പുതിയ കുപ്പിയില്‍ പ്രത്യക്ഷപ്പെടുന്ന ‘ലൗ ജിഹാദ്’ എന്ന പഴയ വീഞ്ഞ് തലക്കെട്ടുകളില്‍ വീണ്ടും ഇടം പിടിക്കുകയാണ്. ഈ പ്രചാരണം സമാന്തര സേനകളിലും സംഘങ്ങളില്‍നിന്ന് ബിജെപി ഏറ്റെടുക്കുന്നുവെന്നതാണ് ഇതിനു കാരണം.

2007ല്‍ ഗുജറാത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ‘ലൗ ജിഹാദ്’എന്ന ആശയം 2009 ല്‍ കേരളത്തിലും പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തില്‍ കര്‍ണാടകത്തിലും പയറ്റി. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ മുത്തലിക്ക് പിന്നീട് ശ്രീരാമ സേനയെന്ന സ്വന്തം സമാന്തര സേന രൂപീകരിക്കുകയായിരുന്നു. ”ഐസ്‌ക്രീം പാര്‍ലറുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, തിയേറ്ററുകള്‍ എന്നീ ഇടങ്ങളിൽ ഹിന്ദു പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ മതഭ്രാന്തന്മായ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു… ഇത് ഹിന്ദു സമൂഹത്തിന്റെ ആത്മവീര്യം കെടുത്താനുള്ള സംഘടിത ശ്രമമാണ്,” എന്നാണ് ‘ലൗ ജിഹാദി’നെ മുത്തലിക് നിര്‍വചിക്കുന്നത്.

ഈ പ്രചാരണം 2014 ല്‍ പരസ്യമായി പുറത്തുവന്നു. ഇതേ വര്‍ഷം സെപ്റ്റംബറില്‍, അതായത് നരേന്ദ്ര മോദി അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കു ശേഷം, ആര്‍എസ്എസിന്റെ ജിഹ്വകളായ ‘ഓര്‍ഗനൈസര്‍,’ ‘പഞ്ചഞ്ചന്യ’ എന്നിവ രണ്ടു കവര്‍ സ്‌റ്റോറികള്‍ ‘ലൗ ജിഹാദി’നായി നീക്കിവച്ചു. കെഫിയെ വസ്ത്രവും ഇരുണ്ട ഗ്ലാസും ധരിച്ച അറബിയുടെ ചിത്രത്തിനൊപ്പം ‘പ്യാര്‍ അന്ധ യാ ദന്ദ?’ (സ്‌നേഹം അന്ധമാണോ അതോ അതോ കച്ചവടണോ?) എന്ന വാചകം അച്ചടിച്ചതായിരുന്നു ‘പഞ്ചഞ്ചന്യ’ത്തിന്റെ മുഖചിത്രം.

ഹിന്ദു യുവതികളെ മുസ്ലിം പുരുഷന്മാര്‍ പ്രണയിക്കുന്നതു തടയാന്‍ പ്രത്യാക്രമണം നടത്തിക്കൊണ്ടായിരുന്നു ‘ലൗ ജിഹാദി’നോടുള്ള സംഘ് പരിവാര്‍ പ്രതികരണം. ‘ഹിന്ദു ബെഹന്‍ ബേട്ടി ബച്ചാവോ സംഘര്‍ഷ് സമിതി’ പോലുള്ള പ്രത്യേക സംഘങ്ങള്‍ അവര്‍ രൂപീകരിച്ചു.

Also Read: ഇഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ളവർക്കൊപ്പം ജീവിക്കാൻ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ട്: ഡൽഹി ഹൈക്കോടതി

മുസ്ലിം ചെറുപ്പക്കാരനുമായുള്ള മകളുടെ വിവാഹത്തില്‍ വിലപിച്ച മാതാപിതാക്കള്‍ക്കു സമിതി പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്തു. മകളെ കാണാതായി റിപ്പോര്‍ട്ട് ചെയ്യാനോ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കാനോ കേസിന്റെ ഗതിയെക്കുറിച്ച് മാതാപിതാക്കളെത്തുന്ന പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമായി ഇതുസംബന്ധിച്ച വിവരശേഖരണത്തിനായി ഒരു ശൃംഖല വികസിപ്പിച്ചു. വിവരദാതാക്കളുടെ ഈ ശൃംഖല, ഭരണകൂട സംവിധാനങ്ങളും സംഘപരിവാറും തമ്മിലുള്ള വ്യാപനം വ്യക്തമാക്കുന്നു.

‘ലൗ ജിഹാദി’നെതിരായ പ്രചാരണത്തില്‍ തെറ്റായ വിവരങ്ങള്‍ മുതല്‍ ഭീഷണിപ്പെടുത്തല്‍, ബലാല്‍ക്കാരം വരെയുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുന്നു.
മുസ്ലിം ചെറുപ്പക്കാരെ പ്രണയിച്ചു വിവാഹിതരാവുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ചിലപ്പോള്‍ തങ്ങളുടെ മക്കളെ തിരികെ കൊണ്ടുവരാന്‍ ഹിന്ദു സമാന്തര സേനകളെ ആശ്രയിക്കാനും മടിക്കില്ല. മാതാപിതാക്കള്‍ എതിര്‍ക്കാതിരുന്നിട്ടുപോലും മിശ്രവിവാഹങ്ങള്‍ തടയാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിച്ചിട്ടുണ്ട്. പൊലീസ് ചിലപ്പോള്‍ വിവാഹങ്ങള്‍ റദ്ദാക്കി (വധൂവരന്മാര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കിൽ പോലും) എന്നു മാത്രമല്ല, വധു ഹിന്ദുവാകുന്ന മിശ്രവിവാഹങ്ങള്‍ സംഘപരിവാര്‍ അല്ലെങ്കില്‍ അവരുമായി ബന്ധമുള്ള ബ്രിഗേഡുകള്‍ തടസപ്പെടുത്തുന്നതിന് അനുവദിക്കുകയും ചെയ്തു.

കേരളത്തിലെ ഹാദിയ കേസില്‍നിന്ന് വ്യക്തമാകുന്നതുപോലെ ജുഡീഷ്യല്‍ സംവിധാനങ്ങളും ഹിന്ദു സമാന്തര സംഘടനകളുടെ അജന്‍ഡയ്ക്കു കാരണമായിട്ടുണ്ട്. അഖില അശോകനെന്ന ഹിന്ദു യുവതി 2015 ല്‍ ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറി 2016 ല്‍ മുസ്ലിം യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. സ്വന്തം ഇഷ്ടത്തിന് അനുസൃതമായാണു പ്രവര്‍ത്തിച്ചതെന്ന് ആവര്‍ത്തിക്കുമ്പോഴും ഹാദിയ സമ്മര്‍ദത്തിനു വഴങ്ങിയാണ് വിവാഹവും മതപരിവര്‍ത്തനം ചെയ്തതെന്ന ആരോപണവുമായി മാതാപിതാക്കള്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. കോടതി 2017 മേയില്‍ വിവാഹം അസാധുവാക്കുകയും ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ വിടുകയും ചെയ്തു. ഈ ‘ദുര്‍ബലയായ പെണ്‍കുട്ടി’ ഒരുപക്ഷേ ഇസ്ലാമിക ഗ്രൂപ്പുകളുടെ ഇരയായേക്കാമെന്ന വാദമുയര്‍ത്തിയായിരുന്നു കോടതി ഉത്തരവ്.

Also Read: ബിജെപി കുടുംബങ്ങളിലെ മിശ്രവിവാഹം ‘ലൗ ജിഹാദി’ന്റെ പരിധിയില്‍ വരുമോയെന്ന് ഭൂപേഷ് ബാഗേല്‍

ഹൈക്കോടതി ഉത്തരവിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മതംമാറ്റത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കി. അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹാദിയയുടെ കേസ് ഒറ്റപ്പെട്ടമല്ലെന്നുമായിരുന്നു എന്‍ഐഎയുടെ നിലപാട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാതെയാണു ജഡ്ജിമാര്‍ ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. പിന്നീട്, 2018 മാർച്ചിൽ എൻഐഎ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹാദിയയുടെ വിവാഹം സാധുതയുള്ളതാണെന്ന് അവര്‍ വിധിച്ചു.

ബജ്‌റംഗ് ദള്‍ ഉള്‍പ്പെടെയുള്ള സമാന്തര സേനകളായിരുന്നു ‘ലൗ ജിഹാദ്’ വിരുദ്ധ പ്രചാരണത്തിന്റെ പ്രധാന പ്രയോക്താക്കളെങ്കില്‍, ബിജെപിയും ക്രമേണ അത് ഉപയോഗിച്ചു. ലൗ ജിഹാദ് വിരുദ്ധ പ്രചാരണത്തിന്റെ സാധ്യത 2014 ലെ ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യമായി ഉപയോഗപ്പെടുത്താന്‍ ബിജെപി ആലോചിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കും മുന്‍പ് ബിജെപിയുടെ സംസ്ഥാന ഘടകം അതിന്റെ പരിപാടിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ 2017 ലെ തിരഞ്ഞെടുപ്പ് വേളയിലാണ് ബിജെപി ഇത് പ്രചാരണ ആയുധമാക്കിയത്. മന്ത്രിസഭാ രൂപീകരണത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്ത്രീകളെ രക്ഷിക്കാന്‍ (പ്രത്യേകിച്ച് മുസ്ലിങ്ങളില്‍നിന്ന്) ‘റോമിയോ വിരുദ്ധ സ്‌ക്വാഡുകള്‍’ രൂപീകരിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍, പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച് ഒരു പടികൂടി മുന്നോട്ടുപോകുകയാണ്. ഡിസംബറിലെ ശീതകാല സമ്മേളനത്തില്‍ ലൗ ജിഹാദിനെതിരെ ‘ധര്‍മ സ്വാതന്ത്ര്യ ബില്‍ 2020’ നിയസഭയില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര നവംബര്‍ 18നു വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീയെ മറ്റൊരു മതത്തില്‍നിന്നുള്ള വ്യക്തി വിവാഹത്തിനായി നിര്‍ബന്ധിക്കുകയോ പ്രേരിപ്പിപ്പിക്കുകയോ ചെയ്യുന്നതും പിന്നീട് മതപരിവര്‍ത്തനത്തിനായി പീഡിപ്പിക്കുന്നുതും തടയാന്‍ ഉദ്ദേശിച്ചുള്ളതാണു ബില്‍ എന്നാണ് മിശ്ര പറഞ്ഞത്. അതേസമയം, ‘നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍’ പരിശോധിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സിന്റെ കരട് യുപി മന്ത്രിസഭയും അംഗീകരിച്ചു.

Also Read: യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കെതിരായ ഓർഡിനൻസിന് സർക്കാരിന്റെ അംഗീകാരം

അത്തരമൊരു നിയമം 2019ലെ പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് ഇതിനകം വ്യക്തമാകുന്ന യഥാര്‍ത്ഥ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള മാറ്റത്തെ വരച്ചിടുന്നു. സമ്മിശ്ര വിവാഹങ്ങള്‍ പ്രായോഗികമായി അസാധ്യമായ ഇസ്രായേലിനെപ്പോലെ, ഇന്ത്യയെ ഔദ്യോഗികമായി വംശീയ ജനാധിപത്യമാക്കി മാറ്റുന്നതുമായി ഈ പ്രക്രിയ ബന്ധപ്പെട്ടിരിക്കുന്നു.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കെതിരായ ഹിന്ദു ദേശീയവാദ പോരിന്റെ ഈ നിയമാധിഷ്ഠിത പതിപ്പ് മറ്റൊരു പ്രധാന മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഹിന്ദുത്വത്തിന്റെ ആദ്യ പ്രത്യയശാസ്ത്രക്കാര്‍ ഇത്തരം വിവാഹങ്ങള്‍ക്ക് എതിരായിരുന്നില്ല. ‘ഹിന്ദുത്വം: ആരാണ് ഹിന്ദു?’ എന്ന പുസ്തകത്തില്‍ വി.ഡി സവര്‍ക്കര്‍ ഹിന്ദു അല്ലാത്തയാള്‍ ‘അവന്‍ അല്ലെങ്കില്‍ അവള്‍ നമ്മുടെ മാതൃഭൂമി തന്റെ രാജ്യമായി സ്വീകരിച്ച് ഹിന്ദുവിനെ വിവാഹം കഴിച്ചാല്‍’ രാജ്യത്തിന്റെ ഭാഗമാകുമെന്ന് കരുതുന്നു. ഇത്തരം വിവാഹങ്ങള്‍ സവര്‍ക്കറെയും അദ്ദേഹത്തിന്റെ അനുയായികളെയും സംബന്ധിച്ചിടത്തോളം നല്ല കാര്യങ്ങളായിരുന്നു. കാരണം ഹിന്ദുക്കളുടെയും മറ്റൊരു മതത്തിലേക്ക് മാറിയവരുടെയും സിരകളില്‍ ഒരേ രക്തം ഒഴുകുന്നുവെന്ന് അവര്‍ ഊന്നിപ്പറയുന്നു. സവര്‍ക്കറുടെ ശബ്ദകോശത്തിലെ പ്രധാന പദമായ വംശം ഒരു സംയോജന ശക്തിയായിരുന്നു. ഇന്ന്, ഹിന്ദു ദേശീയവാദികള്‍ മുസ്ലിങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്യം അസാധ്യമാണ്. അവര്‍ മറ്റൊരു വംശത്തില്‍ പെട്ടവരാണെന്നപോലെയാണ് കരുതുന്നത്.

Also Read: മധ്യപ്രദേശ് നിയമസഭയിൽ ‘ലവ് ജിഹാദ്’ ബിൽ ഉടൻ; നിയമലംഘകർക്ക് അഞ്ച് വർഷം തടവ്

ഈ യുക്തി ബിജെപി നേതാക്കള്‍ പരസ്യമായി പിന്തുണയ്ക്കുന്ന സ്വജാതി വിവാഹം എന്ന സങ്കല്‍പ്പത്തിന്റേതാണെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അടുത്തിടെ ബ്രാഹ്മണ ‘പരിചയ് സമ്മേളനി’ല്‍ നടത്തിയ പ്രസംഗത്തില്‍നിന്ന് വ്യക്തമാണ്. ”നമ്മുടെ സംസ്‌കാരത്തില്‍ വിവാഹമെന്നത് വ്യക്തിഗത തിരഞ്ഞെടുപ്പ് മാത്രമല്ല, അത് മതത്തിന്റെയും സമൂഹത്തിന്റെയും അംഗീകാരവും ഉള്‍ക്കൊള്ളുന്നതാണ്,” എന്നാണ് ബിജെപി രാജസ്ഥാന്‍ പ്രസിഡന്റ് സതീഷ് പൂനിയ അടുത്തിടെ പറഞ്ഞത്.
വാസ്തവത്തില്‍, ‘ലൗ ജിഹാദി’ന് എതിരായ പോര് വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ മൂല്യത്തകര്‍ച്ചയുടെ സാക്ഷ്യമാകുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍, ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ കഴിവില്ലാത്തവരും വശീകരിക്കപ്പെടാന്‍ സാധ്യതയുള്ളവരുമായി ചിത്രീകരിക്കപ്പെടുന്നു.

ഹിന്ദുക്കളുടെ ജനസംഖ്യാപരമായ കുറവ് എന്ന ആശയം കൂടി ഉള്‍ക്കൊള്ളുന്നതാണ് മറ്റൊരു പഴയ സിന്‍ഡ്രോം. ഈ ഇടിവിന് ഹിന്ദുദേശീയ കാഴ്ചപ്പാടില്‍, വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഭാഗികമായി ഉത്തരവാദികളായി കാണപ്പെടുന്നു, ഭൂരിപക്ഷ വിഭാഗം ഇപ്പോഴും സമൂഹത്തിന്റെ 80 ശതമാനം പ്രതിനിധീകരിക്കുന്നുണ്ടെങ്കില്‍ പോലും. എന്നാല്‍ ‘ചെറിയ സംഖ്യകളെക്കുറിച്ചുള്ള ഭയം’ (അര്‍ജുന്‍ അപ്പദുരൈയുടെ വാക്ക് കടമെടുക്കുന്നു) സമൂഹങ്ങളെ ധ്രുവീകരിക്കുന്നതിനായി നിലമൊരുക്കുമ്പോള്‍ സര്‍വവ്യാപിയാണ്. പാകിസ്ഥാനിലെ അഹമ്മദിയ വിഭാഗത്തിന് ഈ യുക്തി(ഹീനത)യ്ക്കു സാക്ഷ്യം പറയാന്‍ കഴിയും.

  • പാരീസ് സിഇആര്‍ഐ (സെന്റര്‍ ഓഫ് റിസര്‍ച്ചസ് ഇന്റര്‍നാഷണല്‍സ്)-സയന്‍സസ് പോ/സിഎന്‍ആര്‍എസ് (നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് )ഫെലോയും ലണ്ടന്‍ കിങ്‌സ് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹ്യശാസ്ത്ര വിഭാഗം പ്രൊഫസറുമാണ് എഴുത്തുകാരന്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook