/indian-express-malayalam/media/media_files/OatLWWzkAigyHVyM5UlR.jpg)
രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഭാവി കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: അടുത്ത തവണ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പില്ലെന്നും യുവാക്കൾക്ക് അവസരം നൽകുകയെന്ന തന്റെ തീരുമാനത്തിന്റെ ഭാഗമാണിതെന്നും നിയുക്ത എംപി ശശി തരൂർ. തന്റെ അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഭാവി കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മറുപടി നൽകി.
"ഇത് എന്റെ അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പാണ്. പൊതുജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അടുത്ത അഞ്ച് വർഷം എന്നെ തിരഞ്ഞെടുത്തയച്ച കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രയത്നിക്കും. അതിന് ശേഷം ഏതൊരു സാധാരണക്കാരനേയും പോലെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും പുസ്തകങ്ങൾ എഴുതാനും വായിക്കാനും ഒക്കെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. കേരളത്തിലെ പൊതുപ്രവർത്തനം എന്നാൽ അത് കുറച്ച് മുന്നൊരുക്കം വേണ്ട കാര്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാത്രമെ ഞാൻ മാറിനിൽക്കുകയുള്ളൂ. നിരവധി സാധ്യതകൾ ഇനിയും മുന്നിലുണ്ട്. മറ്റുള്ള കാര്യങ്ങൾ ഭാവിയിൽ തീരുമാനിക്കും. ," ശശി തരൂർ പറഞ്ഞു.
"2009ൽ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ തന്നെ എനിക്ക് ആരോഗ്യവും ഊർജ്ജവുമില്ലാത്ത കാലത്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് തീരുമാനിച്ചിരുന്നതാണ്. എന്റെ നിയോജകമണ്ഡലത്തിൽ ഇനിയൊരു മാറ്റം കൊണ്ടുവരാനാകില്ലെന്ന് എനിക്ക് തോന്നിയാൽ പിന്നീട് ഞാൻ അവരുടെ പ്രതിനിധിയാകില്ല. കാരണം എനിക്ക് അധികാരത്തിലും സ്ഥാനമാനങ്ങളിലും താൽപ്പര്യമില്ല. ഞാൻ എല്ലാത്തരം ലക്ഷ്വറിയും അനുഭവിച്ച് ജീവിച്ചയാളാണ്," തരൂർ പറഞ്ഞു.
"രാജ്യത്ത് യഥാർത്ഥ മനുഷ്യരായി ജീവിക്കുന്ന വ്യത്യസ്തരായ ജനവിഭാഗങ്ങൾക്കിടയിൽ എനിക്ക് പ്രവർത്തിക്കണം. അവർക്കായി എന്ത് മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നതിലാണ് എന്റെ ശ്രദ്ധ. എന്റെ മുൻകാലങ്ങളിലേത് പോലുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ നിന്ന് അത് വ്യത്യസ്തമാണ്," തരൂർ പറഞ്ഞു.
"തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായ നാല് തവണയും ജയിച്ച മറ്റാരുമില്ല. അതൊരു റെക്കോർഡാണ്. അതിൽ എനിക്ക് അഭിമാനവുമുണ്ട്. അവിടെ ആരേക്കാലും വലിയ ഇന്നിങ്സാണ് ഞാൻ കളിച്ചത്. ഇനി മറ്റൊരാൾ കടന്നുവരട്ടെ. രാഷ്ട്രീയത്തിൽ നിന്ന് പിന്മാറില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ നിന്ന് മാത്രമാണ് പിന്മാറുക," ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ എൻഡിഎയുടെ രാജീവ് ചന്ദ്രശേഖറിനേയും സിപിഐയുടെ പന്ന്യൻ രവീന്ദ്രനേയും തോൽപ്പിച്ചാണ് തരൂർ തുടർച്ചയായ നാലാം തവണയും പാർലമെന്റിലെത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ബിജെപി നേതാവ് 23,000 വോട്ടുകളുടെ ലീഡുമായി മുന്നിലായിരുന്നുവെങ്കിലും വോട്ടണ്ണലിന്റെ അവസാനഘട്ടത്തിൽ ലീഡ് തിരിച്ചുപിടിച്ച് തരൂർ യുഡിഎഫിന്റെ പ്രതീക്ഷ കാത്തിരുന്നു.
Read More
- സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
- തോൽവി താത്കാലിക പ്രതിഭാസം, പുതിയൊരു മന്ത്രി വരും: ഇ.പി ജയരാജന്
- രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് ഘടകകക്ഷികൾ; എൽഡിഎഫിൽ പ്രതിസന്ധി
- 'ഇടതുപക്ഷത്തിന്റെ കേന്ദ്രവിരുദ്ധ സമരങ്ങൾ ഗുണം ചെയ്തത് യുഡിഎഫിന്'; കെ. രാധാകൃഷ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.