/indian-express-malayalam/media/media_files/dG3JmlndXTJKCWnMuVTE.jpg)
ഡൽഹി എയർപോർട്ടിൽ 400-ലധികം വിമാനങ്ങൾ വൈകി. 50-ലധികം വിമാനങ്ങൾ റദ്ദാക്കുകയു ചെയ്തു. ഇൻഡിഗോ 192 വിമാനസർവീസുകൾ റദ്ദാക്കി
ന്യുഡൽഹി: വിൻഡോസ് തകരാർ മൂലം താറുമാറായ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ചെ മൂന്നുമണി മുതൽ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചെന്ന വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു എക്സിൽ കുറിച്ചു. 'പുലർച്ചെ മൂന്ന് മണി മുതൽ, എയർലൈൻ സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇന്നലെ തടസ്സങ്ങൾ കാരണം ഒരു ബാക്ക്‌ലോഗ് ഉണ്ട്, അത് പരിഹരിച്ചു വരികയാണ്. ഉച്ചയോടെ പ്രശ്‌നം പൂർണ്ണമായി പരിഹരിക്കുമെന്നും മന്ത്രി എക്‌സിൽ കുറിച്ചു.
മൈക്രോസോഫ്റ്റ് സേവനങ്ങൾ തകരാറിലായതിന്റെ ആഘാതം ഏറ്റവുമധികം പ്രകടമായത് വ്യോമയാന മേഖലയിലാണ്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നിവയുൾപ്പെടെ നൂറുകണക്കിന് വിമാനങ്ങൾ വൈകുകയും എയർലൈൻ ഓപ്പറേറ്റർമാർ വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. ഡൽഹി എയർപോർട്ടിൽ 400-ലധികം വിമാനങ്ങൾ വൈകി. 50-ലധികം വിമാനങ്ങൾ റദ്ദാക്കുകയു ചെയ്തു.
ഇൻഡിഗോ 192 വിമാനസർവീസുകൾ റദ്ദാക്കി. മൈക്രോ സോഫ്റ്റ് വിൻഡോസ് പ്രവർത്തനം തടസ്സപ്പെട്ടതോടെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന കമ്പനിയാണ് ഇൻഡിഗോ.വിൻഡോസ് പ്രവർത്തനം തടസപ്പെട്ടതോടെ ആഗോളവ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കിയ സാഹചര്യമാണ് ഉള്ളത്. ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യാനും റദ്ദാക്കിയ ടിക്കറ്റിന്റെ തുക തിരികെ നൽകാനും സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഇത് തങ്ങളുടെ പരിധിക്ക് അപ്പുറമുള്ള പ്രശ്നമാണെന്നും ഇൻഡിഗോ പറയുന്നു.
തിരുവനന്തപുരത്തുനിന്നുള്ള നാല് സർവീസുകളും ഇൻഡിഗോ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
എന്നാൽ, വിൻഡോസ് തകരാർ മൂലം കൊച്ചിയിൽ നിന്ന് ശനിയാഴ്ചയും സർവ്വീസുകൾ റദ്ദാക്കി. കൊച്ചിയിൽനിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഒമ്പത് ആഭ്യന്തരസർവീസുകളാണ് ശനിയാഴ്ച റദ്ദാക്കിയത്. അതേസമയം, വിമാനക്കമ്പനികളുടെ ചെക്ക് ഇൻ സംവിധാനം സാധാരണനിലയിലായെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോയുടെയും എയർഇന്ത്യ എക്സ്പ്രസിന്റെയും ഏതാനും സർവീസുകളാണ് ശനിയാഴ്ച റദാക്കിയത്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള 12 ആഭ്യന്തര സർവ്വീസുകളാണ് റദ്ദാക്കിയത്.
മൈക്രോസോഫ്റ്റിന് സൈബർ സുരക്ഷ നൽകുന്ന പ്ലാറ്റ്ഫോമായ 'ക്രൗഡ്‌സ്‌ട്രൈക്ക്' പണിമുടക്കിയതോടെയാണ് മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് നിശ്ചലമായത്. ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടതോടെ വിവിധമേഖലകളിലെ ഡിജിറ്റൽ സേവനങ്ങൾ സ്തംഭിച്ചു. ഇന്ത്യൻസമയം വെള്ളിയാഴ്ച പുലർച്ചെ 3.30-നാണ് യു.എസ്. കമ്പനിയായ ക്രൗഡ് സ്‌ട്രൈക്ക് സോഫ്റ്റ് വേർ പ്രശ്നത്തിൽ മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് നിശ്ചലമായത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.