/indian-express-malayalam/media/media_files/2024/11/18/SoEsaCQM9QuMUginrn8k.jpg)
ബിരേൻ സിങ്
ഇംഫാൽ: മണിപ്പൂരിലെ കലാപാന്തരീക്ഷം സംസ്ഥാന സർക്കാരിന്റെ ഭരണപരാജയമെന്ന് ആരോപണമുയരുന്നതിനിടെ ഭരണകക്ഷി എംഎൽഎമാരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി ബിരേൻ സിങ്. ഇംഫാലിൽ വൈകിട്ട് ആറ് മണിക്കാണ് യോഗം.
ബിജെപി എംഎൽഎമാർക്ക് പുറമെ സഖ്യകക്ഷികളായ എൻപിഎഫ്, ജെഡിയു തുടങ്ങിയ പാർട്ടികളുടെ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ബിരേൻ സിങ് നയിക്കുന്ന സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് സഖ്യകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
കലാപം കത്തിനിൽക്കുന്നതിനിടെ സഖ്യകക്ഷികളിലൊന്ന് പിന്തുണ പിൻവലിച്ചത് ബിരേൻ സിങ് സർക്കാരിന് രാഷ്ട്രീയമായി വലിയ കനത്തതിരിച്ചടിയാണ്. കലാപം അടിച്ചമർത്തുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. ഏഴ് അംഗങ്ങളുടെ പിന്തുണയാണ് എൻപിപി പിൻമാറിയതോടെ സർക്കാരിന് നഷ്ടമായത്. 60 അംഗ നിയമസഭയിൽ 37 സീറ്റുകളുള്ള ബിജെപിക്ക് കണക്കുകളുടെ കാര്യത്തിൽ ഇത് ഒരു തരത്തിലും ഭീഷണിയല്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഒട്ടും ഗുണകരവുമല്ല. കൂടുതൽ സഖ്യകക്ഷികൾ പിന്തുണ പിൻവലിക്കുമോ എന്ന പേടിയും മുഖ്യമന്ത്രി ബിരേൻ സിങ്ങിനുണ്ട്.
കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ മൂന്നെണ്ണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച മണിപ്പൂരിലെ സാഹചര്യം വിലയിരുത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗവും ചേർന്നു. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക്ക തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സാഹചര്യം അതിസങ്കീർണമായതോടെ ഇംഫാലിന്റെ വിവിധ ഭാഗങ്ങളിലും കർഫ്യൂ ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങൾ തുടരുകയാണ്. ഇംഫാൽ താഴ്വരയിൽ എംഎൽഎമാരുടേതടക്കം നിരവധി വീടുകൾ തകർത്തു. ഞായറാഴ്ച രാത്രി മുഴുവൻ ആൾക്കൂട്ട ആക്രമണങ്ങളും തീവെപ്പും തുടർന്നു.
പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കൊന്തൗജത്തിന്റെയടക്കം 13 ബിജെപി, കോൺഗ്രസ് എംഎൽഎമാരുടെ വീടുകളാണ് തകർക്കപ്പെട്ടതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസങ്ങളിലും സമാനായ സംഭവങ്ങളാണുണ്ടായത്. ആരോഗ്യമന്ത്രി സപം രഞ്ജന്റെയും പൊതുവിതര മന്ത്രി എൽ സുശീന്ദ്രോ സിങ്ങി്‌നറേയും വീട്ടിലേക്ക് ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ കുടുംബവീടിന് നേരെയും ആക്രമണമുണ്ടായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.