/indian-express-malayalam/media/media_files/uploads/2020/09/mullappally.jpg)
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിരിവെടുക്കാൻ കിട്ടിയ മറ്റൊരു അവസരമാണ് സിപിഎമ്മിന് ഇരട്ടക്കൊലപാതക കേസെന്നും മുല്ലപ്പള്ളി ആക്ഷേപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം മുല്ലപ്പള്ളി ആവർത്തിച്ചു.
വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോൺഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങൾക്കെതിരെ നാളെ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ ഉപവാസം നടത്തും. കേസുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഇറങ്ങി അടൂർ പ്രകാശിനെതിരെ വിടുവായത്തം പറയുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Read More: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം: ഒരു സ്ത്രീയടക്കം 7 പേർ അറസ്റ്റിൽ
സംഭവത്തിൽ അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന നയമല്ല കോൺഗ്രസിന് ഉള്ളതെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കെ സുധാകരന്‍റെ പ്രസ്താവന തള്ളി. വെഞ്ഞാറമൂട് കേസിൽ അറസ്റ്റിലായവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് ഡിസിസിയാണ്. ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തിരുവോണത്തിന്റെ തലേ രാത്രി പതിനൊന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (32), സിപിഎം കലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് (25) എന്നിവരാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് തുടക്കം മുതലേ ഡിവൈഎഫ്ഐയും സിപിഎമ്മും ആരോപിച്ചിരുന്നു. മിഥിലാജ് സംഭവസ്ഥലത്തും ഹക്ക് മെഡിക്കൽ കോളജിലുമാണ് മരിച്ചത്. യൂത്ത് കോൺഗ്രസുകാരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന എസ്‌എഫ്‌ഐ തേമ്പാമൂട് മേഖല സെക്രട്ടറി സഹിന്‍ പൊലീസിന് മൊഴി നൽകി. സഹിൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Read More: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇ.പി.ജയരാജൻ
കേസിൽ ഇതുവരെ ഒരു സ്ത്രീയടക്കം ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച മതപുരം സ്വദേശി പ്രീജയാണ് അറസ്റ്റിലായവരിൽ ഒരാൾ. പ്രീജയുടെ വീട്ടിൽ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്.
ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അറസ്റ്റിലായവരിൽ നാല് പേരെ കോടതി റിമാൻഡ് ചെയ്തു. ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെയാണ് റിമാൻഡ് ചെയ്തത്. ഇതോടെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പടെ 9 പേരാണ് ഇതുവരേയും പൊലീസിന്‍റെ പിടിയിലായത്. ഇതിൽ അൻസാർ, സജീവ്, സനൽ, ഉണ്ണി എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us