/indian-express-malayalam/media/media_files/AXf87kXYRIUPsAJ6UpAq.jpg)
ബെംഗളൂരുവിന് കാവേരി നദിയിൽ നിന്ന് 1,450 ദശലക്ഷം ലിറ്റർ വെള്ളമാണ് ലഭിക്കുന്നത്. കൂടാതെ 400 ദശലക്ഷം ലിറ്റർ പൊതു കുഴൽക്കിണറുകളിലൂടെ അധികമായി ശേഖരിക്കുന്നു. (എക്സ്‌പ്രസ് ഫോട്ടോ: ജിതേന്ദ്ര എം)
ബെംഗളൂരു: കുടിക്കാനുള്ള ആവശ്യങ്ങൾക്ക് ഒഴികെ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെ ബെംഗളൂരു നഗരത്തിൽ 22 പേരിൽ നിന്നായി 1.1 ലക്ഷം രൂപ പിഴ ചുമത്തി അധികൃതർ. നിരോധനം നിലവിൽ വന്ന് മൂന്ന് ദിവസത്തിനകമാണ് ഇത്രയധികം തുക പിഴയിനത്തിൽ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (BWSSB)ഈടാക്കിയത്. ജലവിതരണ പ്രതിസന്ധിക്കിടയിലും നിയന്ത്രണങ്ങൾ ലംഘിച്ച് കാർ കഴുകൽ പോലുള്ള പ്രവൃത്തികൾ ചെയ്തവർക്ക് മുട്ടൻ പണി കിട്ടിയത്.
മാർച്ച് രണ്ടാം വാരത്തിൽ നഗരത്തിൽ വാഹനങ്ങൾ കഴുകുന്നതിനും, പൂന്തോട്ട പരിപാലനത്തിനും, കെട്ടിട നിർമ്മാണത്തിനും, ആഡംബര ജലധാരകൾക്കും, വിനോദ ആവശ്യങ്ങൾക്കും, സിനിമാ ഹാളുകളിലും മാളുകളിലും കുടിവെള്ളം ഒഴികെയുള്ള അനാവശ്യ ജല ഉപയോഗത്തിനും, റോഡ് നിർമ്മാണത്തിനും മറ്റു വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും ഞായറാഴ്ച വരെ 22 ലംഘന കേസുകൾ കണ്ടെത്തി രസീതുകൾ നൽകിയ ശേഷം, ഉടനെ പിഴ ഈടാക്കിയതായും ജല അതോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. 65,000 രൂപ പിഴ ഈടാക്കിയ ബെംഗളൂരുവിലെ തെക്കുകിഴക്കൻ ഡിവിഷനിലാണ് ഭൂരിഭാഗം നിയമലംഘനങ്ങളും കണ്ടെത്തിയത്.
സ്ഥിരതാമസക്കാരും ദിവസേന വന്നു പോകുന്നവരും ഉൾപ്പെടെ ഏകദേശം 1.4 കോടി ജനസംഖ്യ ബെംഗളൂരുവിൽ ഉള്ളതായി ബോർഡ് ഉത്തരവിൽ പറയുന്നു. എല്ലാവർക്കും കുടിവെള്ള വിതരണം അത്യാവശ്യമാണ്. നിലവിൽ നഗരത്തിൽ ദിനംപ്രതി താപനില ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴയില്ലാത്തതിനാൽ ഭൂഗർഭ ജലനിരപ്പ് കുറഞ്ഞു. തൽഫലമായി നഗരത്തിലെ വെള്ളം പാഴായിപ്പോകുന്നത് തടയേണ്ടത് ആവശ്യമാണ്. കൂടാതെ പൊതുജനങ്ങൾ കുടിവെള്ളം മിതമായി ഉപയോഗിക്കേണ്ടത് ആവശ്യമാണ്.
1964ലെ BWSSB ആക്ട് സെക്ഷൻ 33, 34 എന്നിവ പ്രകാരം വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ആരെങ്കിലും നിരോധനം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 1916 എന്ന ഹെൽപ്പ് ലൈനിൽ ഉടൻ അറിയിക്കണമെന്നും ബോർഡ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ബെംഗളൂരു നഗരത്തിലെ മഴ കുറഞ്ഞതും കോൺക്രീറ്റ്‌വൽക്കരണവും ഭൂഗർഭ ജലവിതാനം ഗണ്യമായി കുറച്ചു. ബെംഗളൂരുവിൽ നിലവിൽ 110 ഗ്രാമങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളായ വർത്തൂർ, ബെല്ലന്തൂർ, ഹൂഡി, മാറത്തഹള്ളി എന്നിവിടങ്ങളിൽ ഭൂഗർഭജല വിതരണത്തിന് കാര്യമായ കുറവുണ്ട്. BWSSBയുടെ കണക്കുകൾ പ്രകാരം, ഭൂഗർഭജല സ്രോതസ്സുകളിൽ നിന്നുള്ള ജലലഭ്യതയിൽ 50 ശതമാനത്തിലധികം കുറവ് നഗരം നേരിടുന്നുണ്ട്.
Read More
- ജയിലിൽ നിന്നും ഭരണം നിയന്ത്രിച്ച് കേജ്രിവാൾ; ഡൽഹിയിലെ ജലപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കി
- അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിലെ ഏത് തിരിച്ചടിയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്, എന്തുകൊണ്ട്?
- കേജ്രിവാളിന്റെ അറസ്റ്റ്: ഡൽഹിയിൽ ബിജെപി ഓഫീസുകൾക്കുമുന്നിൽ എഎപി പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.