/indian-express-malayalam/media/media_files/2025/06/06/6p3SCj14VF1mdM3Npvnv.jpg)
എക്സ്‌പ്രസ് ഫൊട്ടോ
Bengaluru Stampede Case: ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിന് ഒത്തുകൂടിയവർ തിക്കിലും തിരക്കിലും കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) ഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. കെഎസ്‌സിഎ ഭാരവാഹികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കരുതെന്ന് ജസ്റ്റിസ് എസ്. ആർ കൃഷ്ണ കുമാർ ഉത്തരവിട്ടു.
കെഎസ്‌സിഎ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. ഹർജിക്കാർ അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടതിയുടെ അധികാരപരിധിയിൽ നിന്ന് പുറത്തുപോകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read: ബെംഗളൂരു അപകടം; ആർസിബി ഭാരവാഹികൾ അറസ്റ്റിൽ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി), ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കെഎസ്‌സിഎ എന്നിവയ്‌ക്കെതിരെ ബെംഗളൂരു പൊലീസ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് അസോസിയേഷൻ പ്രസിഡന്റ് രഘു റാം ഭട്ടും മറ്റു ഭാരവാഹികളും കോടതിയെ സമീപിച്ചത്.
Also Read: ബെംഗളൂരു അപകടം; ശ്രദ്ധിക്കേണ്ടത് സർക്കാരെന്ന് ബി.സി.സി.ഐ.; സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി
സംഭവത്തിൽ സംഘാടർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വ്യാഴാഴ്ച മുതൽ കെഎസ്‌സിഎ ഉദ്യോഗസ്ഥർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ ആർസിബിയുടെയും ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെയും ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിരുന്നു.
Also Read:ബെംഗളൂരു അപകടം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. അൻപതിലേറെ പേരാണ് പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. 35000 ആളുകളെ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം ആളുകളാണ്.
Read More: ബെംഗളൂരു അപകടം; ആർസിബിക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.