1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്സ്. ഓഗസ്റ്റ് എട്ടിനു പുലര്‍ച്ചെ നടന്ന 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ വ്യത്യാസത്തില്‍ സംഭവിച്ച പിടി ഉഷയുടെ മെഡല്‍ നഷ്ടം ഇന്നും ഇന്ത്യയുടെ തീരാവേദനയാണ്. അതിനു മുന്‍പും ശേഷവും ഇന്ത്യയ്ക്കുവേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ പയ്യോളി എക്സ്പ്രസിനെ ഓടിത്തോല്‍പ്പിച്ച ഒരാളുണ്ട് ഉഷയുടെ നാടിനു തൊട്ടരികെ.
1977ലെ വടകര സബ്ജില്ലാ സ്കൂള്‍ സ്പോര്‍ട്സ് മീറ്റിലായിരുന്നു വാശിയേറിയ ആ മത്സരം. പിടി ഉഷയെ അന്ന് തോല്‍പ്പിച്ചത് കോഴിക്കോട് വെങ്ങളം സ്വദേശിനി ലീലയെന്ന ഏഴാം ക്ലാസുകാരിയാണ്. വെങ്ങളം യുപി സ്കൂളില്‍ പഠിക്കവെ ഏഴിനങ്ങളിലാണു ലീല, തൃക്കോട്ടൂര്‍ യുപി സ്കൂളിനെ പ്രതിനിധീകരിച്ച പിടി ഉഷയുമായി മത്സരിച്ചത്. ഏഴിലും തനിക്കായിരുന്നു വിജയമെന്നു ലീല പറയുന്നു. ഒരു വ്ളോഗര്‍ക്കു നല്കിയ അഭിമുഖത്തിലാണ് ലീല തന്റെ പ്രതാപകാലം ഓര്‍ത്തെടുക്കുന്നത്.
”ഏഴില്‍ പഠിക്കുമ്പോഴാണു പിടി ഉഷയെ തോല്‍പ്പിച്ചത്. പങ്കെടുത്ത ഏഴ് ഇനങ്ങളിലും എനിക്കായിരുന്നു വിജയം. ഉഷ രണ്ടാംസ്ഥാനത്തായിരുന്നു. 400 മീറ്റര്‍ റിലേയില്‍ ഉഷയുമായി ഇടിച്ച് എന്റെ റിലേ വടി താഴെ വീണു. അത് എടുത്ത് ഓടിയാണ് മുന്പിെലത്തിയത്. ആ വര്‍ഷം 36 പോയിന്റാണ് ഞാന്‍ വെങ്ങളം യുപിക്ക് സമ്മാനിച്ചത്,” ലീല ഓര്‍ത്തെടുക്കുന്നു.
Read More: മമ്മൂക്കയെ കണ്ടാൽ എത്ര പ്രായം തോന്നും?; വിദേശ രാജ്യങ്ങളിലുള്ളവർ പറയുന്നത് ഇതാണ്
പിടി ഉഷ ലോകം കണ്ട അത്ലറ്റായി മാറിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇങ്ങനെ വളരുമെന്നൊന്നും അന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ലീലയുടെ പ്രതികരണം. അന്ന് ചെറിയ മക്കളെ പോലെ കളിച്ചവരായിരുന്നു തങ്ങളെന്നു ചെറിയ ചിരിയോടെ ലീല പറഞ്ഞു.
പിടി ഉഷയ്ക്കു തന്നെ അറിയാമെന്നു പറഞ്ഞ ലീല, മൂന്നു തവണ അവരെ കാണാന്‍ പോയതായും കൂട്ടിച്ചേര്‍ത്തു. ഉഷയെ പോലെ ആവാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദന പേറുന്ന ലീല, കൃത്യമായ പരിശീലനം ലഭിച്ചിരുന്നെങ്കില്‍ താനും താരമാകുമായിരുന്നുവെന്നു കരുതുന്നു. തനിക്കു കഴിയാത്തതു വളര്‍ന്നുവരുന്ന തലമുറ നേടണമെന്ന് ആഗ്രഹിക്കുന്ന ലീല കുട്ടികള്‍ക്കു പരിശീലനം നല്‍കാറുണ്ട്.
വളരെ ചെറുപ്പത്തിലേ സ്പോര്‍ട്സില്‍ കമ്പമുണ്ടായിരുന്ന ലീല വെങ്ങളം സ്കൂളില്‍ ശങ്കരന് മാഷിനു കീഴിലാണ് പരിശീലിച്ചത്. അഞ്ചു മുതല്‍ ഏഴുവരെ ക്ലാസിലാണു സ്പോര്‍ട്സ് ഇനങ്ങളില്‍ മുഖ്യമായും പങ്കെടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കവെ പുറമേരി ഹൈസ്കൂളില്‍ നടന്ന സ്കൂള്‍ മീറ്റില്‍ ലീല മത്സരിച്ചിരുന്നു. ഇതിനിടെ കാലിനുള്ളിലുണ്ടായ വേദനയെത്തുടര്‍ന്ന് ഉടലെടുത്ത മടിയോടെയാണ് തന്റെ കായികപ്രകടനം അവസാനിച്ചതെന്ന് ലീല പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനവും നിന്നു.
Read More: രണ്ടു സെന്റിലൊരു കൊട്ടാരം; സോഷ്യൽ മീഡിയയിൽ ഹിറ്റായി മഞ്ജുക്കുട്ടന്റെ വീട്
കായികരംഗത്തെ ഇന്നും തന്റെ ജീവനായി കൊണ്ടുനടക്കുകയാണ് ലീല. കേരളോത്സവത്തിലും ഓണാഘോഷ മത്സരങ്ങളിലും ദീര്‍ഘദൂര ഓട്ടത്തില്‍ ഉള്‍പ്പെടെ മത്സരിച്ച് ഇപ്പോഴും നേട്ടങ്ങള്‍ തുടരുന്ന ലീല മകൾക്കും കുടുംബത്തിനുമൊപ്പം ചേമഞ്ചേരി കൊളക്കാട്ടാണു താമസം.