/indian-express-malayalam/media/media_files/FdlEnruPJATDZU9zUYmp.jpg)
തൃശൂർ പൂരം (ഫയൽ ചിത്രം)
തൃശൂർ: പൂര പ്രേമികളെ ആവേശത്തിലാക്കി തൃശൂർ പൂരം വെടിക്കെട്ട്. പൊലീസുമായുള്ള തർക്കത്തെ തുടർന്ന് നിർത്തിവച്ച തൃശൂർ പൂരം വെടിക്കെട്ട് നാലു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മന്ത്രി കെ.രാജൻ, കലക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് നിർത്തിവച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് നടത്താനും തീരുമാനമായത്.
പുലർച്ചെ മൂന്നുമണിക്കാണ് വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. എന്നാൽ മണിക്കൂറുകൾ വൈകി തുടങ്ങിയതിനാൽ പകൽ വെളിച്ചത്തിലാണ് പൂരം പ്രേമികൾക്ക് വെടിക്കെട്ട് കാണാനായത്. ആദ്യം പാറമേക്കാവിന്‍റെയും തുടർന്ന് തിരുവമ്പാടിയുടെയും വെടിക്കെട്ടാണ് നടന്നത്. മാനത്ത് വർണങ്ങൾ വാരിവിതറുന്ന വെടിക്കെട്ടിന്റെ മനോഹാരിത പകൽവെളിച്ചത്തിൽ പൂരപ്രേമികൾക്ക് ആസ്വദിക്കാനായില്ലെങ്കിലും ആർപ്പുവിളികൾക്ക് തെല്ലും കുറവില്ലായിരുന്നു.
വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റു ചടങ്ങുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമായേക്കും. പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗമാണ് പൂരം നിർത്തിവച്ചത്. ഇതോടെയാണ് വെടിക്കെട്ടുൾപ്പെടെയുള്ള പൂരം ചടങ്ങുകൾ വൈകിയത്.
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനത്തിന് ഇടയാക്കിയത്. പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും മേളക്കാരെയും മാത്രം കടത്തിവിട്ടതും പ്രതിഷേധത്തിനിടയാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.