/indian-express-malayalam/media/media_files/Yho7kPRBIoxKpVjnZ1YE.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരിൽ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത് വെറും 98 പേർ. അതായത്, മൊത്തം അംഗ സംഖ്യയിൽ വെറും 13 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ആസ്തി വെളിപ്പെടുത്തിയതെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ ഡാറ്റ വിശകലനം ചെയ്ത് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിൽ തന്നെ ആസ്തി വെളിപ്പെടുത്തിയവരിൽ കൂടുതലുള്ളത് മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാരാണ്.
വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരാണ് സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയവരിൽ മുന്നിലുള്ളത്. ആകെയുള്ള 39 ജഡ്ജിമാരിൽ 37 പേരുടെ സ്വത്തുവിവരങ്ങളും വെബ്സൈറ്റിലുണ്ട്. പഞ്ചാബ് ഹൈക്കോടതിയിലെ 55 ജഡ്ജിമാരിൽ 31 പേരും ഡൽഹി ഹൈക്കോടതിയിലെ 39 ജഡ്ജിമാരിൽ 11 പേരും ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്.
ജഡ്ജിമാരുടെയും പങ്കാളികളുടെയും ആശ്രിതരുടെയും സ്വത്തുവകകൾ, ആഭരണങ്ങൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ബോണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ എന്നിങ്ങനെയുള്ള നിക്ഷേപത്തിന്റെ വിശദാംശങ്ങളും ബാങ്ക് വായ്പകൾ പോലുള്ള ബാധ്യതകളും വെളിപ്പെടുത്തിയവയിൽ ഉൾപ്പെടുന്നുണ്ട്.
കേരളം, പഞ്ചാബ്, ഹരിയാന, ഡൽഹി ഹൈക്കോടതികൾക്ക് പുറമെ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, മദ്രാസ് ഹൈക്കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ഏഴ് ഹൈക്കോടതികളിലെ വെബ്‌സൈറ്റുകളിലും സ്വത്ത് വെളിപ്പെടുത്താത്ത ജഡ്ജിമാരുടെ പേര് പരാമർശിച്ചിട്ടില്ല.
ഓരോ ജഡ്ജിയും അവരുടെ പേരിലോ പങ്കാളിയുടെ പേരിലോ അല്ലെങ്കിൽ അവരെ ആശ്രയിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുടെ പേരിലോ ഉള്ള സ്വത്തു വകകളും നിക്ഷേപങ്ങളും അടക്കമുള്ള ആസ്തി ചീഫ് ജസ്റ്റിസിന് സമർപ്പിക്കണമെന്ന് 1997 മേയ് 7 ന്, അന്നത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് ജെ.എസ്.വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുപ്രീം കോടതി ഒരു പ്രമേയം അംഗീകരിച്ചിരുന്നു. 2009 ഒക്ടോബർ 31-നോ അതിനുമുമ്പോ ജഡ്ജിമാരുടെ സ്വത്തുക്കൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അത് തികച്ചും സ്വമേധയാ ആയിരിക്കണമെന്നും 2009 സെപ്റ്റംബർ 8-ന് സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് നിർദേശിച്ചിരുന്നു.
Read More
- വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ ചൊല്ലി ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിൽ സംഘർഷം
- തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്ച്ച; നഷ്ടമായത് 60 ലക്ഷത്തോളം
- സുജിത് ദാസും സംഘവും പിടിച്ചെടുത്ത സ്വർണം കടത്തുന്നു; അന്വേഷണത്തിനു വെല്ലുവിളിച്ച് പി.വി അൻവർ
- ഒരു കൊമ്പനും കുത്താൻ വരേണ്ട; തുറന്ന യുദ്ധം പ്രഖ്യാപിച്ച് പി.വി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.