scorecardresearch

തിരുവനന്തപുരത്ത് മത്സരിക്കാൻ സുഹാസിനി; സിപിഐക്ക് സ്ഥാനാർത്ഥിയെ ചൂണ്ടിക്കാട്ടി സിപിഎം

എം എൻ ഗോവിന്ദൻ നായർ, കെ വി സുരേന്ദ്രനാഥ്, പി കെ വാസുദേവൻ നായർ തുടങ്ങിയ തലപ്പൊക്കമുള്ള നേതാക്കളെ മത്സരിപ്പിച്ച ചരിത്രം സി പി ഐയ്ക്ക് ഉണ്ടെങ്കിലും, നിലവിൽ അങ്ങനെയൊരു സ്ഥാനാർത്ഥി ഇല്ലാത്ത പ്രതിസന്ധി സി പി ഐ നേരിടുന്നുണ്ട്

എം എൻ ഗോവിന്ദൻ നായർ, കെ വി സുരേന്ദ്രനാഥ്, പി കെ വാസുദേവൻ നായർ തുടങ്ങിയ തലപ്പൊക്കമുള്ള നേതാക്കളെ മത്സരിപ്പിച്ച ചരിത്രം സി പി ഐയ്ക്ക് ഉണ്ടെങ്കിലും, നിലവിൽ അങ്ങനെയൊരു സ്ഥാനാർത്ഥി ഇല്ലാത്ത പ്രതിസന്ധി സി പി ഐ നേരിടുന്നുണ്ട്

author-image
WebDesk
New Update
Suhasini Maniratnam

Suhasini Maniratnam

Kerala News, Lok Sabha Election 2024: വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ നടി സുഹാസിനിയെ കേരളത്തിൽ സ്ഥാനാർത്ഥിയാക്കാൻ നീക്കം.  തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേക്കാണ് സുഹാസിനിയുടെ പേര് പരിഗണിക്കപ്പെട്ടത്. തലസ്ഥാനത്തു നിന്ന് നാലാം തവണ ജനവിധി തേടുന്ന ശശി തരൂരിനെതിരെ സുഹാസിനിയെ മത്സരിപ്പിക്കാനാണ് സി പി എം ആലോചിച്ചത്.  സി പി ഐയുടെ മണ്ഡലമായ തിരുവനന്തപുരത്ത് സുഹാസിനിയെ മത്സരിപ്പിക്കാം എന്ന ആശയം സി പി എം നേതാക്കളിൽ ചിലർ മുന്നോട്ട് വച്ചു.  എന്നാൽ സി പി ഐ തങ്ങളുടെ തന്നെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുയാണ്.  മുൻ എം പി പന്ന്യൻ രവീന്ദ്രനാവും മത്സരിക്കുക എന്ന് വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ചു.

Advertisment

പാർട്ടി സ്ഥാനാർത്ഥി തന്നെ വേണം എന്ന് സി പി ഐ തീരുമാനിച്ചതിനു പിന്നിൽ, തങ്ങൾക്ക് നഷ്ടപ്പെട്ട 'ദേശീയ പാർട്ടി' പദവി വീണ്ടെടുക്കുക എന്ന ലക്ഷ്യവും ഉണ്ട്. 1925ൽ സ്ഥാപിതമായ സി പി ഐ, 1989ൽ ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെട്ടു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്ന് വന്ന പശ്ചിമ ബംഗാൾ, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും മോശം പ്രകടനത്തെ തുടർന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ സി പി ഐയുടെ ദേശീയ പാർട്ടി പദവി കഴിഞ്ഞ ഏപ്രിലിൽ പിൻവലിച്ചു. നിലവിൽ ലോക്സഭയിൽ സി പി ഐയ്ക്ക് രണ്ടു സീറ്റാണ് ഉള്ളത്.

ഒ എൻ വി മുതൽ സുഹാസിനി വരെ... തിരുവനന്തപുരത്ത് സി പി ഐക്ക് സ്ഥാനാർത്ഥിയെ ചൂണ്ടിക്കാട്ടി സി പി എം

ഇതാദ്യമായല്ല സി പി എം, സി പി ഐയ്ക്ക് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആശയം നൽകുന്നത്.  1989ൽ കവി ഓ എൻ വി കുറുപ്പിനെ സ്വതന്ത്ര സ്ഥാനാർത്ഥയായി മത്സരിപ്പിക്കുന്നതിൽ സി പി എമ്മിന് നിർണ്ണായകമായ പങ്കുണ്ടായിരുന്നു.  തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച  ഓ എൻ വി, കോൺഗ്രസിലെ എ ചാൾസിനോട് പരാജയപ്പെട്ടു.  ചാൾസിന്റെ തുടർച്ചയായ രണ്ടാം വിജയമായിരുന്നു അത്. 2014ൽ, ശശി തരൂർ രണ്ടാം തവണ മത്സരിക്കാൻ എത്തിയപ്പോൾ സി പി ഐ സ്ഥാനാർത്ഥിയാക്കിയത് ഡോ. ബെന്നറ്റ് എബ്രഹാമിനെയായിരുന്നു.  പേയ്മെന്റ് സീറ്റെന്ന വിവാദമുയർന്ന ഈ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സി പി എമ്മിന് പങ്കുണ്ട് എന്ന് ആരോപണവും ഉയർന്നിരുന്നു.  ആ തെരെഞ്ഞെടുപ്പിൽ സി പി ഐ തിരുവന്തപുരത്തെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ മുൻമന്ത്രിയായ സി ദിവാകരനെ സ്ഥാനാർത്ഥിയാക്കിയെങ്കിലും മുൻതവണത്തേക്കാൾ കുറച്ചു വോട്ടുകൾ കൂടുതൽ നേടാനായത്തല്ലാതെ മൂന്നാം സ്ഥാനത്തു നിന്നും കരകയറാൻ സി പി ഐയ്ക്ക് ആയില്ല.  എം എൻ ഗോവിന്ദൻ നായർ, കെ വി സുരേന്ദ്രനാഥ്, പി കെ വാസുദേവൻ നായർ തുടങ്ങിയ തലപ്പൊക്കമുള്ള നേതാക്കളെ മത്സരിപ്പിച്ച ചരിത്രം സി പി ഐയ്ക്ക് ഉണ്ടെങ്കിലും, നിലവിൽ അങ്ങനെയൊരു സ്ഥാനാർത്ഥി ഇല്ലാത്ത പ്രതിസന്ധി സി പി ഐ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സി പി എം പേര് മുന്നോട്ട് വയ്ക്കുന്നത്.  

Advertisment

ചെന്നൈയിൽ സ്ഥിരതാമസമായ സുഹാസിനി ഇത് വരെ സജീവരാഷ്ട്രീയത്തിലില്ല. സിനിമാ പ്രവർത്തനങ്ങളും അവർ നേതൃത്വം നൽകുന്ന 'നാം ഫൌണ്ടേഷൻ' എന്ന എൻ ജി ഓയുടെ നടത്തിപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലെ ഇടതു സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. അപ്പോഴെല്ലാം കേരളത്തിലെ ഭരണമികവിനെ കുറിച്ചും കേരളം തനിക്ക് എത്ര മേൽ പ്രിയപ്പെട്ടതാണ് എന്നുമൊക്കെ അവർ സംസാരിച്ചിരുന്നു.

സുഹാസിനി-മണിരത്നം ദമ്പതികളുടെ മകൻ നന്ദൻ, രാഷ്ട്രീയത്തിൽ വളരെ താത്പര്യമുള്ള ആളാണ് എന്നും സി പി എമ്മിൽ വോളന്റീർ ആയി പ്രവർത്തിക്കുന്ന നന്ദൻ കേരളത്തിലെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള സി പി എം നേതാക്കളുമായി അടുത്ത് ഇടപെടുന്നുണ്ട് എന്നും ഈയടുത്ത് തളിപ്പറമ്പിൽ നടന്ന ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ എത്തിയ സുഹാസിനി പറഞ്ഞു. സുഹാസിനിയുടെ അച്ഛൻ ചാരുഹാസന്റെ സഹോദരൻ കമൽ ഹാസനും കേരളത്തിലെ സി പി എം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്.

In Other News

Lok Sabha Election 2024 Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: