scorecardresearch

രതിമൂർച്ഛയുടെ ഈ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ?

രതിമൂർച്ഛയ്ക്ക് സ്ത്രീകളിൽ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ വരുത്താൻ സാധിക്കും

Orgasm, Orgasm Benefits, Orgasm health benefits, What is an orgasm, Types of orgasm, different types of orgasms
Orgasm and health benefits (Photo: The Indian Express)

ലൈംഗിക പ്രവർത്തനത്തിനിടയിൽ അനുഭവപ്പെടുന്ന ശാരീരികവും വൈകാരികവുമായ സംവേദനമാണ് രതിമൂർച്ഛ അഥവാ ഓർഗാസം എന്നു പറയുന്നത്. ഇതിനെ പലപ്പോഴും ലൈംഗിക സുഖത്തിന്റെ ക്ലൈമാക്സായി വിശേഷിപ്പിക്കപ്പെടുന്നു. ജനനേന്ദ്രിയ ഉത്തേജനം, ഓറൽ സെക്‌സ് അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ശാരീരിക സ്പർശനം എന്നിങ്ങനെ വിവിധ തരത്തിലുള്ള ലൈംഗിക ഉത്തേജനത്തിലൂടെ രതിമൂർച്ഛ കൈവരിക്കാനാകും. എട്ടുതരം ഓ‍ർഗാസം സ്ത്രീകളിൽ കാണപ്പെടാറുണ്ടെന്നാണ് സെക്സ് തെറാപ്പിസ്റ്റുകൾ പറയുന്നത്.

സ്ത്രീകളിൽ വളരെ സാവധാനത്തിൽ സംഭവിക്കുന്ന ഒന്നാണ് ഓർഗാസം എന്നത്. ഓർഗാസത്തിന് സ്ത്രീകളിൽ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ വരുത്താൻ സാധിക്കും.

  • ശരീരത്തിലെ സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാനും മാനസികമായും ശാരീരികമായും റിലാക്സേഷൻ നൽകാനും ഓർഗാസത്തിനു സാധിക്കും.
  • രതിമൂർച്ഛയുടെ സമയത്ത് പുറത്തുവിടുന്ന എൻഡോർഫിനുകൾ മനസ്സിൽ സന്തോഷവും ഉല്ലാസവും തോന്നിപ്പിക്കും. ഈ വികാരങ്ങൾ വ്യക്തികളെ കൂടുതൽ പോസിറ്റീവായ മാനസികാവസ്ഥയിലേക്ക് നയിക്കും.
  • ചില സ്ത്രീകളിൽ ആർത്തവ വേദന, പെൽവിക് വേദന എന്നിവയൊക്കെ കുറയ്ക്കാനും രതിമൂർച്ഛ സഹായിക്കാറുണ്ട്.
  • ഓർഗാസത്തോടെ മനസ്സും ശരീരവും റിലാക്സ് ആവുന്നു. ഇതുവഴി നല്ല ഉറക്കവും വിശ്രമവും ലഭിക്കും. ഉറക്കത്തെ മെച്ചപ്പെടുത്താനുള്ള കഴിവും രതിമൂർച്ഛയ്ക്ക് ഉണ്ട്.
  • പതിവായി ഓർഗാസം ഉണ്ടാവുന്നത് ലൈംഗിക ബന്ധത്തെ മെച്ചപ്പെടുത്തും. ലൈംഗികാഭിലാഷം വർദ്ധിപ്പിക്കാനും കൂടുതൽ എളുപ്പത്തിൽ രതിമൂർച്ഛ കൈവരിക്കാനുമൊക്കെ ഇത് സഹായിക്കും.

രതിമൂർച്ഛയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ പലയിടങ്ങളിലായി നടന്നിട്ടുണ്ട്. ഇത്തരം പഠനങ്ങളിൽ കണ്ടെത്തിയ രസകരമായ ചില വസ്തുതകളെ കുറിച്ചറിയാം. ലൈംഗിക പ്രവർത്തനത്തിനിടയിൽ പതിവായി രതിമൂർച്ഛ അനുഭവിക്കുന്ന സ്ത്രീകൾക്ക് മെച്ചപ്പെട്ട ലൈംഗികത, മാനസികാരോഗ്യം, ബന്ധങ്ങളിൽ സംതൃപ്തമായ അവസ്ഥ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ദി ജേണൽ ഓഫ് സെക്‌സ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. സമാനമായ കണ്ടെത്തലാണ് ദ ആർക്കൈവ്‌സ് ഓഫ് സെക്ഷ്വൽ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച പഠനവും പങ്കുവയ്ക്കുന്നത്.

രക്തത്തിൽ ഓക്സിടോസിൻ (ലവ് ഹോർമോൺ) ഉയർന്ന അളവിലുള്ള സ്ത്രീകൾക്ക് ലൈംഗിക പ്രവർത്തനങ്ങളിൽ രതിമൂർച്ഛ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഹോർമോൺസ് ആൻഡ് ബിഹേവിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

യോഗ പോലുള്ള വ്യായാമമുറകൾ ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും രതിമൂർച്ഛ അനുഭവിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റ സ്ത്രീകൾക്ക്, ക്ലിറ്റോറിസിന്റെയും യോനിയുടെയും വൈദ്യുത ഉത്തേജനം വഴി ആ ഭാഗങ്ങളിൽ ശാരീരിക സംവേദനം ഇല്ലെങ്കിൽപ്പോലും രതിമൂർച്ഛയിലേക്ക് എത്തിച്ചേരാനാവുമെന്ന് ദി ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പഠനങ്ങളെല്ലാം ചൂണ്ടികാണിക്കുന്നത് രതിമൂർച്ഛയ്ക്ക് ശാരീരികവും വൈകാരികവുമായ നിരവധി ഗുണങ്ങൾ ഉണ്ടെന്നാണ്.

ഓർഗാസം പലവിധം

പല രീതിയിൽ സ്ത്രീകൾക്ക് രതിമൂർച്ഛ സാധ്യമാണെന്നാണ് സെക്‌സ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ക്ലിറ്റോറൽ ഓർഗാസമാണ് അതിൽ പ്രധാനം. യോനിയുടെ മുകൾഭാഗത്ത് സ്ഥിതി ചെയ്യുന്ന വളരെ സെൻസിറ്റീവായ ക്ലിറ്റോറിസിന്റെ ഉത്തേജനത്തിലൂടെയാണ് ഇത്തരത്തിലുള്ള രതിമൂർച്ഛ കൈവരിക്കുന്നത്. രതിമൂർച്ഛ കൈവരിക്കുന്നതിനുള്ള ഏറ്റവും സാധ്യതയുള്ള മാർഗം ക്ലിറ്റോറൽ ഉത്തേജനമാണെന്ന് പല സ്ത്രീകളും വെളിപ്പെടുത്തുന്നു.

യോനിയിലെ രതിമൂർച്ഛയാണ് മറ്റൊന്ന്. യോനിയിലെയും ജി-സ്‌പോട്ടിന്റെയും ഉത്തേജനത്തിലൂടെയാണ് ഇത്തരത്തിലുള്ള രതിമൂർച്ഛ കൈവരിക്കുന്നത്. ക്ലിറ്റോറൽ, യോനിയിലെ ഉത്തേജനം എന്നിവയുടെ സംയോജനത്തിലൂടെ കൈവരുന്ന രതിമൂർച്ഛയാണ് മൂന്നാമത്തേത്. മാത്രമല്ല ഇത് രണ്ട് തരത്തിലുള്ള ഉത്തേജനങ്ങളേക്കാളും കൂടുതൽ തീവ്രവും ദീർഘകാലം നിലനിൽക്കുന്നതുമായ രതിമൂർച്ഛ സമ്മാനിക്കും. സ്തനങ്ങളുടെയും മുലക്കണ്ണുകളുടെയും ഉത്തേജനം വഴിയും ചില സ്ത്രീകളിൽ രതിമൂർച്ഛ സാധ്യമാണ്.

എല്ലാ സ്ത്രീകൾക്കും രതിമൂർച്ഛ കൈവരിക്കാൻ കഴിയണമെന്നില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സമ്മർദ്ദം, ഉത്കണ്ഠ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ, മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയൊക്കെ രതിമൂർച്ഛ കൈവരിക്കുന്നതിനു മുന്നിൽ തടസ്സമായി മാറാം. രതിമൂർച്ഛ കൈവരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിലോ ലൈംഗിക ആരോഗ്യകാര്യത്തിൽ ആശങ്കകൾ ഉണ്ടെങ്കിലോ ആരോഗ്യവിദഗ്ധരോടോ സെക്‌സ് തെറാപ്പിസ്ററിനോടോ മാർഗ്ഗനിർദ്ദേശം നേടുക.

Stay updated with the latest news headlines and all the latest Relationship news download Indian Express Malayalam App.

Web Title: The surprising health benefits of orgasm