ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശ് ഡോക്ടര്‍ കഫീല്‍ഖാനെ വിട്ടയച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. അലഹാബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കഫീൽ ഖാന്റെ മോചനം.
യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി പറഞ്ഞു. കഫീല്‍ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു.
Read More: ഡോ.കഫീൽ ഖാനെ ഉടൻ മോചിപ്പിക്കാൻ ഉത്തരവ്
അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചു.
ഉത്തർപ്രദേശിലെ മഥുര ജയിലിലാണ് കഫീൽ ഖാനെ തടങ്കലിലാക്കിയിരുന്നത്. ജനുവരി 29 നാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. അലിഗഢ് സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ പ്രകോപനകരമായി പ്രസംഗിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. 2019 ഡിസംബർ പത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടാണ് അലിഗഢ് സർവകലാശാലയിൽ കഫീൽ ഖാൻ പ്രസംഗിച്ചത്.
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നവജാത ശിശുക്കളടക്കം ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഡോ.കഫീൽ ഖാനെതിരെ നേരത്തെ കേസെടുത്തിരുന്നു. ബാബ രാഘവ് ദാസ് സ്മാരക ആശുപത്രിയിൽ നടന്ന ദുരന്തത്തിന് പിന്നാലെ ആശുപത്രിയിൽ ഓക്സിജൻ എത്തിക്കാൻ പ്രയത്നിച്ച ഡോ.കഫീൽ ഖാനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് പൊലീസ് കേസെടുത്തത്. യുപി സർക്കാർ കഫീൽ ഖാനെ മനപൂർവം വേട്ടയാടുന്നതായി ആരോപണമുയർന്നിരുന്നു.
2017 ഓഗസ്റ്റിൽ ദുരന്തം വൻ വിവാദമായതിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഗോരഖ്‌പൂരിൽ നിന്നും ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടാം വാരം സംഭവം നടന്നതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വന്തം പണം ചെലവഴിച്ച് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചത്. ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം വാർത്ത നൽകിയതിന് പിന്നാലെയാണ് കഫീൽ ഖാൻ സ്വയം ഹീറോയാകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സർക്കാർ തന്നെ കുറ്റപ്പെടുത്തിയത്.
Read More: Kafeel Khan free after Allahabad HC scraps NSA arrest, upholds his speech