/indian-express-malayalam/media/media_files/NdMxZ4PVMGQjLBPxoVRx.jpg)
ബോളിവുഡ് താരപുത്രിമാരിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പേരുകളിലൊന്നാണ് ശ്വേത ബച്ചന്റേത്. ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്റെയും നടി ജയ ബച്ചന്റെയും മകൾ. അഭിഷേകിന്റെ സഹോദരി, ഐശ്വര്യയുടെ നാത്തൂൻ..... സിനിമയിലേക്ക് ശ്വേതയെ കണക്റ്റ് ചെയ്യുന്ന മേൽവിലാസങ്ങൾ ഇത്രനാളും ഇതൊക്കെയായിരുന്നു. ഇപ്പോൾ മകൻ അഗസ്ത്യ നന്ദയും ദി ആർച്ചീസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
കഴിഞ്ഞ ദിവസം, കപൂർ കുടുംബം സംഘടിപ്പിച്ച ക്രിസ്മസ് ലഞ്ചിൽ കപൂർ കുടുംബാംഗങ്ങൾക്കൊപ്പം ശ്വേതയും ഭർത്താവും പ്രഗത്ഭ വ്യവസായിയുമായ നിഖിൽ നന്ദയും പങ്കെടുത്തിരുന്നു. കപൂർ കുടുംബത്തിന്റെ ആഘോഷത്തിൽ ശ്വേതയും നിഖിൽ നന്ദയും എങ്ങനെയെത്തി എന്നു സംശയിക്കുന്നവർക്ക്, ഒരു തലമുറയ്ക്ക് അപ്പുറത്തേക്ക് കണ്ണോടിച്ചാൽ അതിനുള്ള ഉത്തരം കിട്ടും. രാജ് കപൂറിന്റെ മകൾ റിതു നന്ദയുടെ മകനാണ് നിഖിൽ നന്ദ.
ബോളിവുഡിലെ പ്രമുഖ കുടുംബങ്ങളായ ബച്ചൻ ഫാമിലി, കപൂർ ഫാമിലി എന്നിവരുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്ന ശ്വേതയും സമ്പത്തിന്റെയും ആസ്തിയുടെയും കാര്യത്തിൽ ഒട്ടും പിറകിലല്ല. 1997ലാണ് ശ്വേത ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി നിഖിൽ നന്ദയെ വിവാഹം കഴിച്ചത്. നവ്യ നവേലി, അഗസ്ത്യ നന്ദ എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, ശ്വേത ബച്ചന്റെ ആസ്തി 160 കോടി രൂപയാണ്. അതിൽ ശ്വേതയ്ക്ക് പിതാവ് അമിതാഭ് ബച്ചൻ സമ്മാനിച്ച മുംബൈ ജുഹുവിലെ 50 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവും ഉൾപ്പെടുന്നു. അതുമാത്രമല്ല, തന്റെ സ്വത്ത് മുഴുവനും ശ്വേതയ്ക്കും അഭിഷേക് ബച്ചനും തുല്യമായി വീതിക്കാനുള്ള താൽപ്പര്യം അമിതാഭ് ബച്ചൻ പ്രകടിപ്പിച്ചതായും ടൈംസ് ഓഫ് ഇന്ത്യ വെളിപ്പെടുത്തുന്നു. CNBC TV18 അനുസരിച്ച്, ഏതാണ്ട് 3190 കോടി രൂപയാണ് അമിതാഭ് ബച്ചന്റെ ആസ്തി.
അച്ഛനും അമ്മയും സഹോദരനും സഹോദരഭാര്യയും മകനുമെല്ലാം സിനിമയിൽ തിളങ്ങുമ്പോൾ എഴുത്തിനോടും ബിസിനസ്സിനോടുമൊക്കെയാണ് ശ്വേതയ്ക്ക് താൽപ്പര്യം. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് ശ്വേത. 2018-ൽ, 'പാരഡൈസ് ടവേഴ്‌സ്" എന്ന നോവലിലൂടെ എഴുത്തുകാരി എന്ന നിലയിലും ശ്വേത മുദ്ര പതിപ്പിച്ചു. വലിയ രീതിയിൽ ആ നോവൽ വിറ്റഴിക്കപ്പെടുകയുണ്ടായി.
സാഹിത്യ നേട്ടങ്ങൾക്കപ്പുറം, പ്രശസ്ത പ്രസിദ്ധീകരണങ്ങളിലെ കോളങ്ങളിലൂടെ ശ്വേത തന്റെ അറിവു ലോകത്തിനു മുന്നിൽ പ്രകടിപ്പിച്ചിട്ടുണ്ട്. മോഡലിംഗ് പ്രോജക്ടുകൾ, കിന്റർഗാർട്ടൻ അദ്ധ്യാപിക എന്ന നിലയിലെ ഹ്രസ്വകാല ജീവിതം, ഫാഷൻ ഡിസൈനർ മോനിഷ ജെയ്‌സിംഗുമായി സഹകരിച്ച് ലക്ഷ്വറി പ്രെറ്റ് ബ്രാൻഡായ MxS എന്ന സ്ഥാപനം സ്ഥാപിച്ചത്.. അങ്ങനെ വൈവിധ്യമാർന്ന സംരംഭങ്ങൾ അടങ്ങിയതാണ് ശ്വേതയുടെ കരിയർ.
Read More Lifestyle Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.