/indian-express-malayalam/media/media_files/B2XFV3TkNefpvi0R0IaD.jpg)
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു (Photo: X/ ANI)
ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ പാർലമെന്റ് സമ്മേളനത്തിന് പാർലമെന്റിൽ തുടക്കമായി. 2014, 2019 വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സഭയിൽ വർധിത വീര്യത്തോടെയാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രോ ടേം സ്പീക്കറായി നിയമിതനായ ഭർതൃഹരി മഹ്താബാണ് സഭയുടെ താൽക്കാലിക അദ്ധ്യക്ഷൻ. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷം ഇന്ന് ലോക്സഭയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുകയാണ്.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ-പ്രതിപക്ഷ അംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണെന്ന് മോദി പറഞ്ഞു. ഭരണഘടനാ തത്ത്വങ്ങൾ പാലിക്കുമെന്നും എല്ലാവരുടേയും പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും മോദി പറഞ്ഞു.
ജൂൺ 25 ആയ നാളെ അടിയന്തരാവസ്ഥയുടെ 50ാം വാർഷിക ദിനമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
LIVE: ആദ്യ സമ്മേളനത്തിന്റെ ലൈവ് സംപ്രേഷണം ഇവിടെ കാണാം
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയിർത്തെഴുന്നേറ്റ പ്രതിപക്ഷം കൂടുതൽ പോരാട്ട വീര്യം പ്രകടിപ്പിക്കുമെന്നും എൻഡിഎ സർക്കാരിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ പ്രാപ്തരാണെന്നുമാണ് കാണേണ്ടത്. പ്രത്യേകിച്ചും നീറ്റ്-യുജി, നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിൽ വരും ദിവസങ്ങളിൽ പാർലമെന്റ് പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.
മറുവശത്ത്, കേന്ദ്ര സർക്കാരും പിന്നോട്ടില്ലെന്ന നിലപാടിലാണെന്ന് തോന്നുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) മേധാവിയെ പുറത്താക്കുകയും, പരീക്ഷാ പരിഷ്കരണങ്ങൾക്കും ഏജൻസിയുടെ അവലോകനത്തിനുമായി പദ്ധതിയൊരുക്കാൻ കേന്ദ്ര സർക്കാർ ശുപാർശ ചെയ്യാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
ആരോപണം ഉയരുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റിനിർത്തുന്നത് ഒരു പരിഹാരമല്ലെന്നും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ചൂണ്ടിക്കാട്ടി. തുടക്കം തന്നെ നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. നീറ്റ് നെറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നോട്ടീസ് നല്‍കും.
നീറ്റ്-നെറ്റ് പ്രശ്നം മാത്രമല്ല, പ്രോടേം സ്പീക്കർ പദവിയിൽ ഏഴ് തവണ ബിജെപി എംപിയായ ഭർതൃഹരി മഹ്താബിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിപക്ഷവും അസ്വസ്ഥരാണ്. കോൺഗ്രസിൽ നിന്ന് എട്ട് തവണ ലോക്‌സഭാ എംപിയായ കൊടിക്കുന്നിൽ സുരേഷിൻ്റെ അവകാശവാദം മറികടന്നാണ് ഈ നിയമനം. പ്രോ ടേം സ്പീക്കർ നിയമനത്തിൽ കേന്ദ്ര സർക്കാർ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച കോൺഗ്രസ്, ദളിത് വിഭാഗത്തിൽ പെട്ടയാളായതിനാൽ സുരേഷിനെ ബിജെപി സർക്കാർ അവഗണിച്ചെന്നും ആരോപിച്ചു.
കേരളത്തിലെ 18 പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപി ആയാണ് സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. അതേസമയം പ്രോ ടേം സ്പീക്കർ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാൽ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാൻ ഇന്ത്യ സഖ്യം രാവിലെ തീരുമാനമെടുത്തു. ഡിഎംകെയുടെ കൂടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഈ പാർലമെന്റ് സമ്മേളനത്തിൽ എട്ട് സിറ്റിങ്ങുകൾ ഉണ്ടാകും. ജൂലൈ 3നാണ് സമ്മേളനം സമാപിക്കുക.
Read More
- 'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ
- ഇടതുപക്ഷം കനത്ത തോൽവി നേരിട്ടു, വിവിധ ജാതീയ സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടു: സിപിഎം
- 'ജീവിക്കാൻ അനുവദിക്കണം, പാർട്ടിയോടുള്ള അപേക്ഷയാണ്'; കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ യുവതിയുടെ പരസ്യപ്രതികരണം
- തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു; കണ്ണൂരിൽ വീണ്ടും വില്ലനായി സ്റ്റീൽ ബോംബ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.