/indian-express-malayalam/media/media_files/uploads/2017/10/love-jihad-1.jpg)
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍വന്ന് ഒരു മാസമാവുമ്പോൾ അറസ്റ്റിലായത് 35 പേര്‍. 'ലൗ ജിഹാദ്' ആരോപിച്ച് ദിവസം ഒന്നിലേറെ അറസ്റ്റാണ് യുപി പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഡസന്‍ എഫ്‌ഐആറാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്.
യുപിയില്‍ നവംബര്‍ 27നാണു നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷം ഇറ്റയില്‍ എട്ടുപേരും സീതാപൂരിലും ഏഴും ഗ്രേറ്റര്‍ നോയിഡ നാലും പേര്‍ അറസ്റ്റിലായി. ഷാജഹാന്‍പൂര്‍, അസംഗഡ്-മൂന്നു വീതം, മൊറാദാബാദ്, മുസാഫര്‍നഗര്‍, ബിജ്നോര്‍, കന്നൗജ്-രണ്ടു വീതം, ബറേയ്‌ലി, ഹാര്‍ദോയ്-ഒന്നു വീതം എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം.
ബറേയ്‌ലി ജില്ലയിലെ ദിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഷെരീഫ് നഗര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഇരുപതുകാരിയുടെ പിതാവ് ടിക്കാറം റാത്തോഡിന്റെ പരാതിയെ്ത്തുടര്‍ന്ന് ഇരുപത്തി രണ്ടുകാരനായ ഉവൈസ് അഹമ്മദാണ് ഡിസംബര്‍ മൂന്നിന് അറസ്റ്റിലായത്. മകളുമായി സൗഹൃദത്തിലായിരുന്നു യുവാവ് മതപരിവര്‍ത്തനം നടത്താന്‍ അവളെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
Also Read: ‘ലൗ ജിഹാദ്’: പുതിയ നിയമങ്ങളും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരവും
ഒരു പെണ്‍കുട്ടി നാടുവിടുമ്പോള്‍ കണ്ടെത്താന്‍ സമ്മര്‍ദമുണ്ടാകുമെന്ന് യുപി മുന്‍ ഡിജിപി യശ്പാല്‍ സിങ് പറഞ്ഞു. ''സാമൂഹ്യഘടനയനുസരിച്ച് നിയമം നല്ലതാണ്, ചൂഷണം ഉണ്ടാകില്ല. എന്നാല്‍ ആധുനിക സാമൂഹിക കാഴ്ചപ്പാട് അനുസരിച്ച് ആളുകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം കവര്‍ന്നതായി അനുഭവപ്പെടും,''അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുക്കാനും വിശ്വാസത്തില്‍ മാറ്റം വരുത്താനുമുള്ള മൗലികാവകാശത്തിനു വിരുദ്ധമാണ് പുതിയ നിയമമെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സന്ദീപ് ചൗധരി അഭിപ്രായപ്പെട്ടു. ''ഭരണഘടനയുടെ അനുച്‌ഛേദം 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും) ഉറപ്പുനല്‍കുന്ന വ്യക്തിഗത സ്വയംഭരണാധികാരം, സ്വകാര്യത, മനുഷ്യന്റെ അന്തസ്, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള മൗലികാവകാശങ്ങള്‍ക്കെതിരാണ് ഈ നിയമം'' അദ്ദേഹം പറഞ്ഞു.
നിയമത്തെ ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇനി കോടതി തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി ജനുവരി നാലിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Also Read: ഇഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ളവർക്കൊപ്പം ജീവിക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്: ഡൽഹി ഹൈക്കോടതി
നിയമത്തില്‍ പറയുന്ന ഏതെങ്കിലും ലംഘനത്തിനു 10 വര്‍ഷം വരെ തടവാണ് ശിക്ഷ. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത ആരോപണവിധേയര്‍ക്കാണ്.
അതിനിടെ, സമാന ബിൽ മധ്യപ്രദേശ് മന്ത്രിസഭ പാസാക്കിയിരിക്കുകയാണ്. 'ധര്‍മ സ്വാതന്ത്ര്യ ബില്‍ 2020' എന്ന ബിൽ ശബ്ദവോട്ടോടെയാണ് മന്ത്രിസഭ പാസാക്കിയത്. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പത്തുവര്‍ഷം വരെ തടവും ഒരുലക്ഷം രൂപ പിഴയും നൽകാൻ ലക്ഷ്യമിടുന്നതാണ് ബിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.