തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രം സെപ്റ്റംബർ പത്തു മുതൽ തുറക്കും. ദിവസം ആയിരം പേർക്ക് ദർശനം അനുവദിച്ചുകൊണ്ടാണ് ക്ഷേത്രം തുറക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചത്. ഓൺലൈൻ ബുക്കിങ് ഇന്ന് തുടങ്ങും. ദർശന സമയം ഉൾപ്പെടെ വെർച്വൽ ക്യൂ ടോക്കൺ ലഭിക്കും.

ക്ഷേത്രത്തിൽ ഒരേ സമയം അൻപതു പേരിൽ കൂടുതലുണ്ടാകില്ല. ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. കിഴക്കേഗോപുരത്തിലൂടെ അകത്ത് കടക്കണം. കൊടിമരത്തിനു സമീപത്തു കൂടി വലിയ ബലിക്കല്ലിനടുത്ത് നിന്ന് ദർശനം നടത്താം. അഷ്ടമിരോഹിണി ദിവസമാണ് ക്ഷേത്രം തുറക്കുന്നതിനായി തിരഞ്ഞെടുത്തത്.

Read More: കോവിഡ്-19: ഗുരുവായൂര്‍ ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചു

ചുറ്റമ്പലത്തിൽ പ്രദക്ഷിണം വച്ച് ഉപദേവതകളെ തൊഴുത് ഭഗവതി ക്ഷേത്രത്തിനു സമീപത്തു കൂടി പുറത്തു കടക്കണം. നിലവിൽ ദിവസം അൻപതു വിവാഹങ്ങൾക്കായിരുന്നു അനുമതി. ഇതു അറുപതായി ഉയർത്തി. നിർത്തിവച്ചിരുന്ന വാഹനപൂജ തിരുവോണ ദിവസം മുതൽ പുനരാരംഭിച്ചു. മാറ്റിവച്ച മേൽശാന്തി നറുക്കെടുപ്പ് സെപ്റ്റംബർ പതിനഞ്ചിനു നടത്തും.

Read More: ഗുരുവായൂരിൽ വീണ്ടും കല്യാണമേളം; ഇന്ന് ഒൻപത് വിവാഹങ്ങൾ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ മാർച്ചിലായിരുന്നു ക്ഷേത്രം അടച്ചത്. പിന്നീട് ജൂണ്‍ നാല് മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ അനുമതി നല്‍കി. ആദ്യദിനം രാവിലെ ആറുമണിക്കും പത്തരയ്ക്കും ഇടയിൽ ഒമ്പത് വിവാഹങ്ങൾ നടന്നിരുന്നു.

Read More: ഗുരുവായൂരില്‍ ജൂണ്‍ 4 മുതല്‍ വിവാഹം; നോണ്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

88 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1932-ലാണ് ഇതിന് മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടത്. കെ. കേളപ്പന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തെ നേരിടാനാണ് അന്ന് ക്ഷേത്രമടച്ചതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.