠിക്കാൻ മൃതദേഹത്തിൽ പരിശീലനം ചെയ്യേണ്ടത് അനിവാര്യമാണ്. "അവർ കൂടുതൽ പരിശീലനം നൽകുമ്പോൾ, ഡോക്ടർ കൂടുതൽ ആത്മവിശ്വാസം നേടുകയും സങ്കീർണ്ണതകൾ എളുപ്പത്തിൽ മറികടക്കുകയും ചെയ്യും" എന്ന് ന്യൂറോ സർജറിയിൽ എംസിഎച്ച് പ്രോഗ്രാം പൂർത്തിയാക്കിയ മുൻ എയിംസ് വിദ്യാർത്ഥി ഡോ സൗരഭ് കുമാർ പറയുന്നു.
ട്രോമ ഇൻഡ്യൂസ്ട് ആയിട്ടുള്ള പുനർനിർമ്മാണ ശസ്ത്രക്രിയയ്ക്ക് മൃതദേഹങ്ങൾ തികച്ചും അനിവാര്യമാണ്. “എല്ലുകൾ, പേശികൾ, ത്വക്ക് ഫ്ലാപ്പുകൾ എന്നിവ എങ്ങനെ മാറ്റിസ്ഥാപിക്കണമെന്ന് ഞങ്ങൾ റെസിഡൻഡ് ഡോക്ടർമാരെ പഠിപ്പിക്കുന്നു. ധമനികളും സിരകളും തമ്മിൽ വേർതിരിച്ചറിയാൻ ഞങ്ങൾ ശവശരീരത്തിൻ്റെ കഴുത്തിൽ ഒരു സിലിക്കൺ ഡൈ ഇടാറുണ്ട്. ഒരു സിന്തറ്റിക് ഡമ്മിയിൽ ചെയ്യാൻ സാധിക്കില്ല ” എന്ന് പ്ലാസ്റ്റിക് സർജറിയിലെ ശവശരീരങ്ങളുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് എയിംസിലെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഡോ മനീഷ് സിംഗാൾ പറയുന്നു.
അതുകൊണ്ടാണ്, ഡോ.ഭീംറാവു അംബേദ്കർ സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. ജൗഹറിർ തൻ്റെ ശരീരം ദാനം ചെയ്യാൻ തീരുമാനിച്ചത്. “എൻ്റെ അധ്യാപനം സാധ്യമായത് മറ്റ് ആളുകളുടെ പ്രയത്നം കൊണ്ട് ലഭ്യമായ പാഠവവും, വിഭവങ്ങളും ഉപയോഗിക്കാൻ സാധിച്ചതു കൊണ്ടാണ്. ഞാൻ ഇത്രയധികം പ്രയോജനപ്പെടുത്തിയ ലോകത്തിന് എന്തെങ്കിലും തിരികെ നൽകുന്നതാണ് അതിൻ്റെ ന്യായം" അദ്ദേഹം പറയുന്നു.
Read More
- നാടകീയ രംഗങ്ങൾ; എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും
- സീതാറാം യെച്ചൂരിക്ക് അവസാന യാത്രയപ്പ് നൽകി രാജ്യം; ഭൗതികശരീരം എംയിസിന് കൈമാറി
- എന്റെ ശരീരം മുഴുവൻ ഞാൻ ദാനം ചെയ്തിരിക്കുകയാണ്; വെളിപ്പെടുത്തി മോഹൻലാൽ, Bigg Bossmalayalam 6
- പാവങ്ങളുടെ കിഡ്നികൾ നോട്ടമിട്ട് ധനികർ; അറിയാം അപ്പോളോ ആശുപത്രിയിലെ ക്യാഷ് ഫോർ കിഡ്നി റാക്കറ്റിനെക്കുറിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.