scorecardresearch

Tripunithura Blast: തൃപ്പൂണിത്തുറ സ്ഫോടനം; ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് വൈകിട്ടോടെ മരിച്ചത്

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് വൈകിട്ടോടെ മരിച്ചത്

author-image
WebDesk
New Update
Tripunithura Blast

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയ്ക്ക് അടുത്ത് പുതിയകാവ് വടക്കുപുറം ഊരക്കാട്ടുള്ള ക്ഷേത്രത്തിന്റെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് വൈകിട്ടോടെ മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് നേരത്തെ മരിച്ചത്. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാവിലെ പത്തരയോടെയാണ് ആറ് തുടർസ്ഫോടനങ്ങൾ ഉണ്ടായത്. ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങൾ ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

Advertisment

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് മരിച്ചത്. ഇയാൾക്ക് സ്ഫോടനത്തിൽ സാരമായി പരിക്കേറ്റിരുന്നു. 45ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സ്ഫോടനങ്ങൾക്ക് പിന്നാലെ ഭൂകമ്പത്തിന് സമാനമായ കുലുക്കമുണ്ടായെന്ന് പ്രദേശവാസികൾ പറഞ്ഞു. പടക്കം കൊണ്ടുവന്ന ഒരു ലോറിയും മറ്റു രണ്ട് കാറുകളും പൂർണമായി കത്തിനശിച്ചു. സമീപത്തെ കടകളിലേക്കും തീപടർന്നു. തൊട്ടടുത്തുള്ള വീടുകൾ ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. പുതിയകാവ് വടക്കുപുറം എൻ.എസ്.എസ് കരയോഗത്തിന് കീഴിലുള്ള ക്ഷേത്രത്തിലേക്കാണ് ഉത്സവത്തിന്റെ ഭാഗമായി വെടിമരുന്നും പടക്കവും രഹസ്യമായി എത്തിച്ചത്. ഇതിന് അനുമതി നൽകിയിരുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

tripunithura blast
തൃപ്പൂണിത്തുറ പുതിയകാവിലെ സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ

നിരവധി വീടുകളുടെ മേൽക്കൂരയും ജനൽചില്ലുകളും തകർന്നിട്ടുണ്ട്. പടക്കം കൊണ്ടുവന്ന വാഹനത്തിന് പുറമെ സമീപത്തുണ്ടായിരുന്ന രണ്ട് കാറുകളും പൂർണമായും കത്തിനശിച്ചു. അരക്കിലോ മീറ്റർ ചുറ്റുവട്ടത്തുള്ള വീടുകളിൽ വരെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് കിലോമീറ്റർ അകലേക്ക് വരെ സ്ഫോടന ശബ്ദം കേൾക്കാമായിരുന്നു.

Advertisment

ജനൽ ചില്ലുകൾ തറച്ചാണ് ഒരു വീട്ടമ്മയ്ക്ക് പരിക്കേറ്റത്. ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമീപവാസികളുടെ അറിവില്ലാതെയാണ് ഈ പടക്ക സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത് ഒരു പ്രദേശവാസി പറഞ്ഞു.

അനുമതിയില്ലാതയാണ് ഈ പടക്കസംഭരണ കേന്ദ്രം പ്രവർത്തിച്ചതെന്ന് ഫയർ ഫോഴ്സ് അധികൃതരും പറഞ്ഞു. "രണ്ട് ദിവസത്തിനകം ഉപയോഗിക്കേണ്ട പടക്കങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലക്കാട് നിന്നും കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്," ഉദ്യോഗസ്ഥൻ ആരോപിച്ചു.

അതേസമയം, വർഷങ്ങളായി ഇവിടെ പടക്കം സൂക്ഷിച്ചുവരാറുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി പടക്കങ്ങൾ രഹസ്യമായാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

അവധി ദിവസമല്ലാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. ഇന്നലെ ഗൃഹപ്രവേശം നടന്നൊരു വീടിനും സ്ഫോടനത്തിൽ സാരമായി നാശനഷ്ടം നേരിട്ടു.

Read More

Blast Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: