/indian-express-malayalam/media/media_files/2PWOwEEkDlabccusTZuW.jpg)
20 Lok Sabha Constituencies Through the Ages
കേരളത്തിൽ കോൺഗ്രസ് എപ്പോഴും ഓർക്കാനും, എന്നാൽ സി.പി.എമ്മും സി.പി.ഐയും മറക്കാനും ഇഷ്ടപ്പെടുന്ന വർഷമാണ് 2019. അക്കൊല്ലം, മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19ഉം കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) നേടിയപ്പോൾ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) ഒറ്റ സീറ്റേ കിട്ടിയുള്ളൂ. (ഒരു സീറ്റിൽ ജയിച്ച, യു.ഡി.എഫിലായിരുന്ന കേരളാ കോൺഗ്രസ് (എം) പിന്നീട്, മുന്നണി വിട്ട് എൽ.ഡി.എഫിലെത്തി).
നഷ്ടപ്പെട്ട ഒന്നു കൂടി നേടി, 20/20യിലെത്താനുള്ള ആഗ്രഹത്തിൽ യു.ഡി.എഫും അഞ്ചു വർഷം മുമ്പത്തെ ദയനീയാവസ്ഥയിൽ നിന്ന് മാന്യമായ വിജയത്തിലെത്താനുള്ള ശ്രമത്തിൽ എൽ.ഡി.എഫും ഒന്നിലെങ്കിലും ജയിച്ച് ‘മോദി ഗാരന്‍റി’ കേരളത്തിലേക്കും പരത്താനുള്ള ശ്രമത്തിൽ, എൻ.ഡി.എയും രംഗത്തിറങ്ങിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് തന്നെ, ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയെന്നതാണ് ഇത്തവണത്തെ സവിശേഷത. സാധാരണ യു.ഡി.എഫിൽ സ്ഥാനാർഥി നിർണ്ണയം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പതിവുണ്ടായിരുന്നു എങ്കിലും അവിടെയും കാര്യങ്ങൾ ശാന്തമായിരുന്നു.
രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഒരാളൊഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരും മത്സരിക്കുമെന്ന തീരുമാനവും പുതിയതായി വന്നതിലൊരാൾ കോൺഗ്രസിന്‍റെ ദേശീയ നേതാവായതും മറ്റെയാൾ തിരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമായി, വന്ന യുവ നേതാവായതും കാര്യങ്ങൾ എളുപ്പമാക്കി.
എൻ.ഡി.എയിൽ ബി.ജെ.പിയും സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമാണ് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്. രണ്ടു കേന്ദ്രമന്ത്രിമാരും പാർട്ടി സംസ്ഥാന പ്രസിഡന്‍റുമടക്കമുള്ളവരെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ഏറ്റവും വൈകി സ്ഥനാർഥി നിർണ്ണയം നടന്നത് ബി.ജെ.പിയിലാണ്.
കേരളത്തിൽ ഭരണം നടത്തുന്നത് എൽ.ഡി.എഫ് ആണെങ്കിലും, ലോക്സഭ തിരഞ്ഞെടുപ്പാവുമ്പോൾ, സംസ്ഥാനത്ത് മുന്നണി നന്നേ ചുരുങ്ങും. നിയമ സഭാ തെരഞ്ഞെടുപ്പിലും തുടർന്ന് മന്ത്രിസഭാ രൂപീകരണത്തിലും കാട്ടുന്ന ഉദാര സമീപനമൊന്നും ലോക്സഭാ സീറ്റ് പങ്കിടലിൽ ഉണ്ടാവാറില്ല.
സി.പി.എമ്മും സി.പി.ഐയും സീറ്റുകളിൽ സിംഹഭാഗവും വീതം വച്ചെടുത്ത ശേഷം മറ്റാരെയെങ്കിലും കൂട്ടിയാലായി എന്ന നിലയിലാണ് കാര്യങ്ങളെത്തുക. ആകെയുള്ള 20 സീറ്റിൽ സി.പി.എം - 15, സി.പി.ഐ - 4, കേരളാ കോൺഗ്രസ്(എം) - 1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലൈന്‍ അപ്പ്.
മുൻപ് മുന്നണിയിലുള്ള ആർ.എസ്.പി എന്ന ഇടതുപക്ഷ പാർട്ടിയേയും ജനതാദൾ, കോൺഗ്രസ്-എസ് പോലുള്ള ജനാധിപത്യപാർട്ടികളെയും പരിഗണിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം നിർത്തി.
യു.ഡി.എഫിലായിരുന്നപ്പോൾ ജയിച്ച സീറ്റുമായി വന്നതുകൊണ്ടാണ് കേരളാ കോൺഗ്രസ് (എം)നെ ഇപ്പോൾ, പരിഗണിക്കുന്നത് തന്നെ. പശ്ചിമ ബംഗാളിലും ത്രിപുരയിലും നാമാവശേഷമായതോടെ, പരമാവധി സീറ്റുകളും വോട്ടുകളും നേടുക എന്നത് തങ്ങളുടെ ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിലടക്കം നിർണ്ണായകമായ സാഹചര്യത്തിലാണ് മറ്റുള്ളവരെ നോക്കേണ്ടതില്ലെന്ന നിലപാടിൽ സി.പി.എമ്മും സി.പി.ഐയും എത്തിയത്. അതിൽ പിണങ്ങിപ്പോയ ആർ.എസ്.പി ഇപ്പോൾ യു.ഡി.എഫിലാണ്.
യു.ഡി.എഫിൽ കോൺഗ്രസ് - 16, മുസ്ലിം ലീഗ് - 2, കേരളാ കോൺഗ്രസ് - 1, ആർ.എസ്.പി - 1, എന്ന നിലയിലാണ് മത്സരിക്കുന്നത്.
എൻ.ഡി.എയിൽ ബി.ജെ.പി 16, ബി.ഡി.ജെ.എസ്-4 എന്നിങ്ങനെ മത്സരിക്കുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് എൽ.ഡി.എഫിനാണ് തിരിച്ചടിയായതെങ്കിൽ തുടർന്ന് സംസ്ഥാനത്തു നടന്ന തദ്ദേശതെരഞ്ഞെടുപ്പും പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പും നിലംപരിശാക്കിയത് യു.ഡി.എഫിനെയാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എൽ.ഡി.എഫ്, നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുമായി തുടർ ഭരണത്തിലെത്തി ചരിത്രത്തിന്‍റെ ഭാഗമാവുകയും ചെയ്തു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ നെഞ്ചടിപ്പുമായാണ് എൽ.ഡി.എഫ് ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ നിയമസഭാ തെരന്നെടുപ്പ് ഫലത്തിന്‍റെ ആശങ്കയിലാണ് യു.ഡി.എഫിന്‍റെ നിൽപ്പ്.
മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന പ്രചാരണത്തിനിടയിൽ, അങ്ങനെ സംഭവിച്ചാൽ അതിൽ ഒരു പങ്കുമില്ലാതായാൽ കേരളത്തിൽ ഭാവി എന്താവുമെന്നതാണ് ബി.ജെ.പിയെ അലട്ടുന്നത്.
2019
*യു.ഡി.എഫ്-19
കോൺഗ്രസ്-15
മുസ്ലിം ലീഗ്-2
കേരളാ കോൺഗ്രസ്-1
ആർ.എസ്.പി-1
*എൽ.ഡി.എഫ്-1
സി.പി.എം-1
2014
*യു.ഡി.എഫ്- 12
കോൺഗ്രസ്-08
മുസ്ലിം ലീഗ്-02
കേരളാ കോൺഗ്രസ് എം-01
ആർ.എസ്.പി-01
*എൽ.ഡി.എഫ് - 08
സി.പി.എം-05
സി.പി.ഐ-01
ഇടതു സ്വതന്ത്രർ- 02
/indian-express-malayalam/media/media_files/BhxuGGguclSe4NYe6tSE.jpg)
തിരുവനന്തപുരം
തിരുവനന്തപുരത്ത് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇക്കുറി രാജീവ് ചന്ദ്രശേഖറിലൂടെ ലീഡ് ചെയ്യുന്നു. രാവിലെ 11 മണി വരെ 5783 വോട്ടുകളുടെ ലീഡാണ് അദ്ദേഹം നേടിയെടുത്തത്. എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എക്കും ഒരു പോലെ അഭിമാന വിഷയമാണ് തലസ്ഥാന മണ്ഡലമായ തിരുവനന്തപുരം. ജയം നിലനിർത്തുക എന്നതാണ് കോൺഗ്രസിന്‍റെ ദൗത്യമെങ്കിൽ രണ്ടാം സ്ഥാനത്തു നിന്ന് ഒന്നിലേക്കെത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. രണ്ടു തവണയായി മൂന്നാം സ്ഥാനക്കേക്ക് തള്ളപ്പെടുന്നുവെന്ന മാനഹാനി ഇല്ലാതാക്കുകയാണ് സി.പി.ഐയുടെ ആഗ്രഹം.
മൂന്നു പ്രാവശ്യമായി ‘വിശ്വ പൗര’ പരിവേഷത്തിൽ വിജയിക്കുന്ന കോൺഗ്രസ്സിലെ ശശി തരൂർ നാലാം തവണ മത്സരത്തിനെത്തുന്നത് ദേശീയ നേതാവായിട്ടാണ്. യു.എന്നിലെ ജോലി കഴിഞ്ഞ് കോൺഗ്രസ്സിലെത്തിയ അദ്ദേഹത്തിന് പാർട്ടയിൽ ഔദ്യോഗിക പദവികൾ ഒന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിക്കുശേഷം രൂപപ്പെട്ട ‘തിരുത്തൽ ഗ്രൂപ്പിൽ’പെട്ട അദ്ദേഹം കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി മല്ലികാർജന ഖാർഗെക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് കേരളത്തിൽ സജീവമാകാനുള്ള ശ്രമവും തുടങ്ങിയിരുന്നു.
എന്നാൽ, ഹൈക്കമാൻഡ് അദ്ദേഹത്തെ പ്രവർത്തക സമിതിയിൽ അംഗമാക്കി ദേശീയ തലത്തിലേക്കുയർത്തി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന നേതാവ് എ.കെ. ആന്‍റണി എന്നിവർക്കൊപ്പം കേരളത്തിൽ നിന്ന്, സ്ഥിരാംഗമായി ഉയർത്തപ്പെട്ട മൂന്നാമനാണ് തരൂർ. അതിനാൽ വിജയം അദ്ദേഹത്തിനും പാർട്ടിക്കും ഒരു പോലെ പ്രധാനമാണ്.
ബി.ജെ.പിയുടെ പ്രഭാവകാലത്തിനും മുമ്പ്, 40 വർഷം മുമ്പ് തന്നെ സംഘപരിവാർ ലക്ഷ്യമിടുകയും സാന്നിധ്യം അറിയിക്കുകയും ചെയ്ത മണ്ഡലമാണ് തിരുവനന്തപുരം. 1984 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി മത്സരിച്ച പി. കേരളവർമ്മരാജ നേടിയത് 110,449 വോട്ടാണ്. അതുകൊണ്ട് തന്നെ, കേരളത്തിൽ നിന്ന് ഒരു സീറ്റ് നേടുന്നത് തിരുവനന്തപുരത്ത് നിന്നാവും എന്ന പ്രതീക്ഷയിൽ തങ്ങളുടെ പ്രമുഖ നേതാക്കളെത്തന്നെയാണ് ബി.ജെ.പി ഇവിടെ രംഗത്തിറക്കിയത്.
2014ലും 2019ലും രണ്ടാം സ്ഥാനത്ത് എത്തി, തങ്ങളുടെ ആശ വർധിപ്പിക്കാനും അവർക്കായി. രണ്ടിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നതിനുള്ള തടസ്സം ശശി തരൂരിന്‍റെ ‘വിശ്വപൗര വേഷ’മാണെന്ന വിലയിരുത്തിൽ അദ്ദേഹത്തിന് സമാനനായ ഒരു മലയാളിയെ രംഗത്തിറക്കിയുള്ള പരീക്ഷണമാണ് ഇത്തവണ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിലൂടെ ബി.ജെ.പി നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയിലെ ജോലിയൊഴിച്ചുള്ള തരൂരിന്‍റെ ‘യോഗ്യത’കളെല്ലാം രാജീവിനുമുണ്ടെന്നും അത് വോട്ടായി മാറുമെന്നുമുള്ള പ്രതീക്ഷയാണ് അവർക്കുള്ളത്.
ഇടതുപക്ഷത്തിന്‍റെ പ്രമുഖ നേതാക്കൾ വിജയിച്ചിട്ടുള്ള മണ്ഡലത്തിൽ ബി.ജെ.പിയുടെ വളർച്ചയോടെ വന്ന ഗ്രഹണകാലം മറികടക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്, സി.പി.ഐയിലെ ജനകീയ മുഖമായ പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കുന്നത്.
2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കും പുറകിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന്‍റെ നാണക്കേട് മറികടക്കേണ്ടതു കൂടിയുണ്ട് അവർക്ക്. 2004ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.ഐലെ പി.കെ.വാസുദേവൻ നായരുടെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത് പന്ന്യൻ രവീന്ദ്രനായിരുന്നു.
മുതിർന്ന നേതാവായിരുന്ന കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ച കാലത്ത് നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ പിന്തുണയും പന്ന്യനുണ്ടായിരുന്നു. അതിനു ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്നീട് പ്രായപരിധി നിബന്ധനയെത്തുടർന്ന് പാർട്ടിയിലെ നേതൃസമിതികളിൽ നിന്നും മാറി നിൽക്കുകയായിരുന്ന അദ്ദേഹത്തെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യത്തോടെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
മണ്ഡല പരിധിയിൽ വരുന്ന കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിൻകര എന്നീ ഏഴ് മണ്ഡലങ്ങളിൽ കോവളത്തൊഴികെ ആറിടത്തും എൽ.ഡി.എഫാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 12 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
2019
ശശി തരൂർ (കോൺഗ്രസ്) - 4,16,131
കുമ്മനം രാജശേഖരൻ (ബി.ജെ.പി) - 3,16,142
സി.ദിവാകരൻ (സി.പി.ഐ) - 2,58,556
ഭൂരിപക്ഷം - 99,989
/indian-express-malayalam/media/media_files/RUFmravom6S86WiA4mub.jpg)
ആറ്റിങ്ങൽ
ആറ്റിങ്ങലിൽ 2885 വോട്ടുകളുടെ ലീഡുമായി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഒന്നാമതാണ്. ലോകസഭ, രാജ്യസഭ, നിയമസഭ എന്നിവയുടെ മത്സരമാണ് ആറ്റിങ്ങലിൽ നടക്കുന്നത്. സിറ്റിങ് എം.പി അടൂർ പ്രകാശ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, വി.ജോയ് എം.എൽ.എ എന്നിവരാണ് കോൺഗ്രസ്, ബി.ജെ.പി, സി.പി.എം സ്ഥാനാർഥികളായി രംഗത്തുള്ളത്. രാജ്യസഭാംഗമായി കേന്ദ്ര മന്ത്രിസഭയിലെത്തിയ മുരളീധരന്‍റെ രാജ്യസഭ കലാവധി അടുത്തിടെയാണ് അവസാനിച്ചത്.
മുൻപ് ചിറയിൻകീഴും പിന്നീട് ആറ്റിങ്ങൽ ആയപ്പോഴും ഇടതു ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന മണ്ഡലം കഴിഞ്ഞ യു.ഡി.എഫ് തരംഗത്തിൽ ഇടതുപക്ഷത്തെ വിട്ട് കോൺഗ്രസ് കൈപിടിക്കുകയായിരുന്നു. രാഷ്ട്രീയ സ്വഭാവം വച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് മണ്ഡലത്തിൽ,ഒരിക്കലും കടന്നുകയറാൻ കഴിയില്ല എന്ന ധാരണ തിരുത്തുന്നതും കൂടിയായിരുന്നു 2019ലെ തെരഞ്ഞെടുപ്പു ഫലം. ബി.ജെ.പിക്ക് കഴിഞ്ഞ തവണയുണ്ടായ വോട്ടുവർധന ഒന്നരലക്ഷത്തിലധികമായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ ജയിച്ച് മന്ത്രിയുമൊക്കെയായി കഴിഞ്ഞിരുന്ന അടൂർ പ്രകാശിനെ മണ്ഡലം പിടിക്കുക എന്ന ദൗത്യവുമായാണ് കോൺഗ്രസ് കഴിഞ്ഞ തവണ നിയോഗിച്ചത്. കോന്നിയിൽ സി.പി.എമ്മിലെ സിറ്റിങ് എം.എൽ.എയിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തുപോലെ സിറ്റിങ് എം.പി സി.പി.എമ്മിലെ എ. സമ്പത്തിനെ തോൽപ്പിച്ചാണ് അടൂർ പ്രകാശ് ആറ്റിങ്ങൽ എം.പിയായത്. പിടിച്ചെടുത്ത മണ്ഡലം നിലനിർത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.
അപ്രതീക്ഷിതമായി നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാൻ ആരെ നിയോഗിക്കണമെന്ന സി.പി.എമ്മിന്‍റെ അന്വേഷണം അവസാനിച്ചത് മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കലയിലെ എം.എൽ.എയും പാർട്ടി ജില്ലാ സെക്രട്ടറിയുമായ വി.ജോയിയിലാണ്. നീണ്ട ആലോചനകൾക്കു ശേഷം കണ്ടെത്തിയ ജില്ലാ സെക്രട്ടറിയെ ഉടൻ തന്നെ തെരഞ്ഞെടുപ്പു ദൗത്യം ഏൽപ്പിക്കാൻ സി.പി.എം തീരുമാനിച്ചതിൽ നിന്നു തന്നെ ആറ്റിങ്ങലിന് അവർ നൽകുന്ന പ്രധാന്യം വ്യക്തം. വർക്കലയിൽ നിന്ന് രണ്ടാം തവണ ജയിക്കുന്ന അദ്ദേഹം ഇത്തവണ ജയിച്ചത് 50 ശതമാനത്തിലധികം വോട്ടുനേടിയാണെന്ന പ്രത്യേകതയുമുണ്ട്.
2014ൽ 10.53 ശതമാനം ആയിരുന്ന മണ്ഡലത്തിലെ വോട്ടു ശതമാനം 2019ൽ 24.97 ശതമാനമായി ഉയർന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന നേതാവുമായ വി. മുരളീധരനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം.
മുതിർന്ന നേതാക്കൾ ലോക്സഭയിലേക്ക് മത്സരിക്കുക എന്ന പാർട്ടി തീരുമാനത്തിന്‍റെ കൂടി ഭാഗമായിട്ടാണ് മുരളീധരന്‍റെ രംഗപ്രവേശം. മണ്ഡല പരിധിയിൽ വരുന്ന വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനായിരുന്നു വിജയം. ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
2019
അടൂർ പ്രകാശ് (കോൺഗ്രസ്)- 3,80,995
എ.സമ്പത്ത് (സി.പി.എം)- 3,42,748
ശോഭാ സുരേന്ദ്രൻ (ബി.ജെ.പി)- 2,48,081
ഭൂരിപക്ഷം- 38,247
/indian-express-malayalam/media/media_files/wUVSQP9DLQg8oHx9aiAq.jpg)
കൊല്ലം
കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ എൻ.കെ. പ്രേമചന്ദ്രൻ ലീഡ് നിലയിൽ ബഹുദൂരം മുന്നിലാണ്. ലീഡ് നില 31,000 കടന്നിട്ടുണ്ട്. നടനും എൽഡിഎഫ് എംഎൽഎയുമായ എം. മുകേഷ് ആണ് രണ്ടാം സ്ഥാനത്ത്. നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾ കേരളത്തിൽ മത്സരിക്കുന്നുണ്ടെങ്കിലും മോദിയുമായുള്ള അടുപ്പവും അദ്ദേഹത്തിന്‍റെ വിരുന്നും വരെ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന കേരളത്തിലെ ഏക മണ്ഡലമാണ് കൊല്ലം.
സിറ്റിങ് എം.പി എൻ.കെ പ്രേമചന്ദ്രനും പ്രധാന മന്ത്രി നരേന്ദ്രമോദിയും തമ്മിലുണ്ടെന്ന് പറയുന്ന സൗഹൃദമാണ് മറ്റേത് രാഷ്ട്രീയ വിഷയത്തേക്കാളും മണ്ഡലത്തിലെ ചൂടു വിഷയം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ വന്നതായിരുന്നു ചർച്ചയെങ്കിൽ ഇത്തവണ മോദിയും പ്രേമചന്ദ്രനും ചേർന്ന് ഭക്ഷണം കഴിച്ചതാണ് വിഷയം.
തെരഞ്ഞെടുക്കപ്പെട്ട ചില എം.പി മാരെ അപ്രതീക്ഷിതമായി മോദി ഉച്ചവിരുന്നിന് ക്ഷണിച്ചതിൽ പ്രതിപക്ഷ എം.പിയായ പ്രേമചന്ദ്രനും ഉൾപ്പെട്ടത് പ്രേമചന്ദ്രൻ-മോദി അന്തർധാരയുടെ ഭാഗമാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. വിരുന്നിൽ പങ്കെടുത്ത മറ്റൊരു എം.പി ബി.ജെ.പിയിൽ ചേരുകകൂടി ചെയ്തതോടെ ആരോപണം കനത്തു. എന്നാൽ, അതൊരു സാധാരണ സംഭവമെന്ന് പറഞ്ഞ് ഒഴിയുകയാണ് മൂന്നാം തവണ മത്സരത്തിനിറങ്ങുന്ന യു.ഡി.എഫിലെ എൻ.കെ പ്രേമചന്ദ്രൻ(ആർ.എസ്.പി).
കിട്ടുന്ന ഏതു വിഷയവും തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതിൽ നിന്നു തന്നെ വ്യക്തമാവുന്നുണ്ട് കൊല്ലത്തെ തെരഞ്ഞെടുപ്പ് ചൂട്.
പ്രേചന്ദ്രനടക്കം ആർ.എസ്.പിക്കാർ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്ന കൊല്ലം മണ്ഡലം അവർ തിരിച്ചുചോദിക്കുകയും സി.പി.എം കൊടുക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് എൽ.ഡി.എഫ് വിട്ട് ആർ.എസ്.പി യു.ഡി.എഫിൽ എത്തിയതും പ്രേമചന്ദ്രൻ മത്സരിക്കുന്നതും.
2014 ലും 2019ലും അദ്ദേഹം സി.പി.എമ്മിലെ എം.എ ബേബിയേയും കെ.എൻ ബാലഗോപാലിനെയും തോൽപ്പിച്ചു. ആർ.എസ്.പിക്ക് പാർട്ടിയെന്ന നിലയിൽ പഴയ പ്രതാപമൊക്കെ പോയി, നിയമസഭയിൽ പൂജ്യത്തിലെത്തിയെങ്കിലും എൻ.കെ പ്രേമചന്ദ്രന്‍റെ വ്യക്തി പ്രതാപത്തിലാണ് പാർട്ടിയുടെ നിലനിൽപ്പുതന്നെ.
സി.പി.എമ്മിന്‍റെയും പിണറായി വിജയന്‍റെയും കടുത്ത വിമർശകനെന്ന നിലയിലും പാർലമെന്‍റിലെ പ്രവർത്തനവും പരിഗണിച്ച് പ്രേമചന്ദ്രന്‍റെ വിജയം യു.ഡി.എഫിന്‍റെയാകെ ആവശ്യമാണ്. പഞ്ചായത്തു മുതൽ ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്നയാൾ എന്ന പ്രത്യേകതയും പ്രേമചന്ദ്രനുണ്ട്.
മുതിർന്ന നേതാക്കളെ പരീക്ഷിച്ചിട്ടും തുടർച്ചായി നേരിടേണ്ടി വന്ന തോൽവികൾക്കുള്ള മറുമരുന്നായിട്ടാണ് ചലച്ചിത്ര നടൻ കൂടിയായ എം.എൽ.എ എം. മുകേഷിനെ സി.പി.എം രംഗത്തിറക്കിയത്. പ്രേമചന്ദ്രന്‍റെ രാഷ്ട്രീയ ജനപ്രിയതയെ മുകേഷിന്‍റെ ജനപ്രിയ നടനത്തിലൂടെ മറികടക്കാമോയെന്നാണ് സി.പി.എം നോക്കുന്നത്. കൊല്ലം മണ്ഡലത്തിൽ, പുതുമുഖമായി എത്തി, രണ്ടാമതും ജയിക്കാൻ കാട്ടിയ അദ്ദേഹത്തിന്‍റെ വൈഭവത്തിലാണ് സി.പി.എമ്മിന്‍റെ പ്രതീക്ഷ.
സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട ബി.ജെ.പി സ്ഥാനാർഥികളിലൊരാളാണ് നടൻ കൂടിയായ ജി. കൃഷ്ണകുമാർ. കൊല്ലത്ത് പുതിയ താരമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചതിന്‍റെ അനുഭവ പരിചയമാണ് കൈമുതൽ. മോദിപ്രഭാവത്തിൽ വോട്ടു നേടാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
മണ്ഡലത്തിൽ ഉൾപ്പെടുന്ന ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളിൽ കുണ്ടറയൊഴികെ ആറിടത്തും വിജയിച്ചത് എൽ.ഡി.എഫ് ആണ്. 12 സ്ഥാനാർഥികളാണ് ഇത്തവണ മത്സര രംഗത്ത്.
2019
എൻ.കെ പ്രേമചന്ദ്രൻ (ആർ.എസ്.പി)-4,99,677
കെ.എൻ.ബാലഗോപാൽ (സി.പി.എം)-3,50,821
കെ.വി സാബു (ബി.ജെ.പി)-1,03,399
ഭൂരിപക്ഷം-1,48,856
/indian-express-malayalam/media/media_files/nJ55Rh43rjTEZs6q6hvW.jpg)
പത്തനംതിട്ട
പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്‍റോ ആന്‍റണിയാണ് 14,000 ലീഡുമായി ജയപ്രതീക്ഷയിലുള്ളത്. തോമസ് ഐസക് ഏറെ പിന്നിലാണ്.ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്നുള്ള വിവാദത്തിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് പത്തനംതിട്ട. ശബരിമല ഉൾപ്പെടുന്ന മണ്ഡലം എന്ന പ്രത്യേകതയും പത്തനംതിട്ടക്കുണ്ട്.
രൂപീകരിക്കപ്പെട്ട 2009 മുതൽ മൂന്നു പ്രാവശ്യവും കോൺഗ്രസ് ജയിച്ച മണ്ഡലം രാഷ്ട്രീയമായി യു.ഡി.എഫിന് മേൽക്കൈ ഉള്ളതാണ്. വിദേശ മലയാളികൾ ഏറെയുള്ള ഇവിടെ മത, സാമുദായിക ഘടകങ്ങളും വിശ്വാസവും രാഷ്ട്രീയത്തിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി പ്രചാരണത്തിന് ആദ്യമെത്തിയ മണ്ഡലങ്ങളിലൊന്നായി ഇവിടം മാറിയത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സിന്‍റെ തലമുതിർന്ന നേതാവും പാർട്ടി പ്രവർത്തക സമിതി അംഗവുമായ എ.കെ ആന്‍റണിയുടെ മകൻ ബി.ജെ.പി സ്ഥാനാർഥിയായി എന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. മണ്ഡല രൂപീകരണം മുതൽ എം.പിയായി തുടരുന്ന ആന്‍റോ ആന്‍റണി തന്നെയാണ് നാലാം തവണയും കോൺഗ്രസ്സിനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഇദ്ദേഹത്തിന്‍റെ സ്ഥനാർഥിത്വത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ചില അസ്വാരസ്യങ്ങൾ ഉയർന്നെങ്കിലും സിറ്റങ് എം.പിമാർ തുടരണമെന്ന പാർട്ടി തീരുമാനത്തിന്‍റെ ബലത്തിൽ എതിർപ്പുകൾ ഒന്നും ഉയരാതെയാണ് അദ്ദേഹം സ്ഥാനാർഥിയായി എത്തിയത്.
മണ്ഡലത്തിൽ ചെയ്ത കാര്യങ്ങളെക്കുറിച്ച് എം.പി വാചാലനാവുമ്പോൾ അതിനെ പ്രതിരോധിച്ചു കൊണ്ടാണ് എതിർ സ്ഥാനാർഥികളുടെ നിൽപ്പ്. മൂന്നു പ്രാവശ്യവും ആന്‍റോ ആന്‍റണിക്കെതിരെ മണ്ഡലത്തിൽ നിന്നുള്ളവരെയാണ് സി.പി.എം നിർത്തിയിരുന്നത്. അത് ഫലം കാണാത്ത സാഹചര്യത്തിലാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഡോ. ടി. എം തോമസ് ഐസക്കിനെ രംഗത്തിറക്കാൻ പാർട്ടി തീരുമാനിച്ചത്.
കുറേ നാളുകളായി ജില്ലയിലെ പാർട്ടി വേദികളിലും പൊതുപരിപാടികളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. പ്രവാസികൾ നിർണ്ണായകമായ മണ്ഡലത്തിൽ,ഈയിടെ ഐസക്കിന്‍റെ നേതൃത്വത്തിൽ മൈഗ്രേഷൻ കോൺക്ലേവ് എന്ന പേരിൽ ആഗോള മലയാളി സംഗമവും സംഘടിപ്പിച്ചിരുന്നു. നല്ല രീതിയിൽ ഗൃഹപാഠം ചെയ്താണ് അദ്ദേഹം പത്തനംതിട്ടയിലെത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായിരുന്നു ബി.ജെ.പി സ്ഥാനാർഥിയായുള്ള അനിൽ ആന്‍റണിയുടെ വരവ്. തന്‍റെ പാർട്ടിയായ ജനപക്ഷത്തെ ബി.ജെ.പിയിൽ മുൻ കേരളാ കോൺഗ്രസുകാരനായ മുൻ എം.എൽ.എ പി. സി ജോർജ്ജ് ലയിപ്പിച്ചതു പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം മോഹിച്ചുകൊണ്ടായിരുന്നു. എന്നാൽ, ചിലകോണുകളിൽ നിന്നുള്ള എതിർപ്പുകൾ കൂടി പരിഗണിച്ചപ്പോഴാണ് അനിൽ ആന്‍റണിയെ രംഗത്തിറക്കാൻ ബി.ജെ.പി തീരുമാനിച്ചത്. കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ 28.97 ശതമാനം വോട്ടുനേടിയ ഇവിടെ വിശ്വാസം ആശ്വാസമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ അഞ്ചു നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീരണ്ടു മണ്ഡലങ്ങളും ചേർന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. ഇവിടെയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു വിജയം. ഇത്തവണ എട്ടു സ്ഥാനാർഥികളാണ് രംഗത്ത്.
2019
ആന്‍റോ ആന്‍റണി (കോൺഗ്രസ്)-3,80,927
വീണാ ജോർജ് (സി.പി.എം)-3,36,684
കെ.സുരേന്ദ്രൻ (ബി.ജെ.പി)-2,97,396
ഭൂരിപക്ഷം 44,243
/indian-express-malayalam/media/media_files/MtRtnuT7qlHMf7JCfgsK.jpg)
മാവേലിക്കര
മൂന്നു ജില്ലകളിലും ഒപ്പം മൂന്നു വ്യത്യസ്ഥ ഭൂപ്രദേശങ്ങളിലുമായി പരന്നുകിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. മണ്ഡല പുനർ നിർണ്ണയത്തിൽ അടൂർ മാറി വന്നതാണ് മാവേലിക്കര. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകൾ ഉൾക്കൊള്ളുന്ന മണ്ഡലത്തിന്‍റെ ഒരു പൊതുസ്വഭാവം നിർണ്ണയിക്കുക അസാധ്യമാണ്. അതുകൊണ്ടു തന്നെ, ഭൂമി മലയാളത്തിലെ എല്ലാ വിഷയങ്ങളും ഇവിടുണ്ട്. യു.ഡി.എഫിനൊപ്പം എൽ.ഡി.എഫിന്‍റെയും ശക്തികേന്ദ്രങ്ങൾ മണ്ഡലത്തിലുണ്ടെങ്കിലും രൂപീകരണത്തിനു ശേഷമുള്ള മൂന്നു തെരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു വിജയം.
സംസ്ഥാനത്തെ ഏറ്റവും സീനിയർ പാർലമെന്‍റംഗമായ കൊടിക്കുന്നിൽ സുരേഷാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. ഒരു ബ്രേക്ക് എടുക്കാം എന്ന ചിന്തയിലാവാം വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടിലായിരുന്നു കൊടിക്കുന്നിലെങ്കിലും പകരക്കാരനെ കണ്ടെത്തുക അത്ര എളുപ്പമല്ലാത്തതിനാൽ കോൺഗ്രസ് ആ നിർദ്ദേശം ഗൗരവമായി എടുത്തതേ ഇല്ല. സിറ്റിങ് സ്ഥാനാർഥികൾ വീണ്ടും മത്സരിക്കുക എന്ന തീരുമാനം കൂടി വന്നതോടെ, കൊടിക്കുന്നിൽ സുരേഷ് വീണ്ടും സ്ഥാനാർഥിയായി.1989ൽ അടൂരിൽ തുടങ്ങി, മാവേലിക്കരയിൽ എത്തി നിൽക്കുന്ന കൊടിക്കുന്നിലിന്‍റെ തെരഞ്ഞെടുപ്പ് യാത്രക്ക് 35 വർഷത്തെ ദൈർഘ്യമുണ്ട്.
ആകെയുള്ള ഒൻപതു മത്സരത്തിൽ രണ്ടു തോൽവികളും അടൂരിലുണ്ടായി. സി.പി.ഐലെ ചെങ്ങറ സുരേന്ദ്രനായിരുന്നു രണ്ടു തവണയും വിജയി. ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പുകൂടിയാണ് കൊടിക്കുന്നിൽ. കൊടിക്കുന്നിലിനോടുള്ള തുടർച്ചയായ തോൽവിയിൽ നിന്ന് ഒരു വിജയം പ്രതീക്ഷിച്ചാണ് യുവ നേതവായ സി.എ അരുൺകുമാറിനെ സി.പി.ഐ രംഗത്തിറക്കിയത്. കൃഷി മന്ത്രി പി.പ്രസാദിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ അരുൺ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗവും സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. കേരള സർവകലാശാല യൂനിയൻ കൗൺസിലറായും രപവർത്തിച്ചിട്ടുണ്ട്.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് നൽകിയിട്ടുള്ള മണ്ഡലത്തിൽ ബൈജു കലാശാലയാണ് സ്ഥാനാർഥി. മണ്ഡല പരിധിയിൽ വരുന്ന ചങ്ങനാശ്ശേരി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തുർ, കൊട്ടാരക്കര, പത്തനാപുരം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനായിരുന്നു വിജയം. ഒൻപതു സ്ഥാനാർഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
2019
കൊടിക്കുന്നിൽ സുരേഷ് (കോൺഗ്രസ്)-4,40,415
ചിറ്റയം ഗോപകുമാർ (സി.പി.ഐ)-3,79,277
തഴവ സഹദേവൻ (ബി.ഡി.ജെ.എസ്)-1,33,546
ഭൂരിപക്ഷം-61,388
/indian-express-malayalam/media/media_files/EuEzD6PC5kwJw6YiTnmD.jpg)
ആലപ്പുഴ
ആലപ്പുഴയിൽ പ്രതാപകാലത്തെ അനുസ്മരിപ്പിച്ച് ലീഡ് തിരിച്ചുപിടിച്ച് കെ.സി. വേണുഗോപാൽ. 27,551 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി നേടിയത്. 2019ലെ യു.ഡി.എഫ് തരംഗത്തിൽ എൽ.ഡി.എഫിന് ഒരു തരി കനലായി നിന്ന് ആശ്വാസചൂടു പകർന്ന മണ്ഡലമാണ് ആലപ്പുഴ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രം എന്നു പറയുമ്പോഴും ലോക്സഭയിലേക്ക് കോൺഗ്രസ്സുകാർ അനായസം കയറിപ്പോയ മണ്ഡലം കൂടിയാണിത്.
ഇവിടെ മത്സരിക്കാനെത്തിയ അതിഥികളെ വീട്ടുകാരാക്കിയ പാരമ്പര്യവും ആലപ്പുഴക്കുണ്ട്. ഇത്തവണ രണ്ടു എം.പിമാർ തമ്മിലുള്ള മത്സരം കൂടിയാണ് ഇവിടെ. സിറ്റിങ് എം.പി എ.എം ആരിഫും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം കെ.സി. വേണുഗോപാലും ആണ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ.
കോൺഗ്രസ്സിന്‍റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള ചുമതലകളും രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യത്തിലെ ഉത്തരവാദിത്തങ്ങളും മുൻ നിർത്തിയാണ് രണ്ടു തവണ വിജയിച്ച ആലപ്പുഴയിലെ മത്സര രംഗത്തു നിന്ന് കെ.സി വേണുഗോപാൽ കഴിഞ്ഞ തവണ മാറി നിന്നത്. ഇത്തവണയും ആ ചുമതലകളും ഉത്തരവാദിത്തങ്ങളും ഉണ്ടെങ്കിലും അദ്ദേഹം യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരത്തിനെത്തിയിരിക്കുകയാണ്.
വേണുഗോപാൽ ജയിച്ചാൽ അത് ബി.ജെ.പിക്ക് ഒരു രാജ്യസഭാംഗത്തെ സംഭാവന ചെയ്യലാവും എന്ന ആക്ഷേപം എൽ.ഡി.എഫ് ഉയർത്തുന്നുണ്ട്. എന്നാൽ രാജ്യസഭയല്ല, ലോക്സഭയാണ് പ്രധാനം എന്നും കഴിഞ്ഞ തവണ നഷ്ടമായ ഏക മണ്ഡലം തിരിച്ചുപിടിക്കലാണ് തന്‍റെ ദൗത്യമെന്നുമാണ് വേണുഗോപാലിന്‍റെ പക്ഷം. കോൺഗ്രസ്സിന്‍റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി മത്സരിക്കാനെത്തിയതോടെ ഇിവടത്തെ മത്സരത്തിന് ദേശീയ ശ്രദ്ധയും വന്നു കഴിഞ്ഞു.
സിറ്റിങ് എം.പി എന്ന നിലയിലെ പ്രവർത്തന മികവിന്‍റെ പട്ടികയുമായിട്ടാണ് എൽ.ഡി.എഫിലെ സി.പി.എം സ്ഥനാർഥി എ.എം. ആരിഫ് രംഗത്തുള്ളത്. മോദി സർക്കാറിനെതിരായ പ്രതിരോധത്തിൽ ഏകനായിട്ടും താൻ പൊരുതി നിന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. അരൂർ എം.എൽ.എ ആയിരക്കെയാണ് കഴിഞ്ഞ തവണ ആരിഫ് ലോക്സഭാ സ്ഥാനാർഥിയായത്. അവിടെ ആദ്യ മത്സരത്തിൽ കെ.ആർ. ഗൗരിയമ്മയെയാണ് തോൽപ്പിച്ചത്. അതിനാൽ, എതിരാളി ആരെന്നത് പ്രശ്നമല്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.
മത്സരിച്ച സ്ഥലങ്ങളിൽ പരാജയപ്പെട്ടെങ്കിലും അവിടെയെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ വോട്ടു നേടിയ ചരിത്രമാണ് ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രനുള്ളത്. ആ ആത്മവിശ്വാസവുമായാണ് അവരുടെ മത്സരം. മണ്ഡല പരിധിയിൽ വരുന്ന അരൂർ, ചേർത്തല, ആലപ്പുഴ,അമ്പലപ്പുഴ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും ഹപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. ഇത്തവണ 11 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
2019
എ.എം ആരിഫ് സി.പി.എം- 4,45,970
ഷാനിമോൾ ഉസ്മാൻ കോൺഗ്രസ്- 4,35,496
കെ.എസ് രാധാകൃഷ്ണൻ ബി.ജെ.പി- 1,87,729
ഭൂരിപക്ഷം - 10,474
/indian-express-malayalam/media/media_files/xuCCLwVlZR49wBBcP3LE.jpg)
കോട്ടയം
കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് 31,000 വോട്ടിന്റെ ലീഡുമായി കുതിക്കുകയാണ്. സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ ബഹുദൂരം പിന്നിലാണ്.
യു.ഡി.എഫിൽ വിജയിച്ച സ്ഥാനാർഥിയും പാർട്ടിയും എൽ.ഡി.എഫായി മത്സരിക്കുന്ന കോട്ടയത്ത് കേരളാ കോൺഗ്രസ്സുകളുടെ മത്സരമാണ്. കഴിഞ്ഞ തവണ ഒന്നായിരുന്ന കേരളാ കോൺഗ്രസ്സ് ഒരുമിച്ച് നിന്ന് ഇടതുപക്ഷത്തെ നേരിടുകയായിരുന്നെങ്കിൽ ഇപ്പോൾ അവർ രണ്ടായി ഭിന്നിച്ച് ഇരു മുന്നണികളിലായി പോരടിക്കുന്നു. യു.ഡി.എഫിലെ കോൺഗ്രസസിനും കേരളാ കോൺഗ്രസിനും പ്രാമുഖ്യമുള്ള മണ്ഡലത്തിൽ ഇടതുപക്ഷം നടത്തിയിട്ടുള്ള ചില പരീക്ഷണങ്ങളാണ് അവരെ വിജയിപ്പിച്ചിട്ടുള്ളത്.
സിറ്റിങ് എം.പി. തോമസ് ചാഴിക്കാടന്‍റെ രണ്ടാം മത്സരമാണിത്. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്നുവെങ്കിൽ ഇത്തവണ എൽ. ഡി. എഫിലാണെന്ന വ്യത്യാസമുണ്ട്. മുൻപ് ഏറ്റുമാനൂർ എം.എൽ.എ ആയിരുന്നതിനാൽ കോട്ടയവുമായി അടുത്ത ബന്ധമുള്ളയാളാണ്. ഫണ്ട് വിനിയോഗത്തിലെ മികവ് ചൂണ്ടിക്കാട്ടി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലൂടെ വളരെ മുമ്പേ പ്രചാരണം തുടങ്ങിയിരുന്നു.
കേരളാ കോൺഗ്രസ് സ്ഥാപക നേതാവ് കെ.എം ജോർജ്ജിന്‍റെ മകനും മുൻ ഇടുക്കി എം.പിയുമാണ് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്ജ്. രണ്ടുതവണ അവിടെ നിന്ന് വിജയിച്ചിട്ടുമുണ്ട്. കേരളാ കോൺഗ്രസിന്‍റെ തലസ്ഥാനത്ത് സ്ഥാപക നേതാവിന്‍റെ മകൻ എന്ന പരിവേഷവുമായി മത്സരിക്കുമ്പോൾ എതിർസ്ഥാനാർത്ഥിയും സിറ്റിങ് എം പിയുമായ തോമസ് ചാഴിക്കാടന് വേണ്ടി മുന്നിൽ നിൽക്കുന്നത് സാക്ഷാൽ കെ.എം മാണിയുടെ മകനാണ് എന്ന പ്രത്യേകതയുമുണ്ട്.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയാണ്. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് എന്നതിനേക്കാൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മകൻ എന്നതാണ് അദ്ദേഹത്തിന്‍റെ കൈമുതൽ.
റബ്ബർ കർഷകർക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ പ്രധാന വിഷയങ്ങളിലൊന്ന് റബ്ബർ തന്നെ.
മണ്ഡലപരിധിയിൽ വരുന്ന പിറവം, പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ വിജയിച്ചത് യു.ഡി.എഫ് ആണ്. വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫും. ഇത്തവണ 14 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
2019
തോമസ് ചാഴിക്കാടൻ (കേരളാ കോൺഗ്രസ്-എം)- 4,21,046
വി.എൻ വാസവൻ (സി.പി.എം)- 3,14,787
പി.സി തോമസ് (കേരളാ കോൺഗ്രസ്)- 1,55,135
ഭൂരിപക്ഷം- 1,06,259
/indian-express-malayalam/media/media_files/nIlLfi31xxkwJB1msxQy.jpg)
ഇടുക്കി
സിറ്റിങ് എം.പി കോൺഗ്രസിലെ ഡീൻ കുര്യക്കോസ് 80,896 വോട്ടിന്റെ ലീഡുമായി വിജയം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് നേതാവ് ജോയ്സ് ജോർജ് ബഹുദൂരം പിന്നിലാണ്.
മൂന്നാം തവണയും ഒരേ സ്ഥാനാർഥികൾ തമ്മിൽ മത്സരിക്കുന്ന മണ്ഡലമാണ് ഇടുക്കി. ഇതിൽ രണ്ടുപേരും ഓരോ വിജയം നേടി നിൽക്കുകയാണ്. അടുത്ത കുറി ആർക്കാണ് എന്ന തീരുമാനമാണ് ഇത്തവണ ഉണ്ടാവേണ്ടത്. കുടിയേറ്റ, കാർഷിക മണ്ഡലത്തിൽ ജയാപജയങ്ങൾ നിർണ്ണയിക്കുന്നതിൽ കാർഷിക, ഭൂപ്രശന്ങ്ങൾക്ക് സുപ്രധാന പങ്കാണുള്ളത്. ഇത്തവണ വന്യജീവി ശല്യം എന്ന പുതിയ വിഷയം കൂടി വന്നിട്ടുണ്ട്.
സിറ്റിങ് എം.പി കോൺഗ്രസിലെ ഡീൻ കുര്യക്കോസ് രണ്ടാം വിജയം പ്രതീക്ഷിച്ചാണ് മത്സരരംഗത്തുള്ളത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ്സിലുടെ പൊതുരംഗത്ത് വന്ന അദ്ദേഹം യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ആദ്യമായി മത്സര രംഗത്തുവന്നത്. അന്ന് പരാജയപ്പെട്ടെങ്കിലും അടുത്ത തവണ വിജയിയായി.
ഗാഡ്ഗിൽ റിപ്പോർട്ടും തുടർന്നു വന്ന കസ്തൂരിരംഗൻ റിപ്പോർട്ടിനും എതിരെ രൂപം കൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനായി നേതൃസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ജോയ്സ് ജോർജ്. ഇരു റിപ്പോർട്ടുകൾക്കും എതിരെ ഉയർന്ന ജനവികാരം മുതലാക്കാനായിരുന്നു 2014ൽ സി.പി.എം അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിച്ചത്. അത്തവണ ജയം കണ്ട ജോയ്സ് ജോർജ് ഇത്തവണ സി.പി.എം ചിഹ്നത്തിൽത്തനെനയാണ് മത്സരം.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിലെ സംഗീതാ വിശ്വനാഥനാണ് സ്ഥാനാർഥി. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം സംസ്ഥാന സെക്രട്ടറിയുമാണ്.
മണ്ഡല പരിധിയിൽ വരുന്ന മൂവാറ്റുപുഴ, തൊടുപുഴ നിയമസഭാ മണ്ഡലങ്ങളിൽ യു.ഡിഎഫും കോതമംഗലം, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.
2019
ഡീൻ കുര്യാക്കേസ് (കോൺഗ്രസ്)-4,98,493
ജോയ്സ് ജോർജ്ജ് (ഇടതു സ്വതന്ത്രൻ)-3,27,440
ബിജുകൃഷ്ണൻ (ബി.ഡി.ജെ.എസ്)-78,648
/indian-express-malayalam/media/media_files/rz4HQlmvBHfyp9RdXcPU.jpg)
എറണാകുളം
എറണാകുളത്ത് ലീഡ് തുടരുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. 97,000ത്തിലേറെ വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്. കേരളത്തിന്‍റെ മഹാനഗരവും രണ്ടാം തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഇടവുമാണ് എറണാകുളം. കേരളത്തിലാകെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ ഏറെയൊന്നും ഏശാതെ ഇപ്പോഴും കോൺഗ്രസിനും യു.ഡി.എഫിനും തണൽ വിരിച്ചു തന്നെയാണ് മണ്ഡലത്തിന്‍റെ കിടപ്പ്. എന്നാൽ, ചില സ്വതന്ത്ര പരീക്ഷണങ്ങളിൽ ഇടതുപക്ഷത്തിന് ഇവിടം വിജയവും സമ്മാനിച്ചിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട്, തന്‍റെ എറണാകുളം സ്നേഹം പ്രകടിപ്പിച്ച കോൺഗ്രസിലെ ഹൈബി ഈഡൻ രണ്ടാം വിജയം പ്രതീക്ഷിച്ചാണ് നിൽക്കുന്നത്. കെ.എസ്.യു വഴി പൊതുപ്രവർത്തന രംഗത്ത് എത്തിയ ഹൈബി എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്‍റായും പ്രവർത്തിച്ചിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ജോർജ് ഈഡനാണ് പിതാവ്. 2011ൽ എറണാകുളത്ത് നിന്ന് നിയമസഭംഗമായി. 2016ൽ വിജയം ആവർത്തിച്ചെങ്കിലും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മൽസരിച്ചു വിജയിച്ചു.
എറണാകുളത്ത് ആരെ സ്ഥനാർഥിയാക്കണമെന്നത് സി.പി.എമ്മിന്‍റെ എപ്പോഴത്തെയും തലവേദനകളിലൊന്നാണ്. അതിലേക്കുള്ള അന്വേഷണം ചെന്നെത്തിയത് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗമായ കെ. ജെ ഷൈന്‍ ടീച്ചറിലാണ്. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ളതും ഒരു അധിക യോഗ്യതയായി. മൂന്ന് തവണയായി വടക്കന്‍ പറവൂര്‍ നഗരസഭാംഗമാണ്. ഇപ്പോൾ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണാണ്.
അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ എറണാകുളത്തെ പരിചിത മുഖമാണ് ബി.ജെ.പി സ്ഥാനാർഥി കെ. എസ് രാധാകൃഷ്ണൻ. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസിലറായും പി.എസ്.സി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം മണ്ഡലത്തിലും ചാലക്കുടിയിൽ എന്ന പോലെ ട്വന്റി ട്വന്റി മത്സരിക്കുന്നു. എന്നാൽ, ഈ മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിനു കഴിയുമെന്ന് കണക്കാക്കുന്നില്ല.
മണ്ഡല പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിൽ കളമശ്ശേരി, വൈപ്പിൻ, കൊച്ചി എന്നിവിടങ്ങളിൽ എൽ.ഡി.എഫും പറവൂർ, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവിടങ്ങളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. ഇത്തവണ 10 സ്ഥാനാർഥികളാണ് മത്സര രംഗത്ത്.
2019
ഹൈബി ഈഡൻ (കോൺഗ്രസ്)-4,91,263
പി.രാജീവ് (സി.പി.എം)-3,22,110
അൽഫോൻസ് കണ്ണന്താനം (ബി.ജെ.പി)-1,37,749
/indian-express-malayalam/media/media_files/mp1c48Wd5DstoYeTIG0P.jpg)
ചാലക്കുടി
12,000 വോട്ടുകളുടെ ലീഡുമായി യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ മുന്നിലാണ്. എറണാകുളം, തൃശൂർ ജില്ലകളിലായി കിടക്കുന്ന പഴയ മുകുന്ദപുരം പേരുമാറി ചാലക്കുടിയായ മണ്ഡലം പൊതുവെ യു.ഡി.എഫ് സ്വാധീന മേഖലയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ചില അപ്രതീക്ഷിത നീക്കങ്ങളിലുടെ കോൺഗ്രസ്സിന്‍റെ പ്രമുഖരെയടക്കം സി.പി.എം വീഴ്ത്തിയിട്ടുമുണ്ട്. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകൾ പത്മജയെ ലോനപ്പൻ നമ്പാടനും പി.സി ചാക്കോയെ നടൻ ഇന്നസെന്‍റെും ഒക്കെ തോൽപ്പിച്ചത് ഇങ്ങനെയാണ്.
കഴിഞ്ഞ തവണ ആദ്യ പാർലമെന്‍റ് വിജയം കണ്ട സിറ്റിങ് എം.പി ബെന്നി ബെഹനാൻ തന്നെയാണ് ഇത്തവണയും യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി. കെ.എസ്.യുവിലൂടെ പൊതു രംഗത്ത് എത്തിയ അദ്ദേഹം പിറവം, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചു.
സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് കോളജ് അധ്യാപകനായിരുന്ന സി. രവീന്ദ്രനാഥ് പൊതുരംഗത്ത് സജീവമാകുന്നത്. തൃശൂർ സെന്റ് തോമസ് കോളേജിൽ കെമിസ്‌ട്രി വിഭാഗം അധ്യാപകനായിരുന്നു. തൃശൂർ ജില്ലയിലെ കൊടകര, പുതുക്കാട് നിയോജകമണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിലെ പൊതു വിദ്യാഭാസ മന്ത്രിയായിരുന്നു.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന്‍റെ കെ.എ ഉണ്ണികൃഷ്ണനാണ് സ്ഥാനാർഥി. റബർ ബോർഡ് വൈസ് ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്.
ചാലക്കുടി മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും പുറമേ ട്വന്റി ട്വന്റി എന്ന പാർട്ടിയും മത്സരിക്കുന്നുണ്ട്. ചാലക്കുടി മണ്ഡലത്തിലെ ജയപരാജയം നിർണയിക്കുന്നതിൽ ഒരു പങ്ക് ഈ പാർട്ടിക്കുണ്ടെന്നു വിശ്വസിക്കുന്നവരുണ്ട്.
മണ്ഡല പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിൽ കയ്പമംഗലം, കൊടുങ്ങല്ലൂർ, കുന്നത്തുനാട് എന്നിവിടങ്ങളിൽ എൽ.ഡി.എഫും ചാലക്കുടി, പെരുമ്പാവുർ, അങ്കമാലി, ആലുവ എന്നിവടങ്ങളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. ഇപ്പോൾ 11 സ്ഥനാർഥികളാണ് മത്സര രംഗത്ത്.
2019
ബന്നി ബഹന്നാൻ (കോൺഗ്രസ്)-4,73,444
ഇന്നസെന്‍റ് (സി.പി.എം)-3,41,170
എ.എൻ.രാധാകൃഷ്ണൻ (ബി.ജെ.പി)-1,54,159
/indian-express-malayalam/media/media_files/FgLRZNx066odOG1TwzKw.jpg)
തൃശൂർ
അപ്രതീക്ഷിത മുന്നേറ്റത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശ്ശൂരിൽ 37,776 വോട്ടുകളുടെ ലീഡുമായി ജയത്തിലേക്ക് കുതിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാർ രണ്ടാമതും, യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ മൂന്നാമതുമാണ്.
യഥാർഥത്തിൽ, മൂന്നു വർഷം മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച മണ്ഡലമാണ് തൃശൂർ. സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന തെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടപ്പോൾ മുതൽ ബി.ജെ.പിയിലെ സുരേഷ് ഗോപി ലോക്സഭ ലക്ഷ്യം വച്ച് പ്രവർത്തനം തുടങ്ങിയിരുന്നു.
ആ പ്രവർത്തനത്തിന്‍റെ അവസാനവും യഥാർഥ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്‍റെ തുടക്കവും ആയിരുന്നു ഗുരുവായൂരിൽ നടന്ന അദ്ദേഹത്തിന്‍റെ മകളുടെ വിവാഹവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാർമികത്വവും. പിന്നീട് തൃശൂരിൽ പൊതുയോഗത്തിൽ പങ്കെടുത്ത് തൃശൂരിന് ബി.ജെ.പി നൽകുന്ന പ്രധാന്യം വ്യക്തമാക്കുകയും ചെയ്തു. ബി.ജെ.പി സ്ഥനാർഥിയുടെ കാര്യം മാസങ്ങൾക്ക് മുമ്പ് തന്നെ ഉറപ്പായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പേര് വന്നിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യം അനിശ്ചിത്വത്തിലായിരുന്നു. അവസാനമാണ് അപ്രതീക്ഷിതമായി തൃശൂരിൽ തീരുമാനം മാറി യു ഡി എഫിന് പുതിയ സ്ഥാനാർത്ഥി വന്നത്.
സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കണമെന്ന കോൺഗ്രസ് തീരുമാനം മാറ്റിവച്ച സംസ്ഥാനത്തെ ഏക മണ്ഡലമാണ് തൃശൂർ. ചുവരെഴുത്തും പ്രചാരണവും തുടങ്ങിയ സിറ്റിങ് എം.പി ടി. എൻ. പ്രതാപന്, കെ.മുരളീധരന് വേണ്ടി വഴിമാറി കൊടുക്കണ്ടി വന്നു.
കെ.കരുണാകരന്‍റെ മകൻ എന്ന ലേബലിൽ പാർട്ടി നേതാവായെങ്കിലും പിന്നീട് സ്വന്തം സ്ഥാനം ഉറപ്പിച്ചയാളാണ് കോൺഗ്രസ് സ്ഥനാർഥി കെ. മുരളീധരന്‍റേത്. പാർട്ടിക്കാർ മത്സരിക്കാൻ ഒന്ന് മടിച്ചു നിൽക്കുന്നിടത്ത് വന്നെത്തുന്ന ശൈലിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും തുടർന്ന് നിയമസഭയിൽ നേമത്തും മത്സരിക്കാനെത്തിയത് അങ്ങനെയാണ്.
സഹോദരി പത്മജാ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയ സന്ദിഗ്ധ ഘട്ടത്തിലാണ് മുരളീധരൻ വടകരയിൽ നിന്ന് തൃശൂരിലേക്കെത്തിയത്. അച്ഛനെയും തന്നെയും തോൽപ്പിച്ചവരാണെങ്കിലും വിജയ പ്രതീക്ഷയിലാണ് ആ വരവ്. ലോക്സഭയിലും നിയമസഭയിലും ജയവും തോൽവിയും അറിഞ്ഞുട്ടുള്ളയാളുമാണ് അദ്ദേഹം. കെ.പി.സി.സി പ്രസിഡന്‍റായും അത് രാജിവച്ച് കുറഞ്ഞൊരു കാലം വൈദ്യുതി മന്ത്രിയുമായി. കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയാണ് മുരളീധരൻ.
1989ൽ സി.പി.എം ലെ ഇ.കെ. ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭ അംഗമായി. 1991-ൽ വീണ്ടും ജയിച്ചു. 1996-ൽ കോഴിക്കോട്ടും 1998-ൽ തൃശൂരിലും തോൽവി.1999-ൽ കോഴിക്കോട് നിന്ന് വീണ്ടും ജയം. പിന്നീട് ഡി.ഐ.സി, എൻ.സി.പി എന്നീ പാർട്ടികളിൽ പോയി വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 2011ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് കോൺഗ്രസ് സ്ഥനാർഥിയായി ജയിച്ചു. 2016ൽ വീണ്ടും ജയം. എന്നാൽ, കാലാവധി തീരുമുമ്പ് 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ചു.
എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ മുൻ മന്ത്രിയാണ്. തൃശ്ശുർ നിയമസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് മന്ത്രി പദവിയിലെത്തിയത്. 2011ൽ കയ്പമംഗലത്തു നിന്നും ആദ്യമായി നിയമസഭയിലെത്തി.എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. എം.എൽ.എയും മന്ത്രിയും ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉള്ള ജനകിയതയാണ് സുനിൽകുമാറന്‍റെ കൈമുതൽ.
സിനിമാ മേഖലയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി, രാജ്യസഭാംഗമായ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടാണ് ആദ്യം ലോക്സഭയിലേക്കും പിന്നീട് നിയമസഭയിലേക്കും മത്സരിച്ചത്. അവിടെ തേറ്റെങ്കിലും ഇത്തവണ പാർട്ടിയും അദ്ദേഹവും വർഷങ്ങൾക്കു മുമ്പുതന്നെ സജീവമായി പ്രവർത്തനരംഗത്തായിരുന്നു. 'കളിയാട്ട'ത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡിനും അർഹനായിട്ടുണ്ട്.
മണ്ഡല പരിധിയിൽ വരുന്ന ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡിഎഫിനായിരുന്നു വിജയം. ഇത്തവണ ഒൻപത് സ്ഥനാർഥികളാണ് രംഗത്ത്.
2019
ടി.എൻ പ്രതാപൻ (കോൺഗ്രസ്)- 4,15,089
രാജാജി മാത്യു തോമസ് (സി.പി.ഐ)- 3,21,456
സുരേഷ് ഗോപി (ബി.ജെ.പി)- 2,93,822
/indian-express-malayalam/media/media_files/6b9c1y4MHO7wUB2x9b0x.jpg)
ആലത്തൂർ
എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ 11,000 വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്. സിറ്റിങ് എം.പി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്.
ലോക്സഭാ എം പി എന്നതിനേക്കാൾ നാട്ടിൽ പെരുമയുള്ളത് മന്ത്രി സ്ഥാനത്തിനാണ്. എന്നിട്ടും ഒരു മന്ത്രിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമെങ്കിൽ ആ മണ്ഡലത്തിന് അത്രയധികം പ്രധാന്യം നൽകുന്നുവെന്ന് വ്യക്തം. ഏതു തരംഗത്തിലും തങ്ങൾക്കു പിടിച്ചു നിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 2019ലെ യു.ഡി.എഫ് തരംഗത്തിൽ ആലത്തൂർ നഷ്ടപ്പെട്ടത് സി.പി.എമ്മിന് ഞെട്ടലായിരുന്നു. അതും ഒന്നരലക്ഷത്തോളം വോട്ടിന്. അതിൽ നിന്നും ഇതുവരെ സി പി എം മുക്തി നേടിയിട്ടില്ല എന്നതിന് തെളിവാണ് അവർ ആലത്തൂർ തിരിച്ചു പിടിക്കാൻ മന്ത്രിയെ തന്നെ രംഗത്തിറക്കിയത്.
അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തി അപ്രതീക്ഷിത വിജയം നേടിയ സിറ്റിങ് എം.പി രമ്യ ഹരിദാസ് തന്നെയാണ് യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി. കെ.എസ്.യു.വിലൂടെ പ്രവർത്തനം തുടങ്ങിയശേഷം ഗാന്ധിയൻ സംഘടനയായ ഏകതാ പരിഷത്തിലും പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ടാലന്റ് ഹണ്ടിലൂടെ നേതൃസ്ഥാനത്ത് എത്തിയത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെയാണ് ആലത്തൂരിൽ മത്സരിക്കാനെത്തിയത്.
മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിലാണ് പാർട്ടിയിലെയും മന്ത്രിസഭയിലെയും സൗമ്യ മുഖവും ജനകീയനുമായ കെ. രാധാകൃഷ്ണനെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം അവതരിപ്പിച്ചിരിക്കുന്നത്. ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ രാധാകൃഷ്ണൻ ദേവസ്വം, പട്ടിക ജാതി-പട്ടിക വർഗ്ഗ, പിന്നാക്ക ക്ഷേമ പാർലമെന്ററികാര്യ മന്ത്രിയാണ്.
എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തി ഡിവൈഎഫ്ഐയിലൂടെ സി.പി.എമ്മിൽ എത്തി.സി.പി.എം കേന്ദ്രക്കമ്മറ്റി അംഗമായ അദ്ദേഹം തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇ. കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യ മന്ത്രിയായും 2006-2011 നിയമസഭാ സ്പീക്കറായും സേവനമനുഷ്ഠിച്ചു. ദളിത് ശോഷൻ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുകൂടിയാണ്.
ഡോ.ടി.എൻ സരസുവാണ് ബി.ജെ.പി സ്ഥനാർഥി. പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്നു. വിരമിക്കുന്ന ദിവസം കോളേജിൽ പ്രിൻസിപ്പലിന്‍റെ കുഴിമാടം ഒരുക്കി റീത്ത് വച്ചത് ഏറെ വിവാദമായിരുന്നു. അത്തരത്തിൽ തന്നോട് ഉൾപ്പെടെ എസ്.എഫ്.ഐക്കാർ ചെയ്ത ക്രൂരതക്കെതിരെയാണ് തന്‍റെ സ്ഥനാർഥിത്വം എന്നാണ് ഡോ.സരസു പറയുന്നത്.
മണ്ഡല പരിധിയിൽ വരുന്ന തരൂർ, ചിറ്റൂർ, നെൻമാറ, ആലത്തുർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫിനായിരുന്നു വിജയം. അഞ്ചു സ്ഥനാർഥികളാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്.
2019
രമ്യ ഹരിദാസ് (കോൺഗ്രസ്)-5,33,815
പി.കെ.ബിജു (സി.പി.എം)-3,74,847
ടി.വി ബാബു (ബി.ഡി.ജെ.എസ്)-89,837
/indian-express-malayalam/media/media_files/6Aao36KhfTEots0rmt5i.jpg)
പാലക്കാട്
യുഡിഎഫ് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠൻ 39,000 വോട്ടുകൾക്ക് ലീഡ് നേടിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥി എ. വിജയരാഘവൻ ആദ്യ ഘട്ടത്തിൽ ലീഡ് നേടിയെങ്കിലും പിന്നോട്ട് പോവുകയായിരുന്നു.
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ മാത്രം എന്ന ചിന്തക്ക് മാറ്റം വരുത്തിയ പ്രദേശമാണ് പാലക്കാട്. മൂന്നാമതായി ബി.ജെ.പി എന്ന ശക്തികൂടി രംഗത്തുണ്ട് എന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയതും ഇവിടമാണ്.
രണ്ടായിരം മുതൽ പാലക്കാട് നഗരസഭിൽ സാന്നിധ്യം അറിയിച്ച ബി.ജെ.പി പിന്നീട് അവിടെ ഭരണത്തിലുമെത്തി. മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തുമാണ്. ഇടതു ശക്തികേന്ദ്രമെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്.
സിറ്റിങ് എം.പി വി. കെ.ശ്രീകണ്ഠൻ രണ്ടാമൂഴം തേടിയാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫ് തരംഗത്തിലും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണത്തെ വിജയം. അത് വർധിപ്പിക്കാനും വിജയം ഉറപ്പിക്കാനുമാണ് ശ്രീകണ്ഠന്‍റെ ശ്രമം.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഷൊർണൂർ നഗരസഭാംഗമായി പാർട്ടിയിൽ സജീവമായി. 2011ൽ ഒറ്റപ്പാലത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പാലക്കാട് ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു. കോൺഗ്രസ് നേതാവ് പ്രൊഫ.കെ.എ തുളസിയാണ് ഭാര്യ. ഇവർ ഒറ്റപ്പാലത്തു നിന്ന് ലോക്സഭയിലേക്കും ചേലക്കരയിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.
സി.പി.എമ്മിന്‍റെ സമുന്നത നേതാക്കളായ ഇ. കെ നായനാരും എ.കെ.ജിയും വിജയിച്ചിട്ടുള്ള പാലക്കാട്, പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ എ. വിജയരാഘവനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 1989 ൽ ഇവിടെ നിന്ന് ലോക്‌സഭയിലേക്കു വിജയിച്ചിട്ടുള്ള അദ്ദേഹം വീണ്ടുമൊരു വിജയത്തിനുള്ള ശ്രമത്തിലാണ്.
1998 മുതൽ 2010 വരെ ര 12 വർഷം രാജ്യസഭാംഗമായും പ്രവർത്തിച്ചു. എൽ.ഡി.എഫ് കൺവീനർ, കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോൾ പകരം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിആർ ബിന്ദുവാണ് ഭാര്യ.
ബി.ജെ.പി പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ സി. കൃഷ്ണകുമാറാണ് സ്ഥനാർഥി. പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് ഭരണവും തുടർ ഭരണവും നേടുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് നിർണ്ണായകമായിരുന്നു. നഗരസഭാ കൗൺസിലർ,വൈസ് ചെയറമാൻ സ്ഥാനങ്ങൾ വഹിച്ചു.
2016ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ മലമ്പുഴയിൽ മത്സരിച്ച് കോൺഗ്രസിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തി. 2021ലും രണ്ടാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ മത്സരിച്ച് വോട്ടു വിഹിതം വർധിപ്പിച്ചു.
മണ്ഡല പരിധിയിൽ വരുന്ന പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും മണ്ണാർകാട്, പാലക്കാട് മണ്ഡലങ്ങളിൽ യു.ഡി.എഫുമാണ് വിജയിച്ചത്. ഇത്തവണ 10 സ്ഥാനാർഥികളാണ് രംഗത്ത്.
2019
വി.കെ ശ്രീകണ്ഠൻ (കോൺഗ്രസ്)- 3,99,274
എം.ബി രാജേഷ് (സി.പി.എം)- 3,87,637
സി. കൃഷ്ണകുമാർ (ബി.ജെ.പി)- 2,18,556
ഭൂരിപക്ഷം- 11,637
/indian-express-malayalam/media/media_files/IZjD8uzhuduhXT9wEy8K.jpg)
പൊന്നാനി
പൊന്നാനിയിൽ എം.പി. അബ്ദു സമദ് സമദാനി 84,000 വോട്ടുകൾക്ക് മുന്നിലാണ്. മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ വിലയിരുത്തലുകൾക്കൊന്നും സാധാരണ വലിയ പ്രസക്തി ഉണ്ടാവാറില്ല. ലീഗിനെതിരെ പേരിനൊരു മത്സരം എന്നതിനപ്പുറം ഗൗരവവും കൊടുക്കാറില്ല.
എന്നാൽ, 20 വർഷം മുമ്പ് 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കോട്ടയായ മഞ്ചേരി മണ്ഡലത്തില്‍ വലിയൊരു അത്ഭുതം നടന്നു. സി.പി.എം സ്ഥാനാർഥി ടി. കെ. ഹംസ അവിടെ വിജയിച്ചു. പിന്നീട് പല പരീക്ഷണങ്ങൾ പലരെക്കൊണ്ടും നടത്തിയെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.
47 വർഷമായി ലീഗ് മാത്രം വിജയിക്കുന്ന മണ്ഡലമാണെങ്കിലും ഇത്തവണ അതുപോലൊരു പരീക്ഷണം നടക്കുന്ന മണ്ഡലമാണ് പൊന്നാനി. സിറ്റിങ് എം.പി ഇ. ടി. മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് സ്ഥലം മാറിയതോടെ അവിടത്തെ സിറ്റിങ് എം.പി. അബ്ദു സമദ് സമദാനിയാണ് യു.ഡി.എഫിൽ മുസ്ലിംലീഗ് സ്ഥനാർഥിയായി രംഗത്ത് വന്നിട്ടുള്ളത്.
രാഷ്ട്രീയ നേതാവ് എന്നതിലുപരി ബഹുഭാഷാ പണ്ഡിതനും പ്രഭാകഷനും എന്ന നിലയിലാണ് അദ്ദേഹത്തിന് പ്രശസ്തി. രണ്ട് തവണ രാജ്യസഭാംഗമായിരുന്നു. നിയമസഭയിൽ കോട്ടക്കൽ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021ൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലോക്സഭയിലെത്തിയത്.
20 വർഷം മുമ്പത്തെ പരീക്ഷണം ടി. കെ. ഹംസയിലൂടെയാണ് വിജയിച്ചതെങ്കിൽ ഇത്തവണ കെ. എസ്. ഹംസ എന്ന മുൻ മുസ്ലിം ലീഗ് നേതാവിലൂടെയാണ് അത് നടപ്പാക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരിക്കെ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് വിമതസ്വരം ഉയര്‍ത്തിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താവുകയായിരുന്നു അദ്ദേഹം. തൃശൂരിലെ മലബാര്‍ എഞ്ചിനിയറിങ് കോളജിന്റെയും ഇഖ്‌റ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ചെയര്‍മാനാണ്. ലീഗിന്‍റെ അണിയറ രഹസ്യങ്ങൾ പറഞ്ഞ് കളം നിറയുന്നുണ്ട് അദ്ദേഹം.
ബി.ജെ.പിയിൽ നിവേദിതാ സുബ്രഹ്മണ്യനാണ് സ്ഥാനാർഥി.
മണ്ഡല പരിധിയിൽ വരുന്ന തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫും താനൂർ, തവനൂർ, പൊന്നാനി, തൃത്താല എന്നീ നാലിടത്ത് എൽ.ഡി.എഫുമാണ് വിജയിച്ചത്. ഇത്തവണ എട്ടു സ്ഥാനാർഥികളാണുള്ളത്.
2019
ഇ.ടി മുഹമ്മദ് ബഷീർ മുസ്ലിം ലീഗ്-5,21,824
പി.വി അൻവർ ഇടതു സ്വതന്ത്രൻ-3,28,551
വി.ടി.രമ ബി.ജെ.പി-1,10,603
ഭൂരിപക്ഷം-1,93273
/indian-express-malayalam/media/media_files/K87j17HxCwVuI57XAWxl.jpg)
മലപ്പുറം
മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ 1,08,464 വോട്ടുകളുടെ ലീഡുമായി കുതിക്കുകയാണ്. മണ്ഡല രൂപീകരണം മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് വിജയിക്കുകയും മണ്ഡല പരിധിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലീഗ് ജയിക്കുകയും ചെയ്ത മലപ്പുറത്ത് യു.ഡി.എഫിനും മുസ്ലിം ലീഗിനും വലിയ വെല്ലുവളികൾ ഇല്ല. 2019 ലെ തെരഞ്ഞെടുപ്പിൽ പി. കെ. കുഞ്ഞാലിക്കുട്ടിയേയും അദ്ദേഹം രാജിവച്ച ഒഴിവിൽ അബ്ദുസമദ് സമദാനിയേയും വിജയിപ്പിച്ചു.
എന്നാൽ,കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സമദാനിക്കുണ്ടായില്ല. 2004ൽ ടി.കെ ഹംസ സി.പി.എം സ്ഥനാർഥിയായി അട്ടിമറി വിജയം നേടിയതൊഴിച്ചാൽ ലീഗിന് വെല്ലുവിളികളൊന്നും ഉയർന്നിട്ടുമില്ല.
സിറ്റിങ് എം.പി അബ്ദുസമദ് സമദാനിയെ പൊന്നാനിയിലേക്ക് മാറ്റി പൊന്നാനിയിലെ സിറ്റിങ് എം.പി ഇ. ടി. മുഹമ്മദ് ബഷീർ യു.ഡി.എഫിന്‍റെ മുസ്ലിം ലീഗ് സഎഥനാർഥിയായി എത്തുകയായിരുന്നു.
മുസ്ലിം ലീഗ് നേതൃനിരയിലെ പ്രമുഖനായ ഇ. ടി. മുഹമ്മദ് ബഷീർ അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയാണ്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭയിലേക്ക് മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടു. നാലുതവണ നിയമസഭാംഗവുമായി.
ലീഗ് ശക്തി കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വി. വസീഫിനെയാണ് എൽ.ഡി.എഫ് സ്ഥനാർഥിയായി രംഗത്തിറക്കിയിട്ടുള്ളത്. ലീഗ് എം.പി മാരുടെ പ്രവർത്തന പോരായ്മയിലാണ് അദ്ദേഹം പ്രചാരണ രംഗത്ത് ഊന്നൽ നൽകുന്നത്. എം.പി ആയാൽ ഒരു പഞ്ചായത്ത് അംഗത്തെപ്പോലെ ജനങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകുന്നു. എസ്.എഫ്.ഐയിലുടെ രംഗത്തു വന്ന വസീഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപകനാണ്.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. അബ്ദു സലാമാണ് ബി.ജെ.പി സ്ഥനാർഥി.
മണ്ഡല പരിധിയിൽ വരുന്ന കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, എന്നീ നിയമസഭാ മണ്ഡലങ്ങളിലെല്ലാം യൂഡിഎഫിനായിരുന്നു വിജയം. എട്ടു സ്ഥാനാർഥികളാണ് ഇത്തവണ രംഗത്തുള്ളത്.
2019
പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്)-5,89,873
വി.പി സാനു (സി.പി.എം)-3,29,720
വി.ഉണ്ണികൃഷ്ണൻ (ബി.ജെ.പി)- 82,332
ഭൂരിപക്ഷം-2,60,153
2021
അബ്ദുസമദ് സമദാനി(മുസ്ലിംലീഗ്)- 5,38,248
വി.പി സാനു (സി.പി.എം)- 4,23,633
എ.പി അബ്ദുല്ലക്കുട്ടി (ബി.ജെ.പി)- 68935
ഭൂരിപക്ഷം- 1,14,692
/indian-express-malayalam/media/media_files/21UUoTMS5JunMYN1QuKu.jpg)
കോഴിക്കോട്
കോൺഗ്രസിലെ എം.കെ. രാഘവൻ 79,000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ജയം മാറി മറിഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ അടിത്തറയിലും മൂന്നു തവണയായി എൽ.ഡി.എഫിന്‍റെ കയ്യിൽ നിന്ന് വഴുതിമാറുകയാണ് കോഴിക്കോട്. പ്രമുഖരെത്തന്നെ, മാറി മാറി നോക്കിയെങ്കിലും മുന്നു പ്രാവശ്യവും വിജയിച്ചത് ഒരാൾ തന്നെ. അതിനൊരു മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും സ.പി.എമ്മും.
2009 മുതൽ ജയം കോൺഗ്രസിലെ എം. കെ. രാഘവനാണ്. പയ്യന്നൂരിൽ നിന്നും തളിപ്പറമ്പിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ശേഷമാണ് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടെത്തി വിജയം ആവർത്തിക്കുന്നത്. ആദ്യ തവണ ആയിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷമെങ്കിലും പിന്നീട് ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കുകയായിരുന്നു. സഹകരണ മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രാഘവൻ, സഹകരണ മേഖലയിൽ കേരളത്തിൽ ആദ്യത്തെ ആർട്ട്സ് ആൻറ് സയൻസ് കോളേജ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
രാഘവനെതിരെ എൽ.ഡി.എഫിലെ സി.പി.എം സ്ഥനാർഥി മുൻ മന്ത്രി എളമരം കരീമാണ്. സി.പി.എം കേന്ദ്രക്കമ്മറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ്.1996ൽ കോഴിക്കോട് രണ്ടിൽ നിന്നും 2006-ൽ ബേപ്പൂരിൽനിന്നും നിയമസഭയിലെത്തി. 2006ലെ മന്ത്രിസഭയിൽ വ്യവസായ വകുപ്പിനെറ ചുമതല വഹിച്ചു. 2018 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശാണ് ബി.ജെ.പി സ്ഥനാർഥി.
മണ്ഡല പരിധിയിൽ വരുന്ന ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പുർ, കുന്നമംഗലം എന്നീ ആറു നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ആണ് ജയിച്ചത്. കൊടുവള്ളിയിൽ യു.ഡി.എഫും. ഇത്തവണ 13 പേരാണ് സ്ഥനാർഥികൾ.
2019
എം.കെ.രാഘവൻ (കോൺഗ്രസ്)-4,93,444
എ.പ്രദീപ് കുമാർ (സി.പി.എം)-4,08,219
കെ.പി പ്രകാശ്ബാബു (ബി.ജെ.പി)-1,67,762
ഭൂരിപക്ഷം- 85,225
/indian-express-malayalam/media/media_files/VfswI1TlKw20nYMTaNQO.jpg)
വടകര
കെ.കെ. ശൈലജ ടീച്ചറെ പിന്നിലാക്കി യുഡിഎഫിന്റെ ഷാഫി പറമ്പിൽ. 29,000 വോട്ടുകളുടെ ലീഡുമായി ഷാഫി മുന്നിലാണ്.
കഴിഞ്ഞ തവണയും കോൺഗ്രസിന് വടകരയിൽ സർപ്രൈസ് സ്ഥാനാർഥിയായിരുന്നു. അന്ന് കെ.മുരളീധരനായിരുന്നുവെങ്കിൽ ഇപ്രാവശ്യം അത് ഷാഫി പറമ്പിൽ ആണ്. രണ്ടു പേരും എം.എൽ.എമാരായിരിക്കെയാണ് എം.പി യാവാൻ വടകരയിലെത്തിയത്.മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും ഷാഫി പാലക്കാട്ടു നിന്നും. മുരളീധരൻ വടകരയിൽ ആദ്യ വട്ടം പ്രചാരണം ആരംഭിച്ചശേഷമാണ് അവിടെ നിന്നും മാറി തൃശൂരിലേക്ക് പോയത്.
കെ. സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാൻ തീരുമാനിക്കുയും കണ്ണൂരിൽ കെ. സുധാകരൻ വിസമ്മതം മാറ്റി സമ്മതത്തിലേക്ക് എതുകയും ചെയ്ത സാചര്യത്തിൽ,കോൺഗ്രസ് സ്ഥനാർഥി പട്ടികയിലെ സാമുദായിക പ്രാതിനിധ്യം ഉറപ്പിക്കാൻ കൂടിയാണ് ഷാഫിയെ നിശ്ചയിച്ചത്. നിയമസഭയിലേയും പുറത്തേയും പ്രവർത്തനത്തിൽ കോൺഗ്രസ്സിന്‍റെ യുവ താരമാണ് ഷാഫി. ആ ഓളം വിജയത്തിലെത്തിക്കുമെന്നാണ് കോൺഗ്രസും ഷാഫിയും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയ മന്ത്രിയായിരുന്നു കെ. കെ ഷൈലജ ടീച്ചർ.സ്ഥാനമൊഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ടീച്ചറുടെ ഗ്ലാമർ മങ്ങിയിട്ടില്ല. കെ. ആർ. ഗൗരിയമ്മക്കു ശേഷം സി.പി.എമ്മിൽ നിന്ന് ഏറ്റവും സ്വീകാര്യത നേടിയ വനിതാ നേതാവാണ് ഷൈലജ ടീച്ചർ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും അവരുടേതായിരുന്നു .ആ ഇഷ്ടം സ്വീകാര്യത വോട്ടാക്കി മാറ്റി,നഷ്ടമായ വടകരയിലെ കര പിടിക്കാനാണ് സി.പി.എം ശ്രമം.
യുവ നേതാവായ പ്രഫുൽ കൃഷ്ണനാണ് ബി.ജെ.പി സ്ഥനാർഥി.
മണ്ഡല പരിധിയിൽ വരുന്ന തലശ്ശേരി, കൂത്തുപറമ്പ്, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, എന്നീ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും ആർ.എം.പിയുടെ കെ.കെ രമ ജയിച്ച വടകരയിൽ യു.ഡി.എഫും ആണ് വിജയിച്ചത്. ഇത്തവണ 10 പേരാണ് സ്ഥാനാർഥികളായുള്ളത്.
2019
കെ.മുരളീധരൻ (കോൺഗ്രസ്)- 5,26,755
പി.ജയരാജൻ (സി.പി.എം)- 4,42,092
വി.കെ സജീവൻ (ബി.ജെ.പി)- 80,128
ഭൂരിപക്ഷം- 84,663
/indian-express-malayalam/media/media_files/Srykm21sNvdfc7sdoycB.jpg)
വയനാട്
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി 1.57 ലക്ഷം വോട്ടുകളുടെ ലീഡുമായി കുതിക്കുന്നു. ആനി രാജയാണ് രണ്ടാം സ്ഥാനത്ത്.
ഒരു ദേശീയ നേതാവ് മത്സരിക്കാൻ എത്തിയ കേരളത്തിലെ ആദ്യ മണ്ഡലമാണ് വയനാട്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ, കഴിഞ്ഞ തവണ മണ്ഡലം ദേശീയശ്രദ്ധയും നേടി. രാഹുലിന് കൊടുത്ത നാലേകാൽ ലക്ഷത്തിലധികം വരുന്ന ഭൂരിപക്ഷവും അമ്പരിപ്പിക്കുന്നതായിരുന്നു. കോൺഗ്രസിന് പ്രധാന പ്രതിപക്ഷം പോലുമാവാൻ കഴിഞ്ഞില്ലെങ്കിലും യഥാർഥത്തിൽ പ്രധാനമന്ത്രിക്കുള്ള വോട്ടാണ് വയനാട്ടുകാർ കുത്തിയത്.
അമേഠിയിൽ തോറ്റതോടെ, ഇവിടെ മത്സരിക്കാതിരുന്നെങ്കിൽ രാഹുൽ ഒരു എം.പി പോലുമല്ലാതാവുമായിരുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ചുരം കയറലിന്‍റെ പ്രാധാന്യം വ്യക്തമാവുന്നത്. ഇപ്പോൾ വിജയം നേടിയ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും വന്ന ഓഫറുകൾ രാഹുൽ നിരസ്സിച്ചതും വയനാടുകാരോടുള്ള നന്ദി കൊണ്ടാവാം.
ഇത്തവണ അതേ രാഹുൽ തന്നെ വരുമ്പോൾ,എതിർക്കുന്നത് സഖ്യകക്ഷിയിലെ തന്നെ ദേശീയ നേതാവാണ്. അത്തരത്തിൽ ദേശീയ നേതാക്കളുടെ സൗഹൃദ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തെപ്പോലെ, രാഹുൽ പ്രധാനമന്ത്രിയാവുമെന്ന ആവേശം ഉണ്ടാവാനിടയില്ലെങ്കിലും രാഹുൽ എത്തുമ്പോഴെല്ലാം അദ്ദേഹത്തിന് സ്നേഹവരവേൽപ്പ് തന്നെയാണ് ജനം നൽകുന്നത്. യു.ഡി.എഫിന്‍റെ ശക്തികേന്ദ്രം ആയതിനാൽ രാഹുൽ സുരക്ഷിത സ്നഥാനത്തിരിക്കുന്നുവെന്ന ആശ്വാസം ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനുണ്ട്.
കണ്ണൂർ ഇരിട്ടി സ്വദേശിയും സി പി ഐയുടെ മഹിള വിഭാഗമായ നാഷ്ണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് എൽ.ഡി.എഫിലെ സി.പി.ഐ സ്ഥനാർഥി. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യയാണ് ആനി. രാഹുൽ പ്രധാനമന്ത്രിയവാൻ കഴിഞ്ഞ തവണഎറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നു കോൺഗ്രസിതര പാർട്ടികളിലെ പ്രമുഖനായിരുന്നു ഡി. രാജയെന്ന പ്രത്യേകതയുമുണ്ട്. എ.ഐ.എസ്.എഫിലൂടെ പൊതു രംഗത്ത് വന്ന്,ഡി.രാജയുടെ പങ്കാളിയായതോടെയാണ് ആനി ഡൽഹി പ്രവർത്തന കേന്ദ്രമാക്കിയത്.
രണ്ടു ദേശീയ നേതാക്കൾ മത്സരിക്കാനെത്തിയതോടെ, തങ്ങളുടെ പ്രാധാന്യം കുറയരുതെന്ന് കരുതി ബി.ജെ.പി, സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്. മത്സരിച്ചയിടങ്ങളിലെല്ലാം പരാജയപ്പെട്ടെങ്കിലും എല്ലായിടത്തു നിന്നും നല്ല രീതിയിൽ വോട്ടുപിടക്കാനുള്ള കഴിവ് സുരേന്ദ്രൻ തെളിയിച്ചിട്ടുണ്ട്. അതു തന്നെയാവും അദ്ദേഹത്തിൽ പാർട്ടി കണ്ട പ്ലസ് പേയിന്‍റും.
മണ്ഡല പരിധിയിൽ വരുന്ന മാനന്തവാടി, തിരുവാമ്പാടി, നിലമ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ എന്നിവടങ്ങളിൽ യു.ഡി.എഫുമാണ് ജയിച്ചത്. ഇത്തവണ ഒൻപത് സ്ഥനാർഥികളാണ് രംഗത്ത്.
2019
രാഹുൽ ഗാന്ധി (കോൺഗ്രസ്)- 7,06,367
പി.പി സുനീർ (സി.പി.ഐ)- 2,74,597
തുഷാർ വെള്ളാപ്പള്ളി (ബി.ഡി.ജെ.എസ്)- 78,816
ഭൂരിപക്ഷം- 4,31,770
/indian-express-malayalam/media/media_files/jVrTEkQO7xE28ozRSTY8.jpg)
കണ്ണൂർ
കെപിസിസി പ്രസിഡന്റ് മത്സരിക്കുന്ന മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ 40,800 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുന്നിലാണ്.
കണ്ണൂർ എന്ന് കേൾക്കുമ്പോൾ,സി.പി.എം കോട്ട എന്ന പ്രതീതിയാണ് പൊതുവേ ഉണ്ടാവുക.കേരളത്തിലെ എണ്ണം പറഞ്ഞ സി.പി.എം നേതാക്കളിൽ ഏറെയും കണ്ണൂർകാരുമാണ്. എന്നാൽ,തെരഞ്ഞെടുപ്പുകളിൽ ആ പ്രഭാവം പലപ്പോഴും പ്രതിഫലിച്ചു കാണാറില്ല.കണ്ണൂർലോക്സഭ മണ്ഡലത്തിൽ നടന്ന 12 തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ എട്ടുതവണ വിജയിച്ചത് കോൺഗ്രസ്സാണ്.ഇത് ഒരു വൈരുധ്യമാണെങ്കിലും വസ്തുത അതാണ്.
കഴിഞ്ഞ തവണ വിജയിച്ച കെ.സുധാകരൻ തന്നെയാണ് ഇത്തവണയും യു.ഡി.എഫിലെ കോൺഗ്രസ് സ്ഥനാർഥി.എം.പി ആയ ശേഷമാണ് അദ്ദേഹം കെ.പി.സി.സി പ്രസിഡന്‍റായത്.താൻ എത്രയോ കാലമായി ആഗ്രഹിച്ചു നടന്ന കെ.പി.സി.സി പ്രസിഡന്‍റ് പദവി കിട്ടിയെങ്കിലും അതിൽ അത്ര ശോഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പാർട്ടിക്കു മാത്രമല്ല,അദ്ദേഹത്തിനു തന്നെയും തോന്നിത്തുടങ്ങിയിരുന്നു.എം.പിയുടെ ഭാരം ഒഴിച്ചുവച്ചാൽ നല്ല പ്രസിഡന്‍റാവാമെന്ന് കരുതിയാവണം ഇനി മത്സരിക്കാനില്ലെന്ന് നേരത്തേ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
പാർട്ടിയും അത് ഏറെക്കുറെ അംഗീകരിച്ച മട്ടായിരുന്നു.എന്നാൽ,ഒടുവിൽ അദ്ദേഹത്തിന്‍റെയോ പാർട്ടിയുടെയോ മനസ്സുമാറി,സുധാകരൻ തന്നെ സ്ഥനാർഥിയായി. മണ്ഡലം തിരിച്ചുപിടിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പാർട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജനെത്തന്നെ സ്ഥനാർഥിയാക്കാൻ സി.പി.എം തീരുമാനിച്ചത്.എം.എൽ.എ ആയും പാർട്ടി നേതാവായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും ഒക്കെ ഏൽപ്പിച്ച ചുമതലകൾ എല്ലാം ഭംഗിയായി നിർവഹിക്കുന്ന ജയരാജന് കണ്ണൂരിൽ ജയിക്കുന്ന ജോലിയും വിജയകരമായി ചെയ്യാനാവുമെന്നാണ് പാർട്ടി കരുതുന്നത്.
മണ്ഡല പരിധിയിൽ വരുന്ന തളിപ്പറമ്പ്, അഴിക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ നിയസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും ഇരിക്കൂറിൽ യു.ഡി.എഫുമാണ് ജയിച്ചത്.കോൺഗ്രസ്സിൽ നിന്നു വന്ന സി.രഘുനാഥാണ് ബി.ജെ.പി സ്ഥനാർഥി.ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു.ഇത്തവണ 12 പേരാണ് മത്സരരംഗത്ത്.
2019
കെ.സുധാകരൻ (കോൺഗ്രസ്) -5,29,741
പി.കെ ശ്രീമതി (സി.പി.എം) -4,35,182
സി.കെ.പത്മനാഭൻ (ബി.ജെ.പി)-68,509
ഭൂരിപക്ഷം-94,559
/indian-express-malayalam/media/media_files/xV7LkRKX7ETEW93b7GkF.jpg)
കാസർഗോഡ്
യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ 15,000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.
സ്ഥാനാർഥിയെ നിർത്തിയാൽ മതി അവർ അങ്ങ് ജയിച്ചോളം എന്നായിരുന്നു കാസർഗോഡിനെക്കുറിച്ചുള്ള സി.പി.എമ്മിന്‍റെ ചിന്ത. 30 വർഷമായി അത് ശരിയുമായിരുന്നു. എന്നാൽ,കഴിഞ്ഞ പ്രാവശ്യം സംഭവിച്ചത് നേരെ മറിച്ച്.ജയിച്ചത് കോൺഗ്രസ്, തോറ്റത് സി.പി.എം.
ഇതിൽ സി.പി.എം മാത്രമല്ല,ജയിച്ച കോൺഗ്രസ്സിലെ രാജ്മോഹൻ ഉണ്ണിത്താനും ഞെട്ടി. കാരണം തോൽക്കാനായി നേതൃത്വം കൊടുക്കുന്ന സീറ്റായിട്ടാണ് അതുവരെ കോൺഗ്രസ്സുകാർ കാസർകോടിനെ കരുതിയിരുന്നത്. മത്സരിച്ച നിയമസഭാ സീറ്റുകളിലെല്ലാം തോറ്റ ഉണ്ണിത്താന് ആദ്യമായി പാർട്ടി കൊടുത്ത ലോകസഭാ സീറ്റായിരുന്നു അത്. എന്നാൽ അവിടെ ജയിക്കാനായിരുന്നു ഉണ്ണിത്താന്‍റെ യോഗം. അങ്ങനെ ജയിച്ചിടത്ത് വീണ്ടും ജയിക്കാനാണ് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്.കൊല്ലംകാരനായ അദ്ദേഹം കാസർകോടുകരാനായിട്ടാണ് കഴിഞ്ഞ അഞ്ചുവർഷവും ജീവിച്ചത്. അതിനാൽ അവർ വീണ്ടും ഉൾക്കൊള്ളുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്‍റെ മോഹം.
കഴിഞ്ഞ തവണ സംഭവിച്ചത് ഒരു അബദ്ധമായിരുന്നുവെന്ന് വിശ്വസിക്കുന്ന സി.പി.എം ഇത്തവണ പാർട്ടി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെയാണ് സ്ഥനാർഥിയായി നിർത്തിയിരിക്കുന്നത്. പ്രഥമാധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായ ബാലകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തന മികവിന് രാഷ്പ്രതിയുടെയും സംസ്ഥാന സർക്കാറിന്‍റെയും അവാർഡുകൾക്കും അർഹനായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജനകീയത ജനങ്ങൾക്ക് സ്വീകാര്യമാവുമെന്നാണ് സി.പി.എമ്മിന്‍റെ പ്രതീക്ഷ.
ബി.ജെ.പിക്ക് നല്ല വേരോട്ടമുള്ള മണ്ഡലത്തിൽ എം.എൽ അശ്വനിയാണ് സ്ഥാനാർഥി.മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം േബ്ലാക്ക് പഞ്ചായത്ത് അംഗവുമാണ്. മണ്ഡല പരിധിയിൽ വരുന്ന ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ,പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫും മഞ്ചേശ്വരം,കാസർകോട് എന്നിവടങ്ങളിൽ യു.ഡി.എഫിനുമായിരുന്നു വിജയം.
2019
രാജ്മോഹൻ ഉണ്ണിത്താൻ (കോൺഗ്രസ്) -4,74,961
കെ.പി സതീഷ് ചന്ദ്രൻ (സി.പി.എം)-4,34,523
രവീശ തന്ത്രി കുണ്ടാർ(ബി.ജെ.പി)-1,76,049
ഭൂരിപക്ഷം-40,438
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us