തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച മതപുരം സ്വദേശി പ്രീജയാണ് അറസ്റ്റിലായവരിൽ ഒരാൾ. പ്രീജയുടെ വീട്ടിൽ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്.

ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അറസ്റ്റിലായവരിൽ നാല് പേരെ കോടതി റിമാൻഡ് ചെയ്തു. ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെയാണ് റിമാൻഡ് ചെയ്തത്. ഇതോടെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പടെ 9 പേരാണ് ഇതുവരേയും പൊലീസിന്‍റെ പിടിയിലായത്. ഇതിൽ അൻസാർ, സജീവ്, സനൽ, ഉണ്ണി എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്.

Read More: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇ.പി.ജയരാജൻ

അതേസമയം, ഡിവൈഎഫ്‌ഐ നേതാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാമനപുരം എംഎൽഎ ഡി.കെ.മുരളിയുടെ മകനുമായിട്ടുള്ള തര്‍ക്കമാണെന്നായിരുന്നു അടൂര്‍ പ്രകാശ് എംപി ആരോപിച്ചു. വേങ്ങമല എന്ന ക്ഷേത്രത്തില്‍ ഉത്സവം നടന്ന സമയത്ത്, വാമനപുരം എംഎല്‍എയുടെ മകനെ അവിചാരിതമായി ഒരു സ്ഥലത്ത് കണ്ടപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അടിപിടിയുണ്ടാകുകയും പിന്നീട് പ്രദേശത്ത് തുടര്‍ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഷജിത്തിന്റെ ശബ്‌ദരേഖ ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. “ഞാനും അതിൽ ഒരു കണ്ണിയായി. എഫ്ഐആർ ഇട്ടില്ല. എംപിയൊക്കെ ഇടപെട്ടു. എംപി വിളിച്ചായിരുന്നു. എംപി തന്നെ എല്ലാം ക്ലിയറാക്കി തന്നു,” ഷജിത്തിന്റേത് ആണെന്ന് പറഞ്ഞ് ഡിവെെഎഫ്ഐ പുറത്തുവിട്ട ശബ്‌ദരേഖയിൽ പറയുന്നു.

Read More: ഫൈസല്‍ വധശ്രമക്കേസിൽ അടൂർ പ്രകാശ് ഇടപെട്ടു; ശബ്‌ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്‌ഐ

കേസിൽ അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നതിനു അടൂര്‍ പ്രകാശ് എംപിയെ ബന്ധപ്പെട്ടിരുന്നുവെന്നും കൊലയ്‌ക്കു ശേഷം ലക്ഷ്യം നിർവഹിച്ചുവെന്ന് പ്രതികൾ അടൂർ പ്രകാശിന് സന്ദേശം അയച്ചുവെന്നു ജയരാജൻ ആരോപിച്ചിരുന്നു.

അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോള്‍ ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജൻ ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook