/indian-express-malayalam/media/media_files/upYUcsFdQDjRL7Rys4PP.jpg)
ശരാശരി 15,000 രോഗികളാണ് പ്രതിദിനം എയിംസ് ഒപിയിൽ ചികിത്സയ്ക്കായി എത്തുന്നത് (ഫയൽ ഫൊട്ടോ)
ഡൽഹി: വിമർശനങ്ങളെ തുടർന്ന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ തീരുമാനിച്ച അവധി പിൻവലിച്ച് എയിംസ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഔട്ട് പേഷ്യന്റ് വിഭാഗം (ഒപിഡി) തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ അടച്ചിടാനുള്ള തീരുമാനമാണ് മാറ്റിയത്.
“രോഗികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും, രോഗീ പരിചരണ സേവനങ്ങൾ സുഗമമാക്കാനും ഔട്ട്പേഷ്യന്റ് സേവനങ്ങൾ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സേവനങ്ങളും തുറന്നിരിക്കും. എല്ലാ കേന്ദ്രങ്ങളുടെയും മേധാവികളോടും ഡിപ്പാർട്ട്‌മെന്റ് മേധാവികളോടും യൂണിറ്റുകളോടും ബ്രാഞ്ച് ഓഫീസർമാരോടും, ഇക്കാര്യം അവരുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു" എയിംസ് അഡ്മിനിസ്ട്രേഷൻ ഞായറാഴ്ച അറിയിച്ചു.
AIIMS, New Delhi clarifies that all clinical services will remain open on 22nd January 2024 to provide seamless and uninterrupted #PatientCare#सर्वेभवन्तुसुखिनः@MoHFW_INDIA@mansukhmandviya#AyushmaanBhavpic.twitter.com/hrg5QltpsY
— AIIMS, New Delhi (@aiims_newdelhi) January 21, 2024
ഒപി വിഭാഗം ജനുവരി 22ന് ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് ശനിയാഴ്ചയാണ് എയിംസ് പ്രഖ്യാപിച്ചത്. അടിയന്തര സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ആശുപത്രി അറിയിച്ചിരുന്നു. ശരാശരി 15,000 രോഗികളാണ് പ്രതിദിനം എയിംസ് ഒപിയിൽ ചികിത്സയ്ക്കായെത്തുന്നത്.
"രോഗികളുടെ അസൗകര്യം തടയുന്നതിനും രോഗീപരിചരണ സേവനങ്ങൾ സുഗമമാക്കുന്നതിനും എല്ലാ ക്ലിനിക്കൽ സേവനങ്ങളും നാളെ തുറന്നിരിക്കും," എയിംസ് ഡൽഹി എക്സിൽ കുറിച്ചു.
എന്നാൽ, പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ​ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് ( ജിപ്മർ) അടച്ചിടുന്നതിന് എതിരെ നൽകിയ ഹർജി തളളി. രോഗികളെ ബാധിക്കാത്ത രീതിയിൽ പ്രവർത്തനം ക്രമീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് ആശുപത്രിക്കനുകൂലമായ മദ്രാസ് ഹൈക്കോടതിയുടെ വിധി. അർബുദ രോഗികൾക്കും ഡയാലിസിസിനായി സമീപിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിർദേശിച്ചു.
രാം മനോഹർ ലോഹ്യ (ആർഎംഎൽ), സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളും ഒപി അടക്കമുള്ള സേവനങ്ങൾ അടച്ചിടുമെന്നും സമയം പുനഃക്രമീകരിക്കുമെന്നും അറിയിച്ചിരുന്നു.
അയോധ്യ ക്ഷേത്രത്തിലെ രാംലല്ല 'പ്രാണപ്രതിഷ്ഠ'യുമായി ബന്ധപ്പെട്ട്, 2024 ജനുവരി 22ന് ഡൽഹിയിലെ, സ്വയംഭരണ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചവരെ, ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന അവധി പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും പ്രതിഷ്ഠാ ദിനം അവധി പ്രഖ്യാപിച്ചു. ആദ്യമായാണ് കോൺഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം പ്രാണപ്രതിഷ്ഠ ദിനം അവധി പ്രഖ്യാപിക്കുന്നത്. കൂടാതെ എല്ലാ സർക്കാർ ഓഫീസുകളും ഉച്ചയ്ക്ക് 2:30 വരെ അടച്ചിടാനും സർക്കാർ സ്‌കൂളുകൾക്ക് ദിവസം മുഴുവൻ അവധി നൽകാനും ഝാർഖണ്ഡും ഉത്തരവിറക്കി.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us