/indian-express-malayalam/media/media_files/uploads/2021/09/portugal-candidate.jpg)
പൊതു തിരഞ്ഞെടുപ്പുകളേക്കാള്‍ വീറും വാശിയുമാണു നമ്മുടെ നാട്ടിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍. കണ്ടാണിശേരി മറ്റൊരു തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. തിരഞ്ഞെടുപ്പ് നടക്കുന്നത് ഇവിടെയല്ല, അങ്ങ് പോര്‍ച്ചുഗലിലാണെന്നു മാത്രം.
തൃശൂര്‍ കുന്നംകുളത്തെ കണ്ടാണിശേരി പ്രദേശവും പോര്‍ച്ചുഗലിലെ തിരഞ്ഞെടുപ്പും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിച്ചാല്‍ ഉത്തരം രഘുനാഥ് കടവനൂര്‍ എന്നാണ്. ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മത്സരിച്ചവർക്കുവേണ്ടി 11 വർഷം മുൻപ് കണ്ടാണിശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന രഘുനാഥ് ഇപ്പോൾ അതേ ചിഹ്നത്തിൽ പോർച്ചുഗലിലെ സ്ഥാനാർഥിയാണ്. അവിടുത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ലിസ്ബണ്‍ ജില്ലയിലെ കഥവാല്‍ മുനിസിപ്പല്‍ അസംബ്ലിയിലേക്കും ഇതിനു കീഴിലുള്ള വെര്‍മേല പഞ്ചായത്ത് ഭരണസമിതിയിലേക്കും മത്സരിക്കുകയാണ് രഘുനാഥ്.
നേരത്തെ സിപിഎം കണ്ടാണിശേരി ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള നോര്‍ത്ത് നമ്പഴിക്കാട് ബ്രാഞ്ച് അംഗമായിരുന്ന രഘുനാഥ്, പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (പിസിപി)യുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. സെപ്റ്റംബര്‍ 26നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ പിസിപിയും പരിസ്ഥിതി സംരക്ഷണ പാര്‍ട്ടിയായ പിഇവിയും സിഡിയു എന്ന പേരിൽ സഖ്യമായാണ് ജനവിധി തേടുന്നത്.
/indian-express-malayalam/media/media_files/uploads/2021/09/Raghunath-Kadavanoor.jpg)
ഇടതുപക്ഷ പാര്‍ട്ടിയായ ബ്ലോക്ക് ഇഷ്‌കെര്‍ദ, സോഷ്യലിസ്റ്റ് പാര്‍ട്ടിയായ പിഎസ്, വലതുപക്ഷ പാര്‍ട്ടിയായ പിഎസ്ഡി, ദേശീയവാദി പാര്‍ട്ടിയായ ഷേഗ എന്നിവയാണ് പോര്‍ച്ചുഗലിലെ മറ്റു പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍.
Also Read: ബിസ്മില്ല ഹോട്ടല്‍: മലയാളി എഴുതിയ ദോഹയുടെ മേല്‍വിലാസം
വിദേശ കുടിയേറ്റക്കാർ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുമെന്ന വംശീയ പാര്‍ട്ടിയുടെ പ്രചാരണത്തിനെതിരായ നിലപാടാണ് താന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ഥിത്വമെന്നു രഘുനാഥ് പോര്‍ച്ചുഗലില്‍നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നു വന്ന് പൗരത്വം നേടിയവര്‍ ഉള്‍പ്പടെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്ന വംശീയതയ്‌ക്കെതിരായ സമീപനമാണു കമ്യൂണിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളുന്നതെന്നും രഘുനാഥ് പറഞ്ഞു.
പഞ്ചായത്ത് പാനല്‍, മുനിസിപ്പല്‍ അസംബ്ലി, മുനിസിപ്പല്‍ പ്രസിഡന്റ് എന്നിങ്ങനെ മൂന്ന് വോട്ടാണ് പോര്‍ച്ചുഗല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഒരാള്‍ ചെയ്യേണ്ടത്. മുനിസിപ്പല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലൊഴികെ സ്ഥാനാര്‍ഥികള്‍ക്കല്ല, മറിച്ച് പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന പാനലിനാണു വോട്ട് ചെയ്യുന്നത്. ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന വോട്ടിന്റെ ശതമാനത്തിന് അനുസരിച്ച് അംഗങ്ങളെ പഞ്ചായത്ത് പാനലിലേക്കും മുനിസിപ്പല്‍ അസംബ്ലിയിലേക്കും പാര്‍ട്ടികള്‍ക്കു ജയിപ്പിക്കാന്‍ കഴിയും.
/indian-express-malayalam/media/media_files/uploads/2021/09/raghunath-portugal-1.jpg)
18 ജില്ലകളിലായി 308 മുനിസിപ്പാലിറ്റികളും അവയ്ക്കു കീഴിലായി 3092 പഞ്ചായത്തുകളാണു പോര്‍ച്ചുഗലിലുള്ളത്. സ്ഥല വിസ്തീര്‍ണം, ജനസംഖ്യ എന്നിവയെ അടിസ്ഥാനപ്പെടുത്തി അഞ്ചു മുതല്‍ പത്തുവരെ പഞ്ചായത്തുകള്‍ ഒരു മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടാം.
Also Read: പിടി ഉഷയെ ഓടിത്തോല്‍പ്പിച്ച ‘ഏഴാം ക്ലാസുകാരി’; 44 വര്‍ഷം മുന്‍പത്തെ ഓർമയിൽ ലീല
കേരളത്തിലെ പോലെ രാഷ്ട്രീയം സിരകളിലോടുന്ന ജനതയല്ല പോര്‍ച്ചുഗീസുകാരെങ്കിലും രഘുനാഥിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായ വ്യത്യാസമില്ല. ''നാട്ടിലേതു പോലെ സ്‌ക്വാഡുകളായി വീടുകയറി നോട്ടിസ് നല്‍കിയുള്ള പ്രചാരണം പോര്‍ച്ചുഗലിലുമുണ്ട്. പ്രചാരണ പോസ്റ്ററുകൾ പതിക്കലുമുണ്ട്. അനുവാദമുള്ള സ്ഥലത്ത് മാത്രമേ പോസ്റ്റര്‍ പതിക്കാന്‍ കഴിയൂ. നാട്ടില്‍ പത്തും ഇരുപതും ആളുകളുള്ള സ്‌ക്വാഡുകളായി പ്രചാരണം നടത്തുമ്പോള്‍, ഇവിടെയത് അഞ്ചുപേരില്‍ ഒതുങ്ങും. രാഷ്ട്രീയപ്രവര്‍ത്തകരും സ്ഥാനാര്‍ഥികളുമെല്ലാം ജോലിക്കു പോകുന്നവരാണ്. ജോലിയില്ലാത്ത സമയത്താണ് പ്രചാരണം,'' രഘുനാഥ് പറഞ്ഞു.
''കേരളത്തിലേതു പോലെ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകര്‍ പോര്‍ച്ചുഗലില്‍ കുറവാണ്. ഓരോ മേഖലയുടെയും കാര്യങ്ങള്‍ നോക്കാന്‍ ഓരോ ആളെ പാര്‍ട്ടി നിയോഗിക്കാറുണ്ട്. ഇവരാണ് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍. പാര്‍ട്ടി ഓഫിസുകളിലും എപ്പോഴും ആളുണ്ടാവണമെന്നില്ല. വലതുപക്ഷ പാര്‍ട്ടികള്‍ മിക്കപ്പോഴും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമാണ് ഓഫിസുകള്‍ തുറക്കാറുളള്ളത്,'' രഘുനാഥ് പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2021/09/raghunath-portugal-2.jpg)
വെര്‍മേല പഞ്ചായത്തില്‍ താമസക്കാരനായ രഘുനാഥിന് അടുത്തകാലത്താണ് പോര്‍ച്ചുഗല്‍ പൗരത്വം ലഭിച്ചത്. അതിനു പിന്നാലെയാണു സ്ഥാനാര്‍ഥിയാൻ പാർട്ടി നിയോഗിച്ചത്. ഇടതുപക്ഷത്തിനു വലിയ മുന്നേറ്റ സാധ്യതയുള്ള മേഖലയല്ല വെര്‍മേല പഞ്ചായത്ത് ഉള്‍പ്പെടുന്ന കഥവാല്‍ മുനിസിപ്പാലിറ്റിയെന്നു രഥുനാഥ് പറഞ്ഞു. ചെറുകിട, വന്‍കിട കര്‍ഷകരാണ് വര്‍മേലയിലെ പ്രധാന വോട്ടര്‍മാര്‍. പിയര്‍, മുന്തിരി കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്.
Also Read: കന്നിയിൽ ‘താലികെട്ട്;’ ആസിഡിന് കൂട്ടായി ജാന്‍വി
നമ്പഴിക്കാട് കടവനൂർ പരേതനായ ചന്ദ്രമോഹന്റെയും രമണിയുടെയും മകനായ രഘുനാഥ് 2010ലാണ് പോര്‍ച്ചുഗലില്‍ എത്തുന്നത്. അതിനു മുൻപ് കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. പോർച്ചുഗലിൽ 2018 വരെ 'എഡിറ്റോറ ഇസ്‌ക്രിവനിഞ്ഞ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തില്‍ പബ്ലിക് റിലേഷൻ ഓഫിസറായി ജോലി ചെയ്തു. രണ്ടുവര്‍ഷം മുന്‍പ് ഈ ജോലി വിട്ട അദ്ദേഹം നിലവില്‍ റസ്‌റ്റോറന്റ് മാനേജറായി പ്രവര്‍ത്തിക്കുകയാണ്. പോര്‍ച്ചുഗലില്‍ എത്തിയ കാലം മുതല്‍ രഘുനാഥിന് പിസിപി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്നു.
''ഇസ്റ്റാദോ നോവോ'' എന്ന ഏകാധിപത്യ വാഴ്ചയ്ക്ക് അറുതിവരുത്തിക്കൊണ്ട് പോര്‍ച്ചുഗീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും പട്ടാളവും ചേര്‍ന്നു നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് 1975 ഏപ്രില്‍ 25നു പോര്‍ച്ചുഗല്‍ ജനാധിപത്യ പാതയിലേക്കു കടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.