/indian-express-malayalam/media/media_files/BkZSKf7QWuOFOUoj7Ern.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: മദ്യനയ അഴിമതി കേസിൽ, തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ഹർജിയെ എതിർത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇഡി തന്നെ കെട്ടിച്ചമച്ച കള്ളകഥയിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും, അറസ്റ്റ് തികച്ചും നിയമവിരുദ്ധമാണെന്നും കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ജൂൺ 20ന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച ഹർജിയിലാണ് കെജ്‌രിവാളിന്റെ മറുപടി. കെജ്‌രിവാളിന്റെ മറുപടിയിൽ വിശദീകരണം നൽകാൻ ജൂലൈ 15വരെ ഇ.ഡിക്ക് സമയം അനുവദിച്ചിട്ടുണ്ട്.
മദ്യ നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കെജ്‌രിവാളിനെ ജൂൺ 25ന് തിഹാർ ജയിലിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ജൂൺ 26ന് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുകയും, പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിന് മുൻപാകെ റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
ഇഡി കേസിൽ ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ജൂൺ 25ന് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. എക്‌സൈസ് പോളിസിയുമായി ബന്ധപ്പെട്ട ഇഡി, സിബിഐ കേസുകളിലായി കെജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
സ്വാതന്ത്ര്യം ഒരു വിശുദ്ധ ഭരണഘടനാ മൂല്യമാണെന്നും, ഭരണകൂടത്തിൻ്റെ രോഷത്തിനെതിരായി പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കാവൽക്കാരായി പ്രവർത്തിക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്നും, കെജ്‌രിവാൾ കോടതിയിൽ പറഞ്ഞു. വിഷയത്തിൽ കെജ്‌രിവാളിനെ തടവിലാക്കിയത് നിയമ നടപടികളുടെ കടുത്ത ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പ്രതിയെ തെറ്റായതും കെട്ടിച്ചമച്ചതുമായ ഒരു കഥയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
പ്രതിക്കെതിരെ ഒരു കേസും എടുത്തിട്ടില്ല. തൽക്ഷണ കേസിൽ അറസ്റ്റ് ചെയ്യുന്നത് തികച്ചും നിയമവിരുദ്ധമാണ്. ഇ.ഡി ആരോപിക്കുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്നതിന് ന്യായമായ കാരണങ്ങളുണ്ട്. വിചാരണക്കോടതി അനുവദിച്ചിട്ടുള്ള ജാമ്യത്തിൻ്റെ വിവേചനാധികാര ഉത്തരവുകൾ പ്രോസിക്യൂഷൻ്റെ ധാരണകളുടെയും സാങ്കൽപ്പിക ഭാവനയുടെയും പേരിൽ മാത്രം മാറ്റിവെക്കാനാവില്ല, കെജ്‌രിവാൾ പറഞ്ഞു.
മദ്യനയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മദ്യനയത്തിന്റെ രൂപീകരണത്തിൽ കെജ്‌രിവാളിന് നേരിട്ട് പങ്കുള്ളതായി ഇ.ഡി നേരത്തെ ആരോപിച്ചിരുന്നു, 'സൗത്ത് ഗ്രൂപ്പിന്' ദക്ഷിണേന്ത്യയിലെ ഒരു കൂട്ടം വ്യക്തികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ പരിഗണിച്ച് തയ്യാറാക്കിയതാണ് മദ്യനയമെന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം.
നയരൂപീകരണത്തിലെ അഴിമതിയുടെ പ്രതിഫലമായി 100 കോടി രൂപ എഎപി നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇത് 2021-2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഏജൻസി ആരോപിച്ചു.
Read More
- മുസ്ലിം സ്ത്രീകൾക്ക് ജീവനാംശത്തിനായി ക്രിമിനൽ കേസ് നല്കാം: സുപ്രീം കോടതി
- 2024 ൽ ഇതുവരെ ബിഎസ്എഫ് വെടിവച്ചിട്ടത് 125 പാക്കിസ്ഥാൻ ഡ്രോണുകൾ
- കത്വ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി
- ‘വന്നത് സഹോദരനായി, സാധ്യമായതെല്ലാം ചെയ്യും’; മണിപ്പൂർ സന്ദർശനത്തിൽ രാഹുൽ ഗാന്ധി
- 'ചോദ്യ പേപ്പർ ചോർന്നത് തന്നെ'; നീറ്റ് പരീക്ഷാ വിവാദത്തിൽ സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.