/indian-express-malayalam/media/media_files/2025/08/24/rahul-mamkootathil-controversy-2025-08-24-15-45-48.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനും തീരുമാനമുണ്ട്. പുതിയ അന്വേഷണ സംഘം നാളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് യോഗം ചേരുമെന്നാണ് റിപ്പോർട്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇതുവരെ എട്ടു പരാതികൾ ലഭിച്ചതായാണ് വിവരം. അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.
Also Read: വ്യാജ ഐഡി കാർഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്.
പ്രവർത്തകരുടെ ഫോണുകളും, സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രവർത്തകരുടെ വീടുകളിലായിരുന്നു പരിശോധന.
Also Read:സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് പ്രതികൾ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി അടുത്തബന്ധമുള്ള ഫെനി നൈനാൻ ആണ് ഒന്നാംപ്രതി. നിലവിൽ രാഹുൽ കേസിലെ പ്രതിയല്ല. എന്നാൽ, മുൻപ് ലഭിച്ച ഡിജിറ്റൽ തെളിവുകളിൽ രാഹുലിനെതിരായ ചില തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
Also Read: മത്സ്യബന്ധന മേഖലയിൽ കൂടുതലും അതിഥി തൊഴിലാളികൾ: സിഎംഎഫ്ആർഐ കണക്കുകൾ ഊതി പെരുപ്പിച്ചതെന്ന് ടിയുസിഐ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിൽ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വ്യാജ തിരിച്ചറിയൽ കാർഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് സൂചിപ്പിച്ചിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
Read More: നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ഇല്ല; ഭാര്യയുടെ ഹർജി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us