/indian-express-malayalam/media/media_files/MunaDIjohsRofZ01dQg7.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി 10,000 രൂപ നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിവരം അറിയിച്ചത്. ദുരിന്തബാധിതർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനും സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്ന് പേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.
മുണ്ടക്കൈ,ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കലക്ടറുടെ റിപ്പോർട്ട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വ്യാഴാഴ്ച വൈകീട്ട് വരെ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.195 ശരീരഭാഗങ്ങൾ കണ്ടെത്തി.ഡിഎൻ എ സാമ്പിൾ ഫലം വന്നാലെ കൃത്യമായ എണ്ണം കണക്കാക്കാനാകൂ. ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി കണക്കാക്കുന്നത് ശാസ്ത്രീയമായി ശരിയല്ല. 233 പേരുടെ സംസ്‌കാരം നടത്തി. 14 ക്യാമ്പുകളിലായി മേപ്പാടിയിൽ 641 കുടുംബം താമസിക്കുന്നുണ്ട്. കുട്ടികൾ അടക്കം 1942 പേർ ക്യാമ്പിലുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.