scorecardresearch

പ്രതിഷേധത്തിന് വഴങ്ങി സർക്കാർ; ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ പദവിയില്‍നിന്ന് മാറ്റി

സര്‍ക്കാര്‍ സര്‍വിസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുന്നതിന്റെ ഭാഗമാണു ശ്രീരാമിന്റെ നിയമനമെന്നാണു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നത്

സര്‍ക്കാര്‍ സര്‍വിസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുന്നതിന്റെ ഭാഗമാണു ശ്രീരാമിന്റെ നിയമനമെന്നാണു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നത്

author-image
WebDesk
New Update
Sriram Venkitaraman, KM Basheer

തിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങള്‍ക്കു പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. സപ്ലൈകോ ജനറല്‍ മാനേജറായാണു പുതിയ നിയമനം. ശ്രീറാമിനു പകരം വി ആര്‍ കൃഷ്ണ തേജ് ആലപ്പുഴ കലക്ടറാകും. നിലവില്‍ പട്ടികജാതി വികസന വകുപ്പ് ഡയരക്ടറാണ് കൃഷ്ണ തേജ്.

Advertisment

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തി കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മാധ്യപ്രവര്‍ത്തകര്‍ക്കു പുറമെ വിവിധ മുസ്ലിം സംഘടനകളും യു ഡി എഫും പരസ്യമായി തന്നെ പ്രതിഷേധമയുര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണു സര്‍ക്കാരിന്റെ മനംമാറ്റം.

ശ്രീറാമിന്റെ നിയമനത്തിനെതിരെ കേരള മുസ്ലീം ജമാഅത്തിെന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങളാണു പങ്കെടുത്തത്. ഇതും സി പി എമ്മുമായി ദീര്‍ഘകാലമായി ഉറ്റബന്ധത്തിലുള്ള കാന്തപുരം എപി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം അതൃപ്തി പ്രകടിപ്പിച്ചതും സര്‍ക്കാരിന്റെ മനം മാറ്റത്തിനു കാരണമായി. എ പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു ബഷീര്‍.

ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറും കൊടുവള്ളി മുന്‍ എം എല്‍ എ കാരാട്ട് റസാഖും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി വി അന്‍വര്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനു കത്തുനല്‍കിയിരുന്നു.

Advertisment

ശ്രീറാമിനെ നീക്കിയതിനു പിന്നാലെ ''സത്യം ജയിക്കും..സത്യമേ ജയിക്കൂ..
എന്റെ മുഖ്യമന്ത്രിക്കും.. എന്റെ മുന്നണിക്കും..എന്റെ പാര്‍ട്ടിക്കും..ഹൃദയാഭിവാദ്യങ്ങള്‍,''എന്ന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീറാമിനെ മാറ്റിയതിനെ സ്വാഗതം ചെയ്ത കാരാട്ട് റസാഖ് ''പിണറായി സര്‍ക്കാരിനു ഹൃദയാഭിവാദ്യങ്ങള്‍,'' എന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ''മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമന് വേണ്ടി ഇടതു പക്ഷത്തെ എക്കാലത്തും സഹായിക്കുന്ന പ്രസ്ഥാനത്തെ വേദനിപ്പിക്കുന്നത് നന്ദികേട് ആയിരിക്കും,'' എന്നാണ് കാരാട്ട് റസാഖ് നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറ്റപ്പെടുത്തിയിരുന്നു.

ആലപ്പുഴ ഉള്‍പ്പെടെ ജില്ലാ കേന്ദ്രങ്ങളില്‍ കേരള പത്രപ്രവര്‍ത്തകയൂണിയനും യു ഡി എഫും സമരവുമായി രംഗത്തുവന്നിരുന്നു. ശ്രീറാമിനെ മാറ്റുന്നതുവരെ സമരം തുടരുമെന്നും ബഹിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസും മുസ്ലി ലീഗും പ്രഖ്യാപിച്ചിരുന്നു.

ശ്രീറാം വെങ്കിട്ടറാമിനെതിരെ ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷനും പരാതി നല്‍കിയിരുന്നു. അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്ത ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി.

സര്‍ക്കാര്‍ സര്‍വിസിന്റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരുന്നതിന്റെ ഭാഗമാണു ശ്രീറാമിന്റെ നിയമനമെന്നാണു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നത്. എന്നാല്‍ ശ്രീറാമിനെ കലക്ടര്‍ പദവിയിലേക്കു പരിഗണിക്കാന്‍ ഇനി ധാരാളം സമയമുണ്ടെന്നു നിരവധി പേര്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഭാര്യ രേണുരാജിനെ എറണാകുളം കലക്ടറായി മാറ്റിക്കൊണ്ടാണ് ശ്രീറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ചിരുന്നത്. സപ്ലൈകോ ജനറല്‍ മാനേജറായി നിയമിതനാവുന്നതോടെ ഇനി ശ്രീറാമിന്റെ ചുമതലയും എറണാകുളത്താവും.

ശ്രീറാമിനു പകരമായി ആലപ്പുഴയില്‍ നിയമിതനാവുന്ന കൃഷ്ണതേജ് പ്രളയകാലത്ത് ഇതേസ്ഥലത്ത് സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. ടൂറിസം വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജയെ വിവാദത്തെത്തുടർന്നാണ് പട്ടികജാതി വികസന വകുപ്പ് ഡയരക്ടര്‍ സ്ഥാനത്തേക്കു ജൂൺ 29നാണു മാറ്റി നിയമിച്ചത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന കൃഷ്ണ തേജയുടെ സര്‍ക്കുലറാണു മാറ്റത്തിനു കാരണമായത്. ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന പി ബി നൂഹിനെയാണു കൃഷ്ണ തേജയ്ക്കു പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചത്.

Murder Case Collector Pinarayi Vijayan Alappuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: