തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി.ജയരാജൻ. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നതിനു അടൂര്‍ പ്രകാശ് എംപിയെ ബന്ധപ്പെട്ടിരുന്നതായി ജയരാജൻ ആരോപിച്ചു. കൊലയ്‌ക്കു ശേഷം ലക്ഷ്യം നിർവഹിച്ചുവെന്ന് പ്രതികൾ അടൂർ പ്രകാശിന് സന്ദേശം അയച്ചതായി ജയരാജൻ ആരോപിച്ചു.

Read Also: ഡിവെെഎഫ്ഐ നേതാക്കളെ വെട്ടിയത് നാല് പേർ ചേർന്ന്; പ്രതികൾ കോൺഗ്രസ് പ്രവർത്തകർ, അറസ്റ്റ് രേഖപ്പെടുത്തി

അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു.

നിഷേധിച്ച് അടൂർ പ്രകാശ്

ഇ.പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങളെ അടൂർ പ്രകാശ് നിഷേധിച്ചു. കേവലമൊരു മാർക്‌സിസ്റ്റ് പാർട്ടി നേതാവിനെ പോലെയാണ് മന്ത്രി കസേരയിൽ ഇരിക്കുന്ന ജയരാജൻ സംസാരിക്കുന്നതെന്നും കൊലക്കേസ് പ്രതികളുമായി തനിക്കുള്ള ബന്ധം തെളിയിക്കണമെന്നും അടൂർ പ്രകാശ് വെല്ലുവിളിച്ചു. “ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എംപിയെന്ന നിലയ്ക്ക് പലരും വിളിക്കാറുണ്ട്. പ്രതികളിലൊരാള്‍ സിഐടിയുക്കാരനാണ്. ഇത് മറയ്ക്കാനാണ് ശ്രമം,” അടൂർ പ്രകാശ് പറഞ്ഞു

കൂടുതൽ പ്രതികൾ പിടിയിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ രണ്ട് പ്രധാനപ്രതികള്‍ കൂടി പിടിയില്‍ . കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള അന്‍സാറും ഉണ്ണിയുമാണ് പിടിയിലായത്. അതേസമയം നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാലുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസ്.

കോൺഗ്രസിന് ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷൻ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസിന് ബന്ധമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയിൽ നിന്നു തനിക്കു റിപ്പോർട്ട് ലഭിച്ചെന്നും രണ്ട് പേരുടെ മരണം സിപിഎം ആഘോഷിക്കുകയാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.