/indian-express-malayalam/media/media_files/2024/10/19/wpJgXptQ3RP9QqrZtobK.jpg)
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം വഴി തിരിച്ചുവിട്ടു
ന്യൂഡൽഹി: വിമാനങ്ങൾക്കുനേരെയുള്ള ബോംബ് ഭീഷണികൾ വീണ്ടും തുടരുന്നു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിസ്താര വിമാനത്തിനും ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും നേരെയാണ് ഭീഷണി വന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 37 വിമാനങ്ങൾക്കെങ്കിലും ഇത്തരത്തിൽ ഭീഷണി ലഭിച്ചിട്ടുണ്ട്.
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്താര ഫ്ലൈറ്റ് യുകെ 17-ന് സോഷ്യൽ മീഡിയയിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് പൈലറ്റ് വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്ന് എയർലൈൻ വക്താവ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകൾ പൂർത്തിയാക്കിയശേഷം വിമാനം ലണ്ടനിലേക്ക് പുറപ്പെടുമെന്നും വക്താവ് അറിയിച്ചു.
189 യാത്രക്കാരുമായി ദുബായിൽ നിന്ന് ജയ്പൂരിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് (IX-196) ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. വിമാനം ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു, സുരക്ഷാ സേന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ജയ്പൂർ എയർപോർട്ട് പോലീസ് ഉദ്യോഗസ്ഥൻ സന്ദീപ് ബസേരയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
നാല് ദിവസങ്ങള്‍ക്കിടെ ഇരുപതോളം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി വന്നത്. വിഷയത്തിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണികളെല്ലാം എക്സിലെ അഞ്ജാത അക്കൗണ്ടുകളിൽനിന്നാണ് ലഭിച്ചിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.