തൊടുപുഴ: ഇടുക്കി എന്‍ജിനീയറിങ് കോളജ് തിരഞ്ഞെടുപ്പിനിടെ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ നെഞ്ചിലാണ് കുത്തേറ്റതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം സി വര്‍ഗീസ്. ആസൂത്രിതമായാണ് അക്രമം നടന്നതെന്നു വര്‍ഗീസും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എംഎല്‍എയും ആരോപിച്ചു. ശക്തമായ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട സച്ചിന്‍ദേവ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കുമെന്നും അറിയിച്ചു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ധീരജി(21)നു കോളജ് തിരഞ്ഞെടുപ്പിനിടെ ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തിലാണ് കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണു കോളജിനു പുറത്തുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റത്. മറ്റൊരാളുടെ നില ഗുരുതരമാണ്. ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപത്തായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്നവര്‍ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ധീരജിനെ കുത്തിയതെന്നു കരുതുന്ന മണിയാറംകുടി സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെ പൊലീസ് പിടൂകൂടി. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ ബസില്‍നിന്നാണു പിടികൂടിയതെന്നാണു പൊലീസ് അറിയിച്ചിരിക്കുന്നത്. ധീരജിനെ കൊലപ്പെടുത്തിയത് നിഖിലാണെന്ന് എസ്എഫ്‌ഐയും സിപിഎമ്മും ആരോപിച്ചിരുന്നു.
Also Read: ഇടുക്കി എൻജിനീയറിങ് കോളേജിൽ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ചു
നിഖില്‍ പൈലി ഓടി രക്ഷപ്പെടുന്നത് കണ്ടതായി സിപിഎം നേതാവും ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗവുമായ കെ ജി സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുത്തേറ്റ വിദ്യാര്‍ഥികളെ സത്യന്റെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജെറിന്‍ ജോജോയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഘര്‍ഷത്തെത്തുടര്‍ന്ന് ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. കോളേജിലും പ്രദേശത്തും വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് കുത്തേറ്റു മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അതിനിടെ, എറണാകുളം മഹാരാജാസ് കോളജിലും എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷം നടന്നു. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ട് കാമ്പസില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ തലയ്ക്കു സാരമായ പരുക്കേറ്റതായാണു വിവരം. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസിനു പുറമെ സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Also Read: എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം: കോണ്‍ഗ്രസ് കൊലക്കത്തി താഴെ വയ്ക്കണമെന്ന് കോടിയേരി