/indian-express-malayalam/media/media_files/s72YCvxB1TADGLof6b1n.jpg)
വി.ഡി.സതീശൻ
തിരുവനന്തപുരം: സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇവർ കുറ്റവാളികൾക്ക് കുട പിടിക്കുകയാണ്. ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അതിക്രമം നേരിട്ടവർ ധൈര്യമായി മുന്നോട്ട് വന്നു തുറന്നു പറഞ്ഞു. പക്ഷേ, സർക്കാരിന്റെ ഭാഗത്തുനിന്നും നിയമപരമായ ഇടപെടൽ ഉണ്ടാകുന്നില്ല. പാർട്ടിയിലെ ചിലർ തന്നെ മുകേഷിന്റെ രാജിക്കായി സമ്മർദം ചെലുത്തി, എന്നിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. മുകേഷ് രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു.
നടിയുടെ പരാതിയിൽ മുകേഷിനെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തതോടെ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മുകേഷ് രാജിവയ്ക്കേണ്ടെന്നാണ് പൊതുവേ സിപിഎമ്മിനുള്ളിലെ അഭിപ്രായം. സമാന ആരോപണങ്ങൾ പ്രതിപക്ഷത്തുള്ള എംഎൽഎമാർക്ക് നേരെ ഉയർന്നപ്പോൾ അവർ രാജിവച്ചില്ലെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ധാർമ്മികതയുടെ പേരിൽ മുകേഷ് രാജിവെച്ച് മാറിനിൽക്കണമെന്നാണ് സിപിഐ നിലപാട്. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.