/indian-express-malayalam/media/media_files/2024/11/20/nfPzgU3V6wtAjnJiZAek.jpg)
ഡൽഹിയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
വായുമലിനീകരണം രൂക്ഷമായതോടെ നേരത്തെ, 10, 12 ക്ലാസ്സുകൾ ഉൾപ്പെടെയുള്ളവ പൂർണമായി ഓൺലൈനാക്കി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി. നവംബർ 22 വരെ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി അറിയിച്ചു.
ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 22 ട്രെയിനുകൾ വൈകുകയും ഒമ്പത് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഡൽഹിക്ക് സമീപപ്രദേശങ്ങളിലെ പാടങ്ങളിൽ തീയിടുന്നതും കാലാവസ്ഥയുമാണ് ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമാക്കുന്നത്. വായു മലിനീകരണം രൂക്ഷമായ ഘട്ടത്തിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി, ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.
ഡൽഹിക്ക് പുറത്തുള്ള രജിസ്റ്റർ ചെയ്യുന്ന ലഘു വാണിജ്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ബിഎസ്4 നിലവാരത്തിലുള്ളതും താഴെയുള്ളതുമായ വാഹനങ്ങൾക്കും ഹെവി ഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.