/indian-express-malayalam/media/media_files/XmR05FFn57NuSy6zyIHB.jpg)
ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്നറിയുകയാണ് പ്രധാന ശ്രമം
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നാവിക സംഘം ഇതുവരെ എത്തിയിട്ടില്ല.
നേവിക്ക് പുഴയിലെ ഡൈവിങ്ങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. കാർവാറിൽ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. പുഴയിൽ ഇന്ന് നാവിക സേന റഡാർ പരിശോധന നടത്തേണ്ടതായിരുന്നു. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്നറിയുകയാണ് പ്രധാന ശ്രമം. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധന നടത്തുമെന്നും വിവരമുണ്ടായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിൽ പുഴയിൽ ഒഴുക്ക് കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണമോയെന്ന കാര്യത്തിൽ ഇന്നത്തെ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു വിവരം. ഒഴുക്ക് കുറഞ്ഞതായി കണ്ടെത്തിയാൽ മുങ്ങൽ വിദഗ്ധർ പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിൽ കടന്ന് പരിശോധിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി പ്രദേശത്ത് മഴ മാറിനിൽക്കുന്നതും തിരച്ചിലിന് അനുകൂലമായിരുന്നു.
അർജുനും കാണാതായ രണ്ട് കർണാടക സ്വദേശികൾക്കുമായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ പുനഃരാരംഭിക്കാൻ കേരള സർക്കാരും കർണാടക സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. തിരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അർജുന്റെ കുടുംബത്തിന്റെ ആശങ്ക ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.
ജൂലൈ 16 നാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. തിരച്ചിലിൽ അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തിയിരുന്നു. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയത്. ട്രക്ക് പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണ്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.