/indian-express-malayalam/media/media_files/BJ4NRP3iHYAkW8IL5rI9.jpg)
Photo Source: Pexels
മുഖത്ത് പൊടിയും അഴുക്കും നീക്കം ചെയ്യാൻ മുഖം നന്നായി കഴുകണം. നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് കൂടുതൽ ഗുണം ചെയ്യും. എന്നാൽ, ഫേസ് വാഷ് ഉപയോഗിക്കേണ്ടത് രാവിലെ ആദ്യമോ അതോ രാത്രിയിൽ കിടക്കുന്നതിനു മുൻപായിട്ടാണോ എന്ന സംശയം പലർക്കുമുണ്ട്.
വ്യക്തിഗത മുൻഗണനകൾ, ചർമ്മത്തിന്റെ തരം, ജീവിതശൈലി ശീലങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളെ ഫേസ് വാഷ് ഉപയോഗിക്കുന്നതിനുള്ള സമയം ആശ്രയിച്ചിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. രാവിലെയും രാത്രിയും ഫേസ് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം നൽകും. രാവിലെ മുഖം കഴുകുന്നത് ആ ദിവസത്തിനായി ചർമ്മത്തെ തയ്യാറാക്കാൻ സഹായിക്കുന്നു. രാത്രിയിൽ മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും പൊടിയും നീക്കം ചെയ്യാൻ സഹായിക്കുന്നു.
രാവിലെ ഉറക്കമുണർന്ന ഉടൻ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തെ പുതുക്കാനും രാത്രിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളോ അധിക എണ്ണകളോ നീക്കം ചെയ്യാനും സഹായിക്കും. രാവിലെ ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നതിലൂടെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ പ്രയോഗിക്കുമ്പോൾ നല്ല ഗുണം ലഭിക്കാൻ സഹായിക്കും. രാത്രിയിൽ ചർമ്മ സംരക്ഷണത്തിനായി മുഖത്ത് പ്രയോഗിച്ച ഉത്പന്നങ്ങളുടെ ഏതെങ്കിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും രാവിലെ മുഖം കഴുകുന്നതിലൂടെ കഴിയും.
അതേസമയം, രാത്രിയിൽ ഫേസ് വാഷ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. മേക്കപ്പ്, അഴുക്ക്, പൊടി എന്നിവ ഫലപ്രദമായി നീക്കംചെയ്യുന്നതിന് ഫേസ് വാഷ് വേണം. ഉറങ്ങുന്നതിനു മുൻപ് മുഖം വൃത്തിയാക്കുന്നത് സുഷിരങ്ങൾ അടയുന്നത് തടയാനും മുഖക്കുരു വരുന്നത് തടയാനും ചർമ്മത്തിന് പുതുജീവൻ നൽകാനും സഹായിക്കുന്നു. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളായ സെറം, മോയ്സ്ച്യുറൈസറുകൾ എന്നിവ ചർമ്മത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് അവയുടെ ഫലപ്രാപ്തി വർധിപ്പിക്കാനും രാത്രി മുഖം കഴുകുന്നത് സഹായിക്കുന്നു.
എണ്ണമയമുള്ളതോ മുഖക്കുരുവിന് സാധ്യതയുള്ളതോ ആയ ചർമ്മമുള്ള വ്യക്തികൾക്ക്, രാവിലെയും രാത്രിയും മുഖം കഴുകുന്നത് അധിക എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിനും മുഖക്കുരു വരുന്നത് തടയുന്നതിനും ഗുണം ചെയ്യും. എന്നാൽ, വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർ ദിവസത്തിൽ ഒരിക്കൽ മാത്രം (രാത്രിയിലാണ് നല്ലത്) മുഖം കഴുകിയാൽ മതിയാകും.
ചർമ്മത്തിന്റെ തരത്തിന് ചേരുന്ന പിഎച്ച്-ബാലൻസ്ഡ് ഫേസ് വാഷ് തിരഞ്ഞെടുക്കണം. കാഠിന്യമുള്ളതോ അമിതമായി ഡ്രൈ ആകുന്നതോ ആയ ക്ലെൻസറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചർമ്മത്തിന് അനാവശ്യ സമ്മർദം നൽകാതെ അഴുക്കുകൾ നീക്കം ചെയ്യുന്ന ഒരു നേരിയ ക്ലെൻസർ തിരഞ്ഞെടുക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us