/indian-express-malayalam/media/media_files/uploads/2020/09/Prof.-Akthar-Ayodhya-masjid-design.jpg)
ന്യൂഡല്‍ഹി: തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിനു പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളി സമുച്ചയം രൂപകല്‍പ്പന ചെയ്യുക ജാമിയ മില്ലിയ ഇസ്ലാമിയ വാസ്തുവിദ്യാ വിഭാഗം ഡീന്‍ പ്രൊഫ. എസ്എം അക്തര്‍. സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കറില്‍ പള്ളിക്കൊപ്പം ആശുപത്രി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉയരും.
ബാബറി മസ്ജിദ്-രാമജന്മഭൂമി കേസില്‍ സുപ്രീം കോടതി തീര്‍പ്പിനെത്തുടര്‍ന്ന് ധന്നിപൂര്‍ ഗ്രാമത്തിലാണ് ഉത്തർപ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിനു അഞ്ചേക്കര്‍ അനുവദിച്ചിരിക്കുന്നത്. പകരമായി ലഭിച്ച ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിസമുച്ചയം പ്രൊഫ. എസ്എം അക്തര്‍ രൂപകല്‍പ്പന ചെയ്യുമെന്ന് ജാമിയ പിആര്‍ഒ അഹമ്മദ് അസീം പറഞ്ഞു.
സമുച്ചയം രൂപകല്‍പ്പന ചെയ്യാന്‍ തന്നെ തിരഞ്ഞെടുത്തതായി ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അതാര്‍ ഹുസൈന്‍ അറിയിച്ചതായി പ്രൊഫ. അക്തര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പള്ളിസമുച്ചയ നിര്‍മാണത്തിനായി വഖഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്).
Also Read: ദിവസം ആയിരം പേർക്ക് ദർശനം; ഗുരുവായൂർ ക്ഷേത്രം ഈ മാസം പത്തിന് തുറക്കും
''മസ്ജിദ് ഉള്‍പ്പെടുന്ന സമുച്ചയവും മുഴുവന്‍ ഞാനാണു രൂപകല്‍പ്പന ചെയ്യുക. സമുച്ചയത്തില്‍ എന്താക്കെയുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. പക്ഷേ ആശുപത്രി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാനവികതയെയും സമൂഹത്തെയും സേവിക്കുക എന്നതാണ് അടിസ്ഥാന ആശയം. അതിനായി നമുക്ക് എന്തും നിര്‍മിക്കാന്‍ കഴിയും, ''അദ്ദേഹം പറഞ്ഞു.
സമുച്ചയം രൂപകല്‍പ്പന സംബന്ധിച്ച് മനസില്‍ സമയപരിധി ഇല്ലെന്ന് അക്തര്‍ പറഞ്ഞു. ''ഞങ്ങള്‍ ജോലി ആരംഭിച്ചുകഴിഞ്ഞു. ഇത് തീര്‍ച്ചയായും വളരെയധികം സമയമെടുക്കും. ബൈലോകള്‍, സ്ഥാനം, ആളുകള്‍ക്ക് എന്താണ് വേണ്ടത് തുടങ്ങി ധാരാളം വശങ്ങള്‍ മനസില്‍ കരുതേണ്ടതുണ്ട്. എന്നാല്‍ അടിസ്ഥാന ലക്ഷ്യത്തെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. മാനുഷിക മൂല്യങ്ങള്‍, ഇന്ത്യന്‍ ധാര്‍മികത, ഇസ്ലാമിക ചൈതന്യം എന്നിവ ഉപയോഗിച്ച് സമൂഹത്തെ സേവിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം ഉണ്ടായിരിക്കുകയെന്നതാണ് ആശയം,''അദ്ദേഹം പറഞ്ഞു.
ബാബറി മസ്ജിദിനു പകരമായി പള്ളി രൂപകല്‍പ്പന ചെയ്യുന്നതിലെ വൈകാരികത സംബന്ധിച്ച് അക്തര്‍ പറഞ്ഞത് ഇങ്ങനെ: ''ഞാനൊരു വാസ്തുശില്‍പ്പിയാണ്, ഒരു വാസ്തുശില്‍പ്പിയുടെ പങ്ക് ഭാവിയിലേക്കാണ്, ഭൂതകാലത്തിലല്ല. ഭൂതകാലം എന്തായാലും അതേക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഭാവിയെക്കുറിച്ചും അത് മനുഷ്യരാശിയെ എങ്ങനെ സേവിക്കുമെന്നതിനെക്കുറിച്ചും മാത്രമാണ് എനിക്ക് ആശങ്ക.''
Also Read: ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’; ഡോ.കഫീൽ ഖാനെ വിട്ടയച്ചു
രൂപകല്‍പ്പനയില്‍ ബാബറി മസ്ജിദിന്റെ ഏതെങ്കിലും ഘടകങ്ങള്‍ ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന് ''ഞങ്ങള്‍ സമകാലിക രൂപകല്‍പ്പനയ്ക്കായി പ്രവര്‍ത്തിക്കും. കാരണം എന്റെ കാഴ്ചപ്പാടില്‍ വാസ്തുവിദ്യ ഒരിക്കലും ആവര്‍ത്തിക്കപ്പെടുന്നില്ല. അത് സമകാലിക സമൂഹത്തിനനുസരിച്ച് വികസിക്കുന്നു. ഇപ്പോഴത്തെ പരിഗണന പരിസ്ഥിതിയും ഊര്‍ജവുമാണ് അതിനാല്‍, ഇന്നത്തെ ഊര്‍ജം സംരക്ഷിക്കുന്നതിന് ഭൂതകാലത്തിന്റെ ചില ഘടകങ്ങള്‍ പ്രസക്തമാണെങ്കില്‍, അത് സ്വീകരിക്കാം. അതില്‍ ദോഷമില്ല,'' എന്നായിരുന്നു പ്രൊഫ. അക്തറുടെ മറുപടി.
''അക്തര്‍ യഥാര്‍ഥത്തില്‍ ലഖ്നൗവില്‍ നിന്നുള്ളയാളാണ്. അദ്ദേഹം നഗര ആസൂത്രകന്‍ കൂടിയാണ്. അത് ഞങ്ങളെ സഹായിക്കും, കാരണം ഞങ്ങള്‍ ഒരു കെട്ടിടം മാത്രമല്ല നിര്‍മിക്കന്നത്, കെട്ടിടങ്ങളുടെ സമുച്ചയമാണ്,''ട്രസ്റ്റ് സെക്രട്ടറി അഥര്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം, സമുച്ചയം നിര്‍മാണത്തിനു ഫണ്ട് ശേഖരിക്കാനായി ട്രസ്റ്റ് രണ്ട് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കും. ഇതിലൊന്ന് പള്ളി നിര്‍മാണത്തിനും രണ്ടാമത്തേത് സമുച്ചയത്തിലെ ശേഷിക്കുന്ന ഭാഗങ്ങളുടെ നിര്‍മാണത്തിനുമുള്ള സംഭാവനകള്‍ക്കുവേണ്ടിയാണ്.
Read in IE: Jamia architecture dept dean SM Akhtar to design Ayodhya mosque complex
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.