സേവ് ദ ഡേറ്റ് തരംഗമായി മാറിയ രണ്ടു പേരുടെ കല്യാണമാണിന്ന്, ആസിഡിന്റെയും ജാന്‍വിയുടെയും. സില്‍ക്ക് ഷര്‍ട്ടും മുണ്ടും അണിഞ്ഞ് ആസിഡ് കതിര്‍മണ്ഡലത്തിലെത്തിയപ്പോൾ കസവ് പട്ടുപാവാടയായിരുന്നു ജാന്‍വിയുടെ വേഷം.
ഇതിലൊക്കെ എന്ത് പുതുമ എന്നാണ് ചോദ്യമെങ്കില്‍ ഇതൊരു സാധാരണ കല്യാണമല്ല, നായക്കല്യാണമാണ്. അയ്യേ നായക്കല്യാണമോ എന്ന് നെറ്റിചുളിക്കാന്‍ തോന്നുവെങ്കില്‍ ബാക്കി വിശേഷങ്ങള്‍ അറിഞ്ഞാല്‍ അതിനു മുതിരില്ല.

തൃശൂര്‍ വാടാനപ്പിള്ളി പൊയ്യാറ ഷെല്ലിയുടെ വീട്ടിലെ നായയാണ് ആസിഡ്. വധു ജാന്‍വി പുന്നയൂര്‍ക്കുളത്തുകാരിയും. ഗുരുവായൂര്‍ കുന്നത്തുമന ഹെറിറ്റേജ് റിസോര്‍ട്ടില്‍ ഇന്നു രാവിലെ 11നും 12നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ഇവരുടെ വിവാഹം. പൂക്കള്‍ കൊണ്ട് അലങ്കരിച്ച കതിര്‍മണ്ഡപത്തില്‍ വച്ച് ഇരുവരുടെയും കഴുത്തില്‍ മാലയണിയിച്ചു. പട്ടികള്‍ക്ക് ഉത്തമകാലമായ കന്നിമാസം പിറന്നതോടെയാണ് ഇവരുടെ വിവാഹമെന്ന പ്രത്യേകതയുമുണ്ട്.
ആസിഡിന്റെയും ജാന്‍വിയുടെയും ആളുകളായി 50 പേര്‍ക്കാണ് വിവാഹച്ചടങ്ങിലേക്കു ക്ഷണം ലഭിച്ചത്. അതിഥികള്‍ക്കായി ഭക്ഷണവുമൊരുക്കിയിരുന്നു. ആസിഡിന്റെയും ജാന്‍വിയുടെയും ഇഷ്ടം കണക്കിലെടുത്ത് ചിക്കന്‍ ബിരിയാണിയും ചിക്കന്‍ ഫ്രൈയും മെനുവിൽ ഉൾപ്പെടുത്തി. വിവാഹച്ചടങ്ങുകള്‍ക്കുശേഷം ആസിഡിന്റെ വീടായ വാടാനപ്പള്ളിയിലേക്കാണു നവദമ്പതികള്‍ പോയത്.

കല്യാണപ്രായമെത്തിയ ആസിഡിനൊരു കൂട്ട് കണ്ടെത്താനുള്ള ശ്രമത്തിനൊടുവിലാണ് ഷെല്ലിയും ഭാര്യ നിഷയും പുന്നയൂര്‍ക്കുളത്തെ വീട്ടിലെത്തിയത്. പ്രഥമദര്‍ശനത്തില്‍ തന്നെ ആസിഡിനു ജാന്‍വിയെ ഇഷ്ടപ്പെട്ടതോടെ ഷെല്ലിയും നിഷയും ‘ഹാപ്പി’. തുടർന്ന് ജാൻവിയെ വാങ്ങി.

കുലമഹിമ കൂടി നോക്കിയുള്ള പെണ്ണാലോചന മൂന്നു മാസം മുന്‍പാണ് ജാന്‍വിയില്‍ എത്തിനിന്നത്. കന്നിമാസം ആവാന്‍ കാത്തതാണു വിവാഹം അല്‍പ്പം വൈകാന്‍ കാരണം. ഇതിനിടെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടും വിഡിയോയും തകര്‍ത്തു. അവ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി.
Also Read:പിടി ഉഷയെ ഓടിത്തോല്‍പ്പിച്ച ‘ഏഴാം ക്ലാസുകാരി’; 44 വര്‍ഷം മുന്‍പത്തെ ഓർമയിൽ ലീല