/indian-express-malayalam/media/media_files/uploads/2023/05/Orgasm-Benefits-sex.jpg)
Photo: The Indian Express
സംതൃപ്തകരമായ ലൈംഗിക ബന്ധത്തിനു ശേഷം നിങ്ങൾ അനുഭവിക്കുന്ന ഉല്ലാസം നിങ്ങളുടെ മുഖത്തും പ്രകടമാവും. ലൈംഗികതയ്ക്ക് ശേഷമുള്ള മുഖത്തെ ആ തിളക്കത്തിനാണ് ആഫ്റ്റർ ഗ്ലോ എന്നു പറയുന്നത്. വ്യക്തികൾ അനുഭവിക്കുന്ന പോസിറ്റീവും സംതൃപ്തവുമായ മാനസികാവസ്ഥയെ കൂടിയാണ് ആഫ്റ്റർ ഗ്ലോ സൂചിപ്പിക്കുന്നത്.
അസോസിയേഷൻ ഫോർ സൈക്കോളജിക്കൽ സയൻസിന്റെ ജേണലായ സൈക്കോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നവദമ്പതികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പങ്കാളികളിൽ 48 മണിക്കൂർ വരെ ഈ ആഫ്റ്റർ ഗ്ലോ നീണ്ടുനിൽക്കാം എന്നു തെളിഞ്ഞതായി പറയുന്നു. എന്താണ് സെക്സിനു ശേഷമുള്ള ഈ തിളക്കം എന്നു വിശദീകരിക്കുകയാണ് പ്രസവചികിത്സാ വിദഗ്ധയും ഗൈനക്കോളജിസ്റ്റുമായ ഡോ. ദിവ്യ.
"സെക്‌സ് നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു, ഇത് നിങ്ങൾക്ക് തിളക്കം നൽകുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഓക്‌സിടോസിൻ (സ്‌നേഹ ഹോർമോൺ) പുറത്തുവിടുകയും നിങ്ങളുടെ ശരീരം ശാന്തമാകാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു," ഡോ. ദിവ്യ പറയുന്നു.
മാനസിക സമ്മർദ്ദം പലപ്പോഴും പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. എന്നാൽ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സന്തോഷത്തിന്റെ ഹോർമോണായ ഡോപാമൈനിനൊപ്പം ഓക്സിടോസിനും ഉത്പാദിപ്പിക്കപ്പെടുന്നതോടെ നിങ്ങളുടെ സമ്മർദ്ദം കുറയുകയും മനസ്സും ശരീരവും ശാന്തമാവുകയും ചെയ്യുന്നു. അതുപോലെ, പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വലിയ അളവിൽ ഈസ്ട്രജൻ പുറത്തുവിടുന്നു. ഇത് കൊളാജൻ കുറയുന്നത് തടയുകയും പ്രായമാകൽ പ്രക്രിയയെ സാവകാശത്തിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ഈർപ്പവും മൃദുലതയും നിലനിർത്താൻ സഹായിക്കും.
സെക്‌സിന് ശേഷം ഉടനടി കാണുന്ന ആഫ്റ്റർ ഗ്ലോയ്ക്ക് പിന്നിലെ കാരണത്തെ കുറിച്ചും ഡോ. ദിവ്യ വിശദീകരിക്കുന്നു. "ശരീരം ലൈംഗികപരമായി ഉത്തേജിക്കുമ്പോൾ ശരീരത്തിലേക്കുള്ള രക്തയോട്ടവും രക്തചംക്രമണവും വർദ്ധിക്കുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യും. ഇത് ചർമ്മത്തിലേക്ക് കൂടുതൽ രക്തം ഒഴുകുന്നതിന് കാരണമാകുന്നു. ഇതുവഴി ചർമ്മത്തിന് ഒരു സ്വാഭാവിക ബ്ലഷ് ലഭിക്കുന്നു. മാത്രമല്ല, നിങ്ങളുടെ ചർമ്മത്തിലേക്ക് കൂടുതൽ ഓക്സിജൻ പോകുമ്പോൾ അത് തൽക്ഷണം തിളങ്ങുന്നു."
പോസിറ്റീവ് ലൈംഗികാനുഭവങ്ങൾ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിപ്പിക്കും. ലൈംഗികമായ ആഗ്രഹങ്ങൾ അതിന്റെ പൂർണതയോടെ പൂർത്തീകരിക്കുമ്പോൾ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലും മൊത്തത്തിലുള്ള ക്ഷേമത്തിലും അതിനു ശാശ്വതമായ സ്വാധീനം ചെലുത്താനാവും.
അതിനാൽ തന്നെ ചർമ്മസംരക്ഷണ ദിനചര്യയിൽ സെക്സും ഒരു ഘടകമായി പരിഗണിക്കുന്നത് മോശമായ ആശയമല്ലെന്ന് അവർ കൂട്ടിച്ചേർക്കുന്നു. നിങ്ങളുടെ മനസ്സിനും ചർമ്മത്തിനും എല്ലാ നേട്ടങ്ങളും കൊയ്യാനുള്ള ചെലവുകുറഞ്ഞ മാർഗമാണിത്.
ഏതൊരു പ്രണയ ബന്ധത്തിന്റെയും സുപ്രധാന ഘടകമാണ് ലൈംഗികത എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ആരോഗ്യകരവും സന്തോഷകരവുമായ ലൈംഗികത രണ്ട് പങ്കാളികൾ തമ്മിലുള്ള പ്രണയബന്ധത്തെ ദൃഢമാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദാമ്പത്യത്തിൽ 'ആഫ്റ്റർ ഗ്ലോ'യ്ക്കും നല്ല രീതിയിൽ സ്വാധീനം ചെലുത്താനാവും, കാരണം ലൈംഗിക സംതൃപ്തിയുടെ അടയാളം കൂടിയാണ് ആഫ്റ്റർ ഗ്ലോ.
അതേസമയം, എല്ലാവരിലും ഒരേ തലത്തിലുള്ള ആഫ്റ്റർഗ്ലോ അനുഭവവേദ്യമല്ല എന്നുകൂടി എടുത്തു പറയേണ്ടതുണ്ട്. വ്യക്തികൾ, ബന്ധത്തിന്റെ ചലനാത്മകത, വ്യക്തിഗതമായ സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒക്കെ ആഫ്റ്റർഗ്ലോ ഇഫക്റ്റിന്റെ തീവ്രതയെയും ദൈർഘ്യത്തെയും സ്വാധീനിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.