scorecardresearch

ധീരജിന്റെ കൊലപാതകം അപലപനീയമെന്ന് മുഖ്യമന്ത്രി; കോണ്‍ഗ്രസ് കൊലക്കത്തി താഴെ വയ്ക്കണമെന്ന് കോടിയേരി

ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു

ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു

author-image
WebDesk
New Update
Kodiyeri Balakrishnan, Chennai Apollo hospital, CPM

തിരുവനന്തപുരം: ഇടുക്കി എന്‍ജിനിയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ അധ്യക്ഷ സ്ഥാനത്തെത്തിയതിന് ശേഷം സംസ്ഥാനത്ത് അക്രമരാഷ്ട്രിയമുണ്ടാകുന്നുവെന്നും പ്രകോപനം സൃഷ്ടിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

Advertisment

"കേരളത്തില്‍ സമാധാനം തകര്‍ന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് കൊല്ലത്തിനിടെ 21 സിപിഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ബിജെപി, എസ് ഡി പി ഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍. ഇനിയെങ്കിലും കൊലക്കത്തി താഴെ വയ്ക്കാന്‍ ഇവര്‍ തായാറാകാണം. കോണ്‍ഗ്രസിന്റെ സെമി കേഡര്‍ രീതിയിതാണെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകും," കോടിയേരി ചോദിച്ചു.

ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു.

കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൈശാചികമായ കൊലപാതകമാണ് ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റേത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് കൊലപാതകത്തിൽ പങ്കെടുത്തത് എന്നാണ് റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു.

Advertisment

Also Read: ധീരജിനു കുത്തേറ്റത് നെഞ്ചിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി; എസ് എഫ് ഐ നാളെ പഠിപ്പുമുടക്കും

എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. കൊലപാതകം കോണ്‍ഗ്രസിന്റെ നയമല്ലെന്നും സാഹചര്യം പരിശോധിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകങ്ങളും ഭീഷണിപ്പെടുത്തലും സിപിഎമ്മിന്റെ രീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ധീരജിന്റെ കൊലപാതകത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. ക്യാമ്പസുകളില്‍ കെ എസ് യു ഭീകരമാം വിധത്തില്‍ അക്രമം അഴിച്ചു വിടുകയാണ്. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി സമരം നടത്തുമെന്നും സച്ചിന്‍ദേവ് പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ധീരജ് എന്ന ഉശിരനായ വിദ്യാർത്ഥി നേതാവിനെയാണ് നഷ്ടമായത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിർത്താൻ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോൾ കെ എസ് യുവിന്റെ വിജയങ്ങൾ പഴങ്കഥയായി മാറി. കേരളീയ കലാലയങ്ങളുടെ മൂലയിൽ പോലും ഇടമില്ലാത്തവരായി ഇന്ന് കെ എസ് യു മാറിക്കഴിഞ്ഞു. എന്നിട്ടും കൊലക്കത്തി താഴെ വയ്ക്കാന്‍ ഇവര്‍ തയാറാകുന്നില്ല," സിപിഎം നേതാവ്‍ എം. സ്വരാജ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് കോളേജ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

Also Read: ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു

Kodiyeri Balakrishnan Pinarayi Vijayan Congress Political Killings Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: