ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കൾ. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂറും രംഗത്തെത്തി.
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും കാക്ടറാക്കരുതെന്നും എ എ ഷുക്കൂർ പറഞ്ഞു. ആലപ്പുഴ കളക്ടറായി ശ്രീറാമിനെ അംഗീകരിക്കില്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തിന് ആലപ്പുഴക്കാരുടെ തലയിൽ കെട്ടിവെയ്ക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും ചോദിച്ചു.
‘മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ട്’ എ എ ഷുക്കൂര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരാൾക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ സി വേണുഗോപാലും പ്രതികരിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് സർക്കാർ തീരുമാനമെന്നും അത് അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തേ ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരും നിയമനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നെന്നായിരുന്നു സലീമിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം.
കേരള പത്രപ്രവര്‍ത്തക യൂണിയനും നിയമനത്തില്‍ പ്രതിഷേധമറിയിച്ചു. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്ന് യൂണിയന് പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസമാണ് ആരോഗ്യവകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ചേർക്കപ്പെട്ട ആളായിരുന്നു ശ്രീറാം. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു ബഷീർ കൊല്ലപ്പെട്ടത്. അതിനുശേഷം സംഭവം മറച്ചുവെയ്ക്കാനും തന്റെ അധികാരം ഉപയോഗിച്ച് രക്ഷപ്പെടാനും കേസിൽ ശ്രീറാം ഇടപെട്ടതായും ആരോപണമുയര്‍ന്നിരുന്നു. സംഭവ സമയത്ത് മദ്യപിച്ചിരുന്ന ശ്രീറാം അത് മറച്ചുവയ്ക്കാൻ പരിശോധന വൈകിച്ചെന്നും അതിന് പൊലീസ് സഹായിച്ചെന്നും ആരോപണമുണ്ട്.
ശ്രീറാമിന്റെ സുഹൃത്ത് വഫാ ഫിറോസായിരുന്നു കേസിലെ മറ്റൊരു പ്രതി. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കേസിൽ ഒന്നാം പ്രതിയായ ശ്രീറാമിനെതിരെ ചുമത്തിയിരുന്നത്. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.