/indian-express-malayalam/media/media_files/eMPIcm6PD2hRXdYPQnim.jpg)
1938 ലാണ് ബോധേശ്വരൻ കേരള ഗാനം രചിച്ചത്
'ജയ ജയ കോമള കേരള ധരണി' എന്ന് തുടങ്ങുന്ന അതിമനോഹരമായി കേരളത്തിന്റെ പ്രകൃതി ഭംഗിയേയും സാംസ്ക്കാരിക പൈതൃകത്തേയും വരച്ചിടുന്ന തരത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ രചിച്ചതാണ് കേരള ഗാനം. വളരെ മനോഹരമായ രീതിയിൽ എഴുതിയിരിക്കുന്ന ഈ ഗാനം ആ സ്വാതന്ത്ര്യ സമര കാലത്ത് പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത നേടിയിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ഹൃദയകുമാരി, സുഗതകുമാരി, സുജാതാദേവി എന്നിവരുടെ പിതാവ് കൂടിയാണ് ബോധേശ്വരൻ.
1938 ലാണ് ബോധേശ്വരൻ കേരള ഗാനം രചിച്ചത്. ഇന്ത്യക്ക് സ്വാതന്ത്യത്തിനായുള്ള പോരാട്ടം തുടരുന്നതിനൊപ്പം തന്നെ ഐക്യകേരളം എന്ന ആശയവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സമയമായിരുന്നു അത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോധേശ്വരൻ കേരള ഗാനം രചിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ബോധേശ്വരന്റെ കേരള ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഐക്യ കേരളത്തിന്റെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിച്ചത് കേരള ഗാനത്തോട് കൂടിയായിരുന്നു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് നിയമസഭയിൽ അന്ന് കേരളഗാനം ആലപിച്ചത്.
പുതിയ വിവാദം
എന്തുകൊണ്ടാണ് ഇപ്പോൾ ബോധേശ്വരനും അദ്ദേഹത്തിന്റെ കേരള ഗാനവും ചർച്ചയിലേക്ക് എത്തുന്നത്? ഇത്രയും മനോഹരമായ കേരള ഗാനം സ്വന്തമായിരിക്കേ മറ്റൊരു കേരള ഗാനത്തിനായി കേരള സാഹിത്യ അക്കാദമി മുന്നിട്ടിറങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ വിവാദം.
2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ബോധേശ്വരന്റെ കേരള ഗാനം സംസ്ഥാനത്തിന്റെ സാംസ്ക്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നു. കേരള ഗാനം സംസ്ഥാനത്തെ സ്കൂളുകളിൽ ആലപിക്കണമെന്ന് ഉത്തരവും പുറപ്പെടുവിച്ചിരുന്നതായി അന്നത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന കെ സി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ ഉത്തരവൊന്നും നടപ്പായില്ലെന്ന് മാത്രമല്ല കേരള ഗാനത്തെ വീണ്ടും മറക്കുന്ന സ്ഥിതി തുടരുകയും ചെയ്തു. പിന്നീട് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമാണ് പൊതുചടങ്ങുകളിൽ ആലപിക്കുന്നതിനായി ഒരു ഗാനം വേണമെന്നുള്ള ആവശ്യമുയർന്നത്. ഇതിനായി കേരള സാഹിത്യ അക്കാദമിയെ ചുമതല ഏൽപ്പിക്കുകയും ചെയ്തു.
ശ്രീകുമാരൻ തമ്പിയും കേരള ഗാന വിവാദവും
പുതിയൊരു കേരള ഗാനം രചിക്കാനായി പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയെയാണ് സാഹിത്യ അക്കാദമി സമീപിച്ചത്. ശ്രീകുമാരൻ തമ്പി ഗാനം എഴുതിക്കൊടുത്തതിന് ശേഷം "അക്കാദമി കവികളിൽ നിന്നും കേരള ഗാനം ക്ഷണിക്കുന്നു എന്ന പരസ്യം നൽകി... ഇതിനർത്ഥം എന്റെ പാട്ട് അവർ നിരാകരിച്ചു എന്നതാണല്ലോ..." ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.
നിലവിൽ കേരള ഗാനത്തിനായി അക്കാദമി തിരഞ്ഞെടുത്തിരിക്കുന്നത് ബി കെ ഹരിനാരായണന്റെ വരികളാണ്. ചലച്ചിത്ര രംഗത്തെ പ്രശസ്തനായ സംഗീത സംവിധായകൻ ബിജിബാൽ കേരള ഗാനത്തിനായി ഈണം നൽകും എന്നാണ് വിവരം.
കേരള ഗാനം മാറ്റാൻ മുമ്പും ശ്രമങ്ങൾ
ബോധേശ്വരന്റെ കേരള ഗാനത്തെ മറികടന്ന് മറ്റൊരു കേരള ഗാനം തയ്യാറാക്കുന്നതിനായി ഇതിന് മുമ്പും ശ്രമങ്ങൾ നടന്നിരുന്നു എന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം. 18 വർഷം മുമ്പ് സമാനമായ രീതിയിലുണ്ടായ നീക്കത്തിന് തടയിട്ടത് സുഗതകുമാരിയുടെ ഇടപെടലായിരുന്നു. 2006-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടാണ് അന്ന് പുതിയൊരു കേരളഗാനം തയ്യാറാക്കാനുള്ള ശ്രമം നടന്നത്.
പ്രധാനമന്ത്രിയുടെ ചടങ്ങില്‍ ആലപിക്കാനുള്ള 'കേരളഗാനം' എഴുതാന്‍ ഒരു പ്രമുഖ കവിയെ സാംസ്‌കാരിക വകുപ്പ് ചുമതലപ്പെടുത്തി. ഈ വിവരമറിഞ്ഞ് സുഗതകുമാരി ഇടപെടുകയായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥ സുധക്കുട്ടി കെ. എസ് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"കവിത എന്ന നിലയില്‍ കേരളഗാനം മനോഹരമാണെങ്കിലും ഗാനം എന്ന നിലയില്‍ അതിനെ ചിട്ടപ്പെടുത്തേണ്ടിയിരുന്നു. അതിനായി സുഗതകുമാരി തന്നെ മുൻകൈ എടുത്തു. പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനെയാണ് സുഗത കുമാരി ഇതിനായി സമീപിച്ചത്. അദ്ദേഹം ബോധേശ്വരന്റെ വരികള്‍ക്ക് ഈണം ചിട്ടപ്പെടുത്തി. ടീച്ചറുടെ അത്യുത്സാഹത്തില്‍ സംഗീത സംവിധായകനായ എം.ജി രാധാകൃഷ്ണന്‍ തല്‍ക്ഷണം ട്യൂണിട്ട് പാടി പ്രധാനമന്ത്രിയെ കേള്‍പ്പിക്കുന്നത് വരെ ഒപ്പം നിന്നു. പിതൃ സ്‌നേഹിയായ ആ മകള്‍.'' എന്നാണ് ഇതിനെ കുറിച്ച് സുധക്കുട്ടി കുറിച്ചത്.
അതിനുശേഷം, നൂറു കണക്കിന് പരിപാടികളില്‍ എം ജി രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ കേരള ഗാനം ആലപിക്കപ്പെട്ടു. സര്‍ക്കാര്‍ പരിപാടികളില്‍ മാത്രമല്ല, സ്വകാര്യ പരിപാടികളിലും കേരള ഗാനം ആലപിക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ് മലയാളികളെ അഭിസംബോധന ചെയ്യാനായി തിരഞ്ഞെടുത്തതും ബോധേശ്വരന്റെ കേരള ഗാനത്തിന്റെ ആദ്യ വരികളായിരുന്നു എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലും കേരള ഗാനാലാപനം
കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരത്ത് നടന്ന വന്ദേ ഭാരതിന്റേയും, കൊച്ചി വാട്ടർ മെട്രോയുടേയും ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്ള വേദിയിൽ ആലപിച്ച ഗാനവും ബോധേശ്വരന്റെ കേരള ഗാനം ആയിരുന്നു. ഇത് കൂടാതെ കേരള പിറവിയോടനുബന്ധിച്ചുള്ള ഭാഷാ വാരാചരണ ചടങ്ങുകളിലും കേരള ഗാനം ആലപിക്കുന്നത് പതിവാണ്.
Read more
- രാഷ്ട്രപതി ക്ഷേത്രം തുറക്കുന്നത് നെഹ്റു എതിർത്തതെന്തിന്? സോമനാഥ ക്ഷേത്രത്തിന്റെ ചരിത്രം ഇതാണ്
- ബുർജ് ഖലീഫ ലോകത്തെ ഏറ്റവും ഉയരവും ചെലവും കൂടിയ ബിൽബോർഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.