ന്യൂഡൽഹി: പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്നിടത്ത് താൻ ഇഷ്ടപ്പെടുന്ന ആർക്കൊപ്പവും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. കോടതിയുടെ ഉത്തരവ് സുപ്രീംകോടതി മുന്നോട്ടുവച്ച ഒരു അടിസ്ഥാന തത്വം ഹൈക്കോടതി ആവർത്തിച്ചു.
സെപ്റ്റംബർ 12 ന് 20 കാരിയെ കാണാതായതായി ആരോപിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിപിന്‍ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗര്‍ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച വാദം കേട്ടത്.
താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം താല്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവര്‍ കോടതിയിൽ വ്യക്തമാക്കി. വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.
യുവതിയെ ഭർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഹൈക്കോടതി ഡൽഹി പൊലീസിന് നിർദേശം നൽകി. “നിയമം കൈയിലെടുക്കരുതെന്ന് മാതാപിതാക്കളെ ഉപദേശിക്കുക,” ദമ്പതികളെ ഭീഷണിപ്പെടുത്തരുതെന്ന് മാതാപിതാക്കളോട് പറയാനും പോലീസിനോട് ആവശ്യപ്പെട്ടു. ദമ്പതികള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുളള പോലീസ് കോണ്‍സ്റ്റബിളിന്റെ ഫോണ്‍ നമ്പര്‍ ദമ്പതികള്‍ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. ആവശ്യം വരികയാണെങ്കില്‍ പോലീസിനെ ബന്ധപ്പെടുന്നതിന് വേണ്ടിയാണ് ഫോണ്‍ നമ്പര്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ സുപ്രീം കോടതിയും ഇതേ വിധി പ്രസ്താപിച്ചിരുന്നു. 2018 ഫെബ്രുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. ഹരിയാനയിലെ ഒരാൾ തങ്ങളുടെ സഹോദരിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് രണ്ട് സഹോദരങ്ങൾ നൽകിയ ഹേബിയസ് കോർപസ് പരാതിയിലായിരുന്നു സുപ്രീം കോടതിയുടെ വിധി.